ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ക്ഷേത്രം തെലങ്കാനയിലെ സിദ്ധിപേട്ടിൽ അനാച്ഛാദനം ചെയ്തു. ഹൈദരാബാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അപ്സുജ ഇന്‍ഫോടെക്ക്, 3ഡി പ്രിന്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സിംപ്ലിഫോര്‍ജുമായി ചേര്‍ന്ന് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
35.5 അടി ഉയരവും 4,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്നതുമായ ക്ഷേത്രത്തില്‍ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മൂന്ന് ഗോപുരങ്ങളും മൂന്ന് ശ്രീകോവിലുകളുമുണ്ട്. ശിവന്റെ ചതുരാകൃതിയിലുള്ള ശിവാലയം, പാര്‍വ്വതി ദേവിക്ക് താമരയുടെ ആകൃതിയിലുള്ള ഒരു ശിവാലയം, ഗണപതിയുടേത് മോദകത്തിന്റെ ആകൃതിയിലുമുള്ളതുമായ മൂന്ന് ശ്രീകോവിലുകള്‍. 3 മാസത്തിനുള്ളില്‍ മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കി. നാളെ മുതല്‍ ഭക്തര്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് പറയുന്നതനുസരിച്ച്, റോബോട്ടിക് നിര്‍മ്മാണവും ഇന്‍ഹൗസ് ഡെവലപ്മെന്റ് സിസ്റ്റവും ഉപയോഗിച്ച് നിര്‍മ്മിച്ച 3ഡി പ്രിന്റിംഗ് നിര്‍മ്മിക്കാന്‍ മൂന്ന് മാസമെടുത്തു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടയില്‍ നിരവധി വെല്ലുവിളികളുണ്ടായെന്ന് സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുലെ പറഞ്ഞു.
തൂണുകള്‍, സ്ലാബുകള്‍, ഫ്ലോറിംഗ് തുടങ്ങിയ ശേഷിക്കുന്ന ഘടനകള്‍ പരമ്പരാഗത നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളും അഞ്ചരമാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ 3ഡി പ്രിന്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രം മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യത്തേതാണ് ഈ ഘടനയെന്ന് സിംപ്ലിഫോര്‍ജിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: