കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സുകളും യാത്രയും പ്രഹസനമാകുന്നു. ഇന്നലെ കണ്ണൂരില്‍ നാലു മണ്ഡലങ്ങളില്‍ സദസ്സ് നടത്തി. ജനങ്ങളുടെ പരാതികള്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരിടത്തും നേരിട്ടു കേള്‍ക്കുന്നില്ല. വകുപ്പുദ്യോഗസ്ഥരെ നിയോഗിച്ച് 20 കൗണ്ടറുകളിലാണ് പരാതി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ പരിപാടികളില്‍ മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ പ്രസംഗം നടത്തുന്നു. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം എല്ലായിടത്തും.
ഇരുപതു മന്ത്രിമാര്‍ മുഖ്യമന്ത്രിയോടൊപ്പം ബസില്‍ യാത്രയ്ക്കുണ്ടെങ്കിലും അവരെല്ലാം കാഴ്ചകള്‍ ആസ്വദിക്കുകയാണ്. പലര്‍ക്കും പ്രസംഗിക്കാന്‍ പോലും അവസരമില്ല; വെറുതേ സദസ്സുകളില്‍ ‘കാഴ്ച വസ്തു’ക്കള്‍. ജനങ്ങളിലാരെയും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ നാലയലത്ത് അടുപ്പിക്കുന്നില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളുമെത്തുന്നതിനു മണിക്കൂറുകള്‍ മുമ്പേ ഉദ്യോഗസ്ഥര്‍ കൗണ്ടറുകളില്‍ പരാതികള്‍ സ്വീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പറഞ്ഞുവിടുകയാണ്.
ആഡംബരവും ധൂര്ത്തുമില്ലെന്ന് അവകാശപ്പെടുന്നെങ്കിലും ‘മന്ത്രിസഭ’ സഞ്ചരിക്കുന്ന ബസിനൊപ്പം 25ലധികം കാറുകളാണ് പൈവളിഗ മുതലുള്ളത്. അതുകൊണ്ടുതന്നെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ധൂര്ത്തുയാത്രയാണെന്ന് നാട്ടുകാര്‍ക്കു ബോധ്യപ്പെടുന്നു. പരിപാടി സംഘടിപ്പിക്കുന്നത് സര്‍ക്കാരാണെങ്കിലും എല്ലായിടത്തും പൂര്‍ണ നിയന്ത്രണം സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കുമാണ്.
ജില്ലകളില്‍ മൂന്നും നാലും ദിവസം സദസ്സുകള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഏറെക്കുറെ നിശ്ചലം. പ്രാദേശികമായി വില്ലേജ് ഓഫീസര്‍മാരും മറ്റും ചെയ്യേണ്ട പരാതി സ്വീകരിക്കലിന് മന്ത്രിമാര്‍ എത്തേണ്ടതുണ്ടോയെന്നത് സദസ്സുകളില്‍ ചര്‍ച്ചയാകുന്നു. മന്ത്രിമാരെയും മുഖ്യമന്ത്രിയെയും നേരിട്ടു കണ്ട് പരാതിപ്പെടാന്‍ പോലുമാകുന്നില്ലെങ്കില്‍ എന്തിനീ പ്രഹസനമെന്ന ചോദ്യവും ഉയരുകയാണ്.
കൗണ്ടറുകളില്‍ ലഭിക്കുന്ന ഭൂരിഭാഗം പരാതികളും സാമ്പത്തിക സഹായത്തിനാണ്. 45 ദിവസത്തിനകം പരാതി തീര്‍പ്പാക്കുമെന്നു പറയുമ്പോള്‍ ക്ഷേമ പെന്‍ഷനുകള്‍ പോലും നല്കാന് കഴിയാത്ത സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്നതും വലിയ ചോദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: