ദോഹ: ചാരവൃത്തി ആരോപിച്ച് ഭാരതത്തിന്റെ എട്ട് മുൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച ഉത്തരവിനെതിരേ ഭാരതം സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും വാദം കേൾക്കുന്ന തീയതി പിന്നീട് നിശ്ചയിക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന ഗോപകുമാർ രാഗേഷ്, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കുന്നത്. അല്‍ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എട്ടുപേരും. വ്യവസായ ആവശ്യങ്ങൾക്കായി ഖത്തിറിലെത്തിയവരാണിവർ. 2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്.
ഇവരെല്ലാം 20 വർഷത്തോളം ഭാരത നാവികസേനയിൽ പ്രവർത്തിച്ചവരും ഇൻസ്ട്രക്ടർമാർ ഉൾപ്പടെയുള്ള സുപ്രധാന പദവികളിൽ ഉണ്ടായിരുന്നവരുമാണ്. ഖത്തർ രഹസ്യാന്വേഷണ ഏജൻസിയാണ് ചാരപ്രവർത്തനത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. ഖത്തർ നാവികസേനയ്‌ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്‍ററി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം.
ജനുവരി 14 ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഏകാന്ത തടവിലാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബറിൽ മാത്രമാണ് ഇവരെ തടവിലാക്കിയ കാര്യം ദോഹയിലെ ഇന്ത്യൻ എംബസി അറിഞ്ഞത്. പലതവണ ഇവർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അതെല്ലാം തള്ളിയിരുന്നു. കഴിഞ്ഞ മാസം 26നാണ് ഇവരെ വധശിക്ഷയ്‌ക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: