പനാജി: ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിങ്കളാഴ്ച ഗോവയില്‍ ആരംഭിച്ചു.ബാംബോലിമിലെ ശ്യാമ പ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഒമ്പത് ദിവസത്തെ പരിപാടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയുടെ ഉദ്ഘാടന ചിത്രം ബ്രിട്ടീഷ് ചിത്രമായ ‘ക്യാച്ചിംഗ് ഡസ്റ്റ്’ ആയിരുന്നു. 20 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കുള്ള ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായം ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലുതും ആഗോളവല്‍ക്കരിച്ചതുമായ വ്യവസായമായി വാഴ്ത്തപ്പെടുന്നുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ താക്കൂര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐക്ക് 105 രാജ്യങ്ങളില്‍ നിന്ന് 2926 എന്‍ട്രികള്‍ ലഭിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാണ്. 13 ലോക പ്രീമിയറുകള്‍, 18 അന്താരാഷ്ട്ര പ്രീമിയറുകള്‍, 62 ഏഷ്യ പ്രീമിയറുകള്‍, 89 ഇന്ത്യ പ്രീമിയറുകള്‍ എന്നിവ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒ ടി ടി പരമ്പരകളിലെയും സിനിമകളിലെയും മികവിനെ അംഗീകരിക്കുന്നതിനായി ഈ വര്‍ഷം മുതല്‍ ഒ ടി ടി അവാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. മികച്ച വെബ് സീരീസ് അവാര്‍ഡിനായി 15 ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് 10 ഭാഷകളിലായി ആകെ 32 എന്‍ട്രികള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും ഐഎഫ്എഫ്ഐയ്ക്കൊപ്പം സംഘടിപ്പിക്കുന്ന ഫിലിം ബസാറും ശ്രീ താക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന നടി മാധുരി ദീക്ഷിതിന് ഭാരതീയ സിനിമാ അവാര്‍ഡിന് പ്രത്യേക അംഗീകാരം ലഭിച്ചു.
ഇതിഹാസ ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ മൈക്കല്‍ ഡഗ്ലസിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഈ മാസം 28ന് നടക്കുന്ന ഐഎഫ്എഫ്ഐയുടെ സമാപന ചടങ്ങില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: