തൃശൂർ: ഗുരുവായൂരിൽ ഇന്നലെ അഷ്ടമി ദിനത്തിൽ നെയ്വിളക്കുകൾ ജ്വലിച്ചു. കൊമ്പൻ ഇന്ദ്രസെന്റെ മുകളിലേന്തി ഗുരുവായൂരപ്പൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. ഏകാദശി നാൾ വരെ ഇത്തരത്തിൽ സ്വർണക്കോലത്തിൽ സന്ധ്യാസമയത്ത് എഴുന്നള്ളിക്കും. സ്വർണപ്പൂക്കളും മരതകപ്പച്ചയും വീരശൃംഖലയും പതിച്ച കോടികൾ വിലമതിപ്പുള്ളതാണ് സ്വർണക്കോലം. ഏകാദശി ഉത്സവത്തിനും അഷ്ടമിരോഹിണിക്കും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുന്നത്. പുളിക്കിഴെ വാരിയത്ത് കുടുംബത്തിന്റെ വകയായിരുന്നു അഷ്ടമി വിളക്ക്.
ഇന്ന് നവമി നെയ്വിളക്കാണ് ഗുരുവായൂർ നടയിൽ ജ്വലിക്കുക. കൊളാടി കുടുംബം വകയാണ് ഇന്നത്തെ ദീപങ്ങൾ. ഉച്ചയ്ക്ക് നമസ്കാര സദ്യയും രാത്രി നെയ്വിളക്ക് എഴുന്നള്ളിപ്പുമാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ. നാളെ ദശമി നെയ്വിളക്കാണ്. ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ഗുരുവായൂർ സങ്കീർത്തന ട്രസ്റ്റിന്റെ വകയാണിത്. രാത്രിയോടെ വിളക്ക് എഴുന്നള്ളിപ്പ് നടക്കും.
ഗജരാജൻ ഗുരുവായൂർ കേശവൻ അനുസമണം നാളെ ദശമി ദിനത്തിൽ നടക്കും. രാവിലെ ഏഴ് മണിയോടെ തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയിൽ 15-ഓളം ആനകൾ പങ്കെടുക്കും. ഗുരുവായൂർ ക്ഷേത്ര പ്രദിക്ഷണത്തിന് ശേഷം ഗജരാജ പ്രതിമയ്ക്ക് മുന്നിൽ സ്മരാണാഞ്ജലി അർപ്പിക്കും. 1976 ഡിസംബർ രണ്ടിന് ഏകാദശി പുലരുന്ന വേളയിലായിരുന്നു കേശവന്റെ വിയോഗം. പിന്നീട് കേശവൻ ചരിഞ്ഞ ഇടത്ത് തന്നെ ഗജരാജ ശിൽപ്പം പണികഴിപ്പിച്ചു. ഇതോടെ എല്ലാ വർഷവും ഈ വേളയിൽ കേശവന് സ്മരാണാജ്ഞലി അർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: