കേരളത്തിലെ ജനങ്ങളുടെ സകല പ്രശ്നങ്ങളും പരിഹരിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നവകേരള സദസ്സിനായി നടത്തിക്കൊണ്ടിരിക്കുന്ന ആഡംബര ബസ് യാത്ര ഒന്നിനു പുറകെ ഒന്നായി വിവാദങ്ങളില്‍പ്പെടുകയാണ്. ശമ്പളം മുടങ്ങിയും ക്ഷേമ പെന്ഷന് ലഭിക്കാതെയും നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിലും ജനജീവിതം ദുസ്സഹമാവുകയും, സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ നികുതിപ്പണത്തില്‍നിന്ന് കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് ഇങ്ങനെയൊരു യാത്ര സംഘടിപ്പിക്കുന്നത് കടുത്ത അധികാര ദുര്‍വിനിയോഗവും ജനദ്രോഹവുമാണെന്ന വിമര്‍ശനം സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. മന്ത്രിസഭാംഗങ്ങളുടെ ആഡംബര യാത്രയ്ക്കെതിരെ പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ചത് അവരെ രക്ഷിക്കാനായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വിചിത്രമായ പ്രതികരണവും വിവാദത്തില്‍പ്പെട്ടു. ഇതിനുപിന്നാലെയാണ് യാത്രയെ സ്വീകരിക്കാനും മുഖ്യമന്ത്രിക്ക് ജയ് വിളിപ്പിക്കാനും പൊരിവെയിലത്ത് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കൊണ്ടുവന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. യാത്ര വന്‍വിജയമാണെന്നു കാണിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകം കൊണ്ടുവരികയായിരുന്നു. എന്നിട്ട് വിദ്യാര്‍ത്ഥികള്‍ ആവേശംകൊണ്ട് സ്വമേധയാ വന്ന് യാത്രയെ സ്വീകരിക്കുകയാണെന്ന് പ്രചാരണം നടത്തുകയാണ്. കുട്ടികളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത് ബാലാവകാശ നിയമപ്രകാരം തെറ്റാണ്. കോടതികള്‍ ഇത് വിലക്കിയിട്ടുള്ളതുമാണ്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് മുഖ്യമന്ത്രിയും കൂട്ടരും കരുതുന്നത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ക്യാപ്സൂള്‍ ഇറക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ നിര്‍ത്തിയത് വെയിലത്തല്ല, തണലത്താണെന്ന് മുഖ്യമന്ത്രി കണ്ടുപിടിച്ചിരിക്കുന്നു. പ്രതിഷേധക്കാരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചത് അവരെ രക്ഷിക്കാനാണെന്ന് പറഞ്ഞതിന്റെ തുടര്‍ച്ചയാണിതും. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്കുകയുണ്ടായി. ഒരു സ്കൂളില്‍നിന്ന് 200 കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാന്‍ മലപ്പുറത്ത് ഡിഇഒ വിളിച്ച യോഗത്തില്‍ പ്രധാനാധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കുകയുണ്ടായി. തീരുമാനത്തിനെതിരെ പ്രധാനാധ്യാപകര്‍ അതൃപ്തി അറിയിച്ചെങ്കിലും മുകളില്‍നിന്നുള്ള നിര്‍ദ്ദേശമാണിതെന്നായിരുന്നുവത്രേ ഡിഇഒയുടെ മറുപടി. വിദ്യാര്‍ത്ഥികളെ കൊണ്ടുവരണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി വേണമെന്നു പറഞ്ഞപ്പോള്‍ അതൊക്കെ സ്കൂളുകള്‍ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യണമെന്നായിരുന്നു പ്രതികരണം. കുട്ടികളെ കൊണ്ടുവരാന്‍ സ്കൂള്‍ ബസ് ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്കൂളുകള്‍ക്ക് പ്രാദേശിക അവധി നല്കാമെന്നായിരുന്നുവത്രേ ഡിഇഒയുടെ നിര്‍ദ്ദേശം. കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിനുവേണ്ടി കുട്ടികളെ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. മയക്കുമരുന്നു കേസില്‍പ്പെട്ട പ്രമുഖ പാര്‍ട്ടി നേതാവിന്റെ മകന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ബാലാവകാശ നിയമം ലംഘിക്കുന്നു എന്നു പറഞ്ഞ് ബഹളമുണ്ടാക്കിയവരാണ് മുഖ്യമന്ത്രിക്ക് ജയ് വിളിക്കാന്‍ പഠിപ്പു മുടക്കി കുട്ടികളെ പൊരിവെയിലത്ത് കൊണ്ടുവന്ന് നിര്‍ത്തിയത്.
ഏഴ് വര്‍ഷം അധികാരത്തിലിരുന്നുകൊണ്ട് നടത്തിയ കൊള്ളയുടെയും ജനദ്രോഹത്തിന്റെയും ചര്‍ച്ചകളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് ഇപ്പോള്‍ പരിഹരിക്കുമെന്നു പറയുന്ന പ്രശ്നങ്ങള്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ഇത്രകാലവും അതൊന്നും പരിഹരിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് മറുപടി ലഭിക്കേണ്ടതുണ്ട്. പരാതികള്‍ മന്ത്രിമാരല്ല, ഉദ്യോഗസ്ഥരാണ് സ്വീകരിക്കുന്നത്. അമര്‍ഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ജനങ്ങള്‍ മന്ത്രിമാരെ കയ്യില്‍ കിട്ടിയാല്‍ എന്തെങ്കിലും കടുംകൈ ചെയ്തുകളയുമെന്ന പേടിയാണ് ഇതിനുകാരണം. രാജാവിന്റെ നേതൃത്വത്തില്‍ ഇങ്ങനെയൊരു ഘോഷയാത്ര സംഘടിപ്പിച്ചാല്‍ പൊതുസമൂഹത്തെ കബളിപ്പിക്കാമെന്നാണ് സിപിഎമ്മും സര്‍ക്കാരും കരുതുന്നത്. എന്നാല്‍ ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല. പാര്‍ട്ടിക്കുവേണ്ടി പാര്ട്ടിക്കാര് നടത്തുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണ്. നവകേരള സദസ്സുകളില്‍ പാര്ട്ടിക്കാര് മാത്രം പങ്കെടുക്കുന്നത് ഇതിനു തെളിവാണ്. ഇതുപോലും നേതാക്കളുടെ ഭീഷണിയും സമ്മര്‍ദ്ദവും കൊണ്ടാണ്. നവകേരള സദസ്സിന് കുട്ടികളെ കൂട്ടത്തോടെ പങ്കെടുപ്പിച്ചാല്‍ പാര്‍ട്ടി പരിപാടി എന്ന പേരുദോഷം മാറ്റി ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കരുതിയത്. പ്രതിഷേധമുയര്‍ന്നതോടെ നിയമലംഘനം തിരിച്ചറിഞ്ഞ് ഇനി കുട്ടികളെ പങ്കെടുപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ അരുളപ്പാടുണ്ടായിരിക്കുന്നു. പ്രശ്നം ഇവിടെ അവസാനിക്കാന്‍ പാടില്ല. ബാലാവകാശ നിയമം ലംഘിച്ച് കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചതിന് ഇവരെ കോടതി കയറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: