ലോകത്തില്‍ ഒരു ഗ്രന്ഥത്തിനു മാത്രമേ ജയന്തി ആഘോഷമുള്ളൂ, അതാണ് ശ്രീമദ് ഭഗവദ് ഗീത. ഇന്നാണ് ഗീതാജയന്തി. പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയും ഇതേ ദിവസമാണ്. വേദവ്യാസന് രചിച്ച സര്‍വ്വകാല പ്രസക്തമായ മാനവജീവനശാസ്ത്രമാണ് ്ഭഗവദ്ഗീത. മഹാഭാരതം എന്ന മഹാഗ്രന്ഥത്തിന്റെ ആറാമത്തെ പര്‍വ്വമായ ഭീഷ്മപര്‍വ്വത്തില്‍ 25 മുതല്‍ 42 വരെ 18 അദ്ധ്യായങ്ങളിലായി 700 ശ്ലോകങ്ങളില്‍ വ്യാസന് ഗീത പ്രപഞ്ചനം ചെയ്യുന്നു.
പഠനകാലത്തും തൊഴിലിടങ്ങളിലും കുടുംബാന്തരീക്ഷത്തിലും സാമൂഹികരംഗത്തും മറ്റും അനുഭവിക്കുന്ന പിരിമുറുക്കവും മാനസിക സമ്മര്‍ദ്ദങ്ങളും അര്‍ജുന വിഷാദയോഗത്തിലെ അര്‍ജുനന്റ മാനസികാവസ്ഥപോലെ ഭീകരവും വിപത്കരവുമാണ്. വിഷാദത്തില്‍ മുങ്ങിയ അര്ജുനന് ഭിക്ഷാന്നം കഴിച്ച് സംന്യാസിയായി ജീവിച്ചുകൊള്ളാം എന്നാണ് കൃഷ്ണനോട് പറഞ്ഞത്.
ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വേണ്ടുന്നതും വേണ്ടാത്തതും മുന്നില്‍ വന്നുപെടും. ത്യാജ്യഗ്രാഹ്യബുദ്ധിയോടെ സമീപിക്കണ മെങ്കില്‍ നിത്യവസ്തുവിനെയും അനിത്യവസ്തുവിനെയും വിവേചിച്ചറിയാനുള്ള ജ്ഞാനം ഉണ്ടാവണം. ആ വിവേകപ്രജ്ഞ പ്രദാനം ചെയ്യുന്നു ഭഗവദ് ഗീത. ഗീതയ്ക്ക് ഇടപെടാന്‍ സാധിക്കാത്ത ഒരു ജീവിത സന്ദര്‍ഭവും നമുക്കില്ല. എന്തുചെയ്യണം എന്ന സന്ദേഹം സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ ആര്‍ക്കും വന്നു ഭവിക്കും. അവയ്ക്ക് ആവശ്യമായ നിര്‍ദ്ദേശം തരുന്നു ഭഗവദ് ഗീത.
ഭാരത കഥയില്‍ ധര്‍മ്മമൂര്‍ത്തിയായ ധര്‍മ്മപൂത്രന്‍ ധര്‍മ്മത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുമ്പോള്‍ നേരിടുന്ന ധര്മ്മസങ്കടങ്ങളിലെല്ലാം വ്യാസന് ഒളിപ്പിച്ചു വച്ചിരിക്കുന്ന ഗീതാതത്വം സൂഷ്മനിരീക്ഷണത്തില്‍ തെളിഞ്ഞുവരും. പരിപൂര്‍ണ്ണ യുദ്ധനിരാസത്തിന്റെയും അഹിംസ യുടെയും ദര്‍ശനം ഉപദേശിക്കാന്‍ വ്യാസന് തിരഞ്ഞെടുത്തത് നിഷ്ഠുരമായ കൊലകള്‍ അരങ്ങേറാന്‍ പോകുന്ന മഹാഭാരത യുദ്ധക്കളത്തില്‍ ഉഭയസൈന്യങ്ങളുടെയും മധ്യത്തിലാണ്. സമാധാനത്തിന്റെ സാര്‍വ്വജനീന സന്ദേശം ആഗോള ജനതക്കുവേണ്ടി അര്‍ജുനനെ കര്‍മ്മത്തിലേക്ക് പ്രത്യാനയിച്ചു കൊണ്ട ്നിര്വ്വഹിക്കുന്നു വ്യാസന് എന്ന ധിഷണാശാലിയായ പ്രതിഭ.
അവനവന്റ സുഖം അപരന്റ സുഖത്തിനു കൂടെയാവണം എന്നത് ധര്‍മ്മത്തിന്റെ ഗുരുദേവ നിര്‍വചനമാണ്. പ്രപഞ്ചത്തിന്റെ നില നില്പിനും പ്രവര്‍ത്തനത്തിനും വിഘാതമാകുന്നതെല്ലാം അധര്‍മ്മവും അനുകൂലമാകുന്നത് ധര്‍മ്മവുമാകുന്നു. മറ്റൊന്നിന്റെയും ജീവിതത്തില്‍ അനാവശ്യമായി ഇടപെടാന്‍ ധര്‍മ്മം അനുവദിക്കുന്നില്ല. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്തോറും നമ്മെ ക്ലേശഭയ കോലാഹലങ്ങള്‍ പിടികൂടും. ലളിത ജീവിതം നയിക്കുന്നവര്‍ക്ക് ജീവിതം സുഖസമ്പൂര്ണ്ണം എന്നര്‍ത്ഥം. ഗീതയില്‍ കൂടി ജീവിച്ചാണ് ഗാന്ധിജി മഹാത്മാവായത്, അദ്ദേഹത്തിന് ഗീത സ്വന്തം മാതാവു തന്നെയായിരുന്നു.
എത്ര ചിന്തിച്ചു പ്രവര്‍ത്തിച്ചാലും അവനവനെക്കൊണ്ടു പരിഹരിക്കാനാവാത്ത സങ്കീര്‍ണ്ണമായ വൈയ്യക്തിക, കൗടുംബിക, സാമൂഹിക, രാഷ്ടീയ പ്രശ്നങ്ങള്‍ ഉണ്ണ്ടാവും. ആ സന്ദര്‍ഭങ്ങളില്‍ ദുഃഖിതനായി പ്രലപിക്കാതെ കൃഷ്ണവചസ്സുകളെ ഹൃദയത്തിലേക്ക് ആവാഹിക്കുക.
‘തസ്മാദപരിഹാര്യേത്ഥേ നത്വം
ശോചിതുമര്‍ഹസി’ (ഗീത 2/2)
‘പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളെ ഓര്‍ത്ത് ദുഃഖിക്കുവാന്‍ നിനക്കു കാര്യമില്ല,’ എന്ന് ശക്തമായി ശാസിക്കുന്നു ഭഗവാന് കൃഷ്ണന്. നമ്മുടെ പരിധിയില്‍ ഒതുങ്ങാത്ത വിഷയങ്ങളെ ഓര്‍ത്താണ് നമ്മുടെ ദുഃഖമത്രയും. അപ്രകാരം വ്യാകുല ചിത്തരായി വിഷാദം ബാധിച്ചാണ് പലരും മാറാരോഗികളായി തീരുന്നതും. ഇത്തരം വിഷയ ദുഃഖങ്ങളെ തരണം ചെയ്യാനുള്ള വഴിയും ഭഗവാന് ഉപദേശിച്ചുതരുന്നുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: