ഡെറാഡൂണ്‍ : ഉത്തരകാശി സില്‍ക്യാര തുരങ്ക നിര്‍മാണത്തിനിടെ തകര്‍ന്നു വീണതിനെ തുടര്‍ന്ന് കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള പൈപ്പ് അകത്തേയ്ക്ക് ഇറക്കിയിട്ടുണ്ട. ഇനി 12 മീറ്റര്‍ നീളത്തില്‍ പാറകളും അവശിഷ്ടങ്ങളും നീക്കം ചെയ്താല്‍ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 12-നാണ് തുരങ്കത്തില്‍ അപകടമുണ്ടാകുന്നത്. ഒന്ന് രണ്ട് മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും ഉത്തരകാശി ജില്ലാ കളക്ടര്‍ അഭിഷേക് രുഹേല അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ്ലൈന് അകത്തേക്ക് ഇറക്കിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്റ്റീല്‍ കഷ്ണങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞിട്ടുണ്ട്. പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചെസ്റ്റ് സ്പെഷലിസ്റ്റുമാര്‍ ഉള്‍പ്പെടെ പതിനഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെയാണ് അടിയന്തിര വൈദ്യ സഹായത്തിനായി നിയോഗിച്ചിരിക്കുന്നത്. 12 ആംബുലന്‍സുകളും അടിയന്തര സാഹചര്യത്തെ മുന്‍നിര്‍ത്തി വിന്യസിച്ചിട്ടുണ്ട്. ചിന്യാലിസോറിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഒരു വാര്‍ഡ് തൊഴിലാളികള്‍ക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളും, ഋഷികേശിലെ എയിംസ് ഉള്‍പ്പെടെ സജ്ജമാണെന്നും റുഹേല പറഞ്ഞു.
ബുധനാഴ്ച രാത്രിയോടെ പുറത്തെത്തിക്കാനാണ് ആദ്യം പ്രതീക്ഷിച്ചത്. ആറ് മണിക്കൂറോളം നീണ്ട പ്രയത്നത്തില്‍ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി പത്ത് സ്റ്റീല്‍ പൈപ്പുകളാണ് തുരങ്കത്തിലേക്ക് ഇറക്കാനായി തീരുമാനിച്ചത്. ഇതില്‍ ഒമ്പത് പൈപ്പുകളും കയറ്റി. ശേഷം പത്താമത്തെ പൈപ്പ് കയറ്റുന്നതിനിടെ അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായിരുന്ന ലോഹങ്ങളില്‍ ഡ്രില്ല് കുടുങ്ങിയതാണ് ദൗത്യം വൈകാന്‍ കാരണമായത്. തുടര്‍ന്ന് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: