ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അവസാനിച്ചു. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണത്തിന്റെ അവസാന ദിനം രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചാരണം കൊഴുപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്‌സമന്ദ് ജില്ലയിലെ ദിയോഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജയ്പൂരില്‍ പ്രചാരണം നടത്തി. വസുന്ധര രാജെ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരുള്‍പ്പെടെ ബിജെപിയിലെ മറ്റ് നിരവധി മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പൊതുയോഗങ്ങളും റോഡ് ഷോകളും നടത്തി.
വോട്ടെടുപ്പ് നടത്താനുള്ള എല്ലാ ഒരുക്കങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ 199 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി വെളളിയാഴ്ച രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. കമ്മ്യൂണിറ്റി ഹൗസുകള്‍, ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ധര്‍മശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന പുറത്തുനിന്നുള്ളവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിവിധ സ്ഥലങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് പുറത്തുനിന്നുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: