കൊച്ചി: ദത്തെടുത്ത മകളുമായി ഒത്തുപോകാനാവില്ലെന്നും ദത്ത് റദ്ദാക്കണമെന്നുമുള്ള രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. രക്ഷിതാക്കള്‍ കൈയൊഴിഞ്ഞ സ്ഥിതിക്ക് പെണ്‍കുട്ടിയുടെ ക്ഷേമം ഉറപ്പാക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കാനാവുമെന്ന് സര്‍ക്കാര്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ലുധിയാനയിലെ നിഷ്കാം സേവാ ആശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ ദത്ത് റദ്ദാക്കി തിരിച്ചു നല്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഈ ഉത്തരവ് നല്‍കിയത്.
ദത്തു റദ്ദാക്കാനും കുട്ടിയെ സംരക്ഷിക്കാനുമൊക്കെ ശിശുക്ഷേമ സമിതി മുഖേനയാണ് നടപടികള്‍ വേണ്ടതെന്ന് കോടതി പറഞ്ഞൂ. ഈ കേസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ ശിശുക്ഷേമ സമിതിക്ക് ഇടപെടാന്‍ നിയമപരമായി കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ കുട്ടി സദര്‍ ഹോമിലാണ് താമസം. പെണ്‍കുട്ടിയുടെ പഠനം, വിവാഹം, തുടങ്ങിയ ക്ഷേമകാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതിയുടെ അധികാരപരിധിക്കു പുറത്ത് മറ്റൊരു സ്ഥലത്തേക്ക് ഒരു സുരക്ഷിതത്വവും സംരക്ഷണവുമില്ലാതെ അവളെ പറഞ്ഞുവിടാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദത്തെടുത്ത മകളെ നിങ്ങള്‍ക്കു വേണ്ടെന്നു വയ്ക്കാം. എന്നാല്‍ കോടതിക്ക് അവളെ കൈവിടാനാവില്ല. ദത്തെടുത്ത കുട്ടിയെ തിരിച്ചു ലുധിയാനയിലേക്ക് വിടണമെന്ന് നിങ്ങള്‍ പറയുന്നു. ഇന്ന് അവള് കുട്ടിയല്ല. പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. തിരിച്ചു വിട്ടാല്‍ അവളുടെ സുരക്ഷയും സംരക്ഷണവും എങ്ങനെ ഉറപ്പാക്കും? ചെറിയ കുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ലാത്ത കാലത്ത് പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ എങ്ങനെ ഉപേക്ഷിക്കാനാവുമെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടിയുമായി സംസാരിച്ച് അവളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹാനുഭൂതിയുള്ള ഒരു വ്യക്തിയുടെ സേവനം ആവശ്യമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇതില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. പാര്‍വതി മേനോനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
ഒരു കാറപകടത്തില്‍ മകന് മരിച്ച ദു:ഖം മറികടക്കാന്‍ ലുധിയാനയിലെ ആശ്രമത്തില്‍ നിന്ന് 13 വയസുകാരിയെ ഹര്‍ജിക്കാര്‍ 2018 ഫെബ്രുവരി 16 നാണ് ദത്തെടുത്തത്. എന്നാല്‍ പെണ്‍കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിന്നീടു വ്യക്തമായെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: