ജെറുസലേം: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തോയ്ബയെ ഭീകര സംഘടനകളുടെ പട്ടികയിൽപ്പെടുത്തി ഇസ്രായേൽ. മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഇസ്രായേലിന്റെ നടപടി. ഭാരതത്തിലെ ഇസ്രായേൽ എംബസി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഭാരതവും ലഷ്‌കർ ഇ തോയ്ബയെ ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് മാതൃകയായി സ്വീകരിച്ചുകൊണ്ടാണ് ലഷ്‌കർ ഇ ത്വയ്ബയെ ഇസ്രായേലും ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരമൊരുകാര്യം ഭാരതം ഒരിക്കലും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഇത് ഇസ്രായേൽ നിർബന്ധമായും ചെയ്യേണ്ടകാര്യമാണ്.
ലഷ്‌കർ ഇ തോയ്ബയെ ഭീകര സംഘടനയുടെ പട്ടികയിൽപ്പെടുത്താനുള്ള എല്ലാ ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തിയായി. ഇവരുടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മറ്റുരാജ്യങ്ങൾക്കൊപ്പം പങ്കുചേരും. അമേരിക്കയും യുഎന്നുമെല്ലാം ലഷ്‌കർ ഇ തോയ്ബയെ ആഗോള ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയും മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് നീക്കങ്ങൾ നടത്തിവരികയാണ്. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടാമെന്നും ഇസ്രായേൽ എംബസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: