തിരുവനന്തപുരം : ശക്തമായുണ്ടായ മഴയില്‍ തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം. രാത്രിയിലെ ശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. മഴക്കെടുതിയില്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. പത്തനംതിട്ട ജില്ലയില്‍ അതി ശക്തമായ മഴയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലും ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് തുടര്‍ ദിവസങ്ങളിലും ശകതമായ മഴ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട കുന്നന്താനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര രണ്ടു ദിവസത്തേക്ക് കളക്ടര്‍ നിരോധിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലും മഴ കനക്കുകയാണ്. ജില്ലയില്‍ കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിലും പറയുന്നു. അതേസമയം മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യത ഉണ്ട്.
ശക്തമായ മഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ നാല് അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. കല്ലാര്‍കുട്ടി അണക്കെട്ട് കൂടി തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാത ചുഴിയാണ് ന്യൂനമര്‍ദമായി മാറുക. ഇത് പിന്നീട് തീവ്രന്യൂനമര്‍ദമായി മാറും.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജന് അറിയിച്ചു. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ. കല്ലാര്‍കുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ പാതയില്‍ പ്രത്യേക ശ്രദ്ധ നല്‍കും. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: