ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന മഹാപൊങ്കാല പരിപാടിയിൽ പൊങ്കാല ഇടാൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ ഗീതാ രാമസ്വാമിയും എത്തും. നവംബർ 23 ന് രാവിലെ ശ്രീ മീനാക്ഷി ക്ഷേത്ര പരിസരത്ത് നടക്കുന്ന പൊങ്കാലയിൽ ആചാരനുസരണം പൊങ്കാല നിവേദിക്കാൻ 300 ഓളം അമ്മമാരാണ് രജിസ്ട്രർ ചെയ്തിരിക്കുന്ന്. ഡോ ഗീതാ രാമസ്വാമിയും തിരുവിതാംകൂർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ബായ് തമ്പുരാട്ടിയും ചേർന്ന് നിലവിളക്ക് തെളിയിക്കും. ആറ്റുകാൽ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നേരിട്ട് കാർമ്മികത്വം വഹിക്കുന്നതാണ് പ്രത്യേകത. തന്ത്രി പണ്ടാര അടുപ്പിൽ തീ തെളിയിക്കുന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. തുടർന്ന് പണ്ടാര അടുപ്പിൽനിന്ന് അഗ്നി പൂജാരിമാർ അമ്മമാരുടെ അടുപ്പിലേയ്‌ക്ക് പകരും. മനസ്സിൽ ഭക്തിയും നാവിൽ നാമജപങ്ങളുമായി അമ്മമാർ കലങ്ങളിൽ പായസം നിവേദിക്കും.
പഞ്ചഭൂതാത്മകമാണ് മനുഷ്യശരീരം. അതിൽ ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ കാമം, ക്രോധം, ലോഭം, മദം, മത്സരം, മോഹം തുടങ്ങിയ വികാരങ്ങൾ ഈശ്വരചൈതന്യത്തെ മറച്ചുപിടിക്കുന്നു. കലം മനുഷ്യശരീരമാണ്. അതിൽ അഗ്‌നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. ഇതിലൂടെ ദുഷ്ടവികാരങ്ങൾ ആവിയായി മറഞ്ഞുപോയി ആന്തരിക ചൈതന്യം തെളിയുന്നു. ഇതാണ് പൊങ്കാല അർപ്പിക്കുന്നിന്റെ പൊരുൾ.
പൊങ്കാല നിവേദ്യത്തിനുശേഷം സഹസ്രനാമ അർച്ചനയുടെ സമർപ്പണവും നടക്കും. രണ്ടു വർഷമായി നടന്നുവരുന്ന സഹസ്രനാമ അർച്ചന പരിപാടിയിയിൽ ഒരു കോടി അർച്ചന പൂർത്തിയാക്കിയ അമ്മമാരാണ് പങ്കെടുക്കുക. തുടർന്ന് കുട്ടികളെ ഇവർ എഴുത്തിനിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: