ലഖ്നൗ:രാമഭക്തി മൂത്തപ്പോള്‍ മുന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മീ നാരായണന് നഷ്ടമായത് തന്റെ മുഴുവന്‍ സ്വത്തുക്കളും. ആയുഷ്കാലം മുഴുവന്‍ സമ്പാദിച്ച ഭൂമിയും കെട്ടിടവും ബാങ്ക് നിക്ഷേപങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തിയത് ശ്രീരാമന്റെ കഥ പറയുന്ന രാമചരിത മാനസം പുസ്തകരൂപത്തിലാക്കാനാണ്.
എന്തിനാണ് രാമചരിതമാനസം പുസ്തകരൂപത്തിലാക്കാന് തന്റെ സ്ഥാവരജംഗമസ്വത്തുക്കളും ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങളും മുഴുവനായി എടുക്കേണ്ടി വന്നത്? ഏകദേശം അഞ്ച് കോടി രൂപയാണ് ഈ പുസ്തകത്തിന്റെ നിര്‍മ്മാണത്തിന് ചെലവായത്. കാരണം ഏറെ ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത പുസ്തകം ഒരു അമൂല്യശില്പത്തെപ്പോലെ വിലമതിക്കാനാവാത്തതാണ്.
ഈ രാമചരിതമാനസത്തിലെ ഏടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ചെമ്പ് ലോഹമുപയോഗിച്ചാണ്. 10902 വരികള്‍ അടങ്ങിയതാണ് രാമചരിതമാനസം എന്ന കാവ്യം. മരതകക്കല്ലുകൊണ്ടുള്ള പേന 24 കാരറ്റ് സ്വര്ണ്ണപാനീയത്തില് മുക്കിയെടുത്താണ് വരികള്‍ ചെപ്പേടില്‍ ആലേഖനം ചെയ്യുന്നത്. ഈ ഭ്രാന്തമായ സ്വപ്നസാക്ഷാല്‍ക്കാരത്തിന് ഏകദേശം 140 കിലോ ചെമ്പും അഞ്ച് മുതല്‍ ഏഴ് കിലോ ഗ്രാം വരെ സ്വര്‍ണ്ണവും ഉപയോഗിക്കേണ്ടിവന്നു. മറ്റ് ലോഹങ്ങളും പേജില്‍ അലങ്കാരപ്പണികള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈ രാമചരിതമാനസം എന്ന പുസ്തകത്തിന്റെ ഭാരമെത്രയെന്നോ? 151 കിലോഗ്രാം.
ഇപ്പോള്‍ ഈ പുസ്തകം അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന് കൈമാറുകയാണ്. ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് അഭിമാനമായി ശ്രീരാമജന്മസ്ഥലമെന്ന് കരുതുന്ന അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിലെ രാമവിഗ്രഹപാദങ്ങളില് ഈ പുസ്തകം സ്ഥാപിക്കുമെന്നാണ് ട്രസ്റ്റ് പയനിയര്‍ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. രാമന്റെ കഥ അതിതീവ്രമായി കാവ്യഭംഗിയോടെ രാമായണകഥ അവതരിപ്പിക്കുന്ന പുസ്തകമാണ് രാമചരിതമാനസ് എന്ന് വടക്കേയിന്ത്യക്കാര് വിളിക്കുന്ന രാമചരിതമാനസം. 16ാം നൂറ്റാണ്ടിലെ ഭക്ത കവി തുളസീദാസ് രചിച്ചതാണ് രാമചരിതമാനസം. ഒരര്‍ത്ഥത്തില്‍ അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് തന്റെ സ്വത്ത് മുഴുവന്‍ സംഭാവന ചെയ്തിരിക്കുകയാണ് മുന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മീ നാരായണന് എന്നും പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: