ഷെന്‍സെന്‍: ചൈന മാസ്‌റ്റേഴ്‌സ് 2023 ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയും സാത്വിക് സായിരാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ലോക ഒന്നാം നമ്പര്‍ സഖ്യതാരങ്ങളായ ജപ്പാന്റെ അകിര കോഗ- തായിചി സായിറ്റോ ജോഡികളെ തകര്‍ത്താണ് പുരുഷ ഡബിള്‍സില്‍ ഭാരത താരങ്ങളായ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഭാര സഖ്യത്തിന്റെ പ്രീക്വാര്‍ട്ടര്‍ വിജയം. സ്‌കോര്‍: 21-15, 21-16. 46 മിനിറ്റുകള്‍കൊണ്ട് മത്സരം പൂര്‍ത്തിയായി.
ക്വാര്‍ട്ടറില്‍ ഇന്‍ഡോനേഷ്യന്‍ സഖ്യം ലിയോ റോളി കര്‍നാന്‍ഡോ-ഡാനിയേല്‍ മാര്‍ത്തിന്‍ ആണ് ഭാരതത്തിന്റെ എതിരാളികള്‍. സാത്വികും ചിരാഗും ചേര്‍ന്ന് ഇതിന് മുമ്പ് മൂന്ന് തവണയാണ് ഇരുവരെയും നേരിട്ടത്. മൂന്നിലും ഇന്‍ഡോനേഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്.
പുരുഷ സിംഗിള്‍സിലെ ലോക എട്ടാം നമ്പര്‍ താരം പ്രണോയി ഡെന്‍മാര്‍ക്കിന്റെ മാഗ്നസ് ജോഹാന്നെസെനിനെ കീഴടക്കിയാണ്‍ പ്രീക്വാര്‍ട്ടര്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 21-12, 21-18.
ക്വാര്‍ട്ടറില്‍ ജപ്പാന്റെ കൊഡായി നരോക്കയാണ് 31കാരനായ പ്രണോയിയുടെ എതിരാളി. ഇരുവരും അവസാനം ഏറ്റുമുട്ടിയത് ഇക്കൊല്ലത്തെ ഇന്‍ഡോനേഷ്യന്‍ ഓപ്പണിലാണ്. അന്ന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: