തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് ഇ ഡി. മുന്‍ മന്ത്രി എ.സി. മൊയ്തീന്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. കേസില്‍ ഇവര്‍ക്കെതിരേ മുന്‍ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും നല്കിയ മൊഴികള്‍ നിര്‍ണായകമാണ്.
തട്ടിപ്പിന്റെ പ്രധാന കണ്ണി എ.സി. മൊയ്തീനെന്നാണ് മൊഴികളില്‍ നിന്നു വ്യക്തമാകുന്നത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ എ.സി. മൊയ്തീന്റെ പങ്കു തെളിയിക്കുന്ന രേഖകള്‍ കൈമാറിയിട്ടുണ്ട്. സുനില്‍കുമാറിനെ കേസില്‍ മാപ്പുസാക്ഷിയാക്കും. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയാണ് സുനില്‍കുമാര്‍.
റിമാന്‍ഡിലുള്ള പി.ആര്. അരവിന്ദാക്ഷന്, മൊയ്തീനും കണ്ണനുമെതിരേ മൊഴി നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എ.സി. മൊയ്തീനെന്നാണ് നിഗമനം. മുഖ്യപ്രതിയെന്ന് കരുതുന്ന സതീഷ്കുമാര്‍ മൊയ്തീന്റെ ബിനാമി മാത്രമാണ്. തട്ടിയെടുത്ത പണം സതീഷ്കുമാറിന്റെ ദേവി ഫിനാന്‍സിയേഴ്സ് എന്ന കമ്പനി വഴി നൂറിനു പത്തെന്ന മാസ പലിശക്കണക്കില്‍ പാവപ്പെട്ടവര്‍ക്ക് കടം നല്കി. പലിശ പിരിച്ചെടുക്കാന്‍ ഗുണ്ടകളെയും പോലീസിനെയും പാര്‍ട്ടിയെയും ഉപയോഗിച്ചു.
ദേവി ഫിനാന്‍സിയേഴ്സില്‍ നാലു കോടി രൂപ നിക്ഷേപിച്ചെന്ന് തന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയതായി പ്രവാസി വ്യവസായി പി. ജയരാജന് പറഞ്ഞിരുന്നു. താന്‍ പണം നിക്ഷേപിച്ചില്ല. നിക്ഷേപിച്ചതായി വ്യാജ രേഖയുണ്ടാക്കാന്‍ സമ്മതിച്ചു. എ.സി. മൊയ്തീന്റെ നിര്‍ദേശ പ്രകാരമായിരുന്നു അത്. നേരത്തേ ഇ ഡി ചോദ്യം ചെയ്യലില്‍ നാലു കോടി നിക്ഷേപിച്ചെന്നാണ് ജയരാജന് പറഞ്ഞത്. കഴിഞ്ഞ ദിവസം വീണ്ടും ഇ ഡി ചോദ്യം ചെയ്തപ്പോഴാണ് നിക്ഷേപിച്ചില്ലെന്നും അങ്ങനെ പറയാന്‍ സിപിഎം നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതാണെന്നും ജയരാജന് വ്യക്തമാക്കിയത്. കരുവന്നൂരില്‍ നിന്നു തട്ടിയെടുത്ത പണം മറയ്ക്കാനാണ് ഇത്തരമൊരു രേഖയുണ്ടാക്കിയതെന്നാണ് നിഗമനം.
മൊയ്തീന്റെ നിര്‍ദേശ പ്രകാരം തന്നെ ഗള്‍ഫില്‍ വന്നു കണ്ട പി.ആര്. അരവിന്ദാക്ഷന് 77 ലക്ഷം കൈമാറിയെന്നും ജയരാജന് നേരത്തേ പറഞ്ഞിരുന്നു. വ്യാപാര ആവശ്യത്തിനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. സതീഷ്കുമാറും കൂടെയുണ്ടായിരുന്നു. എം.കെ. കണ്ണന് പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്ക് വഴി കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി ഇന്നു ഹാജരാകണം
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ അവധി ആവശ്യം ഇ ഡി തള്ളി. ഇന്നു തന്നെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഇ ഡി അറിയിച്ചു. ഹാജരാകാന്‍ അസൗകര്യമായതിനാല്‍ വര്‍ഗീസ് അവധി ചോദിച്ചിരുന്നു. ഇതാണ് ഇ ഡി നിരാകരിച്ചത്. ഈ മാസം ഏഴിനാണ് 24ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരുന്നത്. ബാങ്കില്‍ നിന്ന് കോടികളുടെ ബിനാമി വായ്പകള്‍ അനുവദിച്ചത് സംബന്ധിച്ചാണ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: