Categories: Kerala

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് വി.എം. സുധീരന്‍

Published by

കോട്ടയം: യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

പിന്നീടത് ദല്‍ഹിയില്‍ നിന്ന് നോമിനേറ്റ് ചെയ്യുന്ന രീതിയായി. ഇതു ശരിയല്ലെന്ന് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം യൂത്ത് കോണ്‍ഗ്രസിന് ഗുണമല്ലെന്ന് പല വേദികളിലും പറഞ്ഞിട്ടുള്ളതാണ്. മെമ്പര്‍ഷിപ്പ് നല്കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. മനുഷ്യനുമായി ബന്ധപ്പെടാത്ത ഒരു സിസ്റ്റമാണ് ഇപ്പോള്‍ ഉള്ളത്. ഇങ്ങനെയൊരു സംവിധാനം എവിടെയെങ്കിലുമുണ്ടോ.

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കുറഞ്ഞെന്ന വി.ഡി. സതീശന്റെ നിലപാടിനെയും വി.എം. സുധീരന്‍ വിമര്‍ശിച്ചു. നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചു ഗ്രൂപ്പായിട്ടുണ്ട്. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാക്കണമെന്ന് നേരത്തെ ആത്മാര്‍ഥമായി ആഗ്രഹിച്ച ആളാണ് താന്‍. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോള്‍ സ്വാഗതം ചെയ്തത്.

പാര്‍ലമെന്റ് രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല. 2004ല്‍ തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. അന്ന് മത്സരിക്കേണ്ടിയിരുന്നില്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത് കൊണ്ടാണ് അന്ന് മത്സരിച്ചത്. മത്സരിക്കാനില്ലെന്ന് ഇതിനകം അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ നടക്കുന്നത് സര്‍ സിപി മോഡല്‍ ഭരണമാണ്. സമരത്തെ അടിച്ചമര്‍ത്തുന്നത് സിപി രാമസ്വാമിയുടെ ശൈലിയാണ്. കമ്മ്യൂണിസ്റ്റ് ശൈലിയില്‍ അല്ല ഭരണം നടത്തുന്നതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by