വടക്കാഞ്ചേരി: ഭൂമിയോ നഷ്ടപരിഹാരമോ നല്‍കണം. വീടിനു മുന്നില്‍ പ്രതിഷേധ പോസ്റ്ററുമായി നീതിക്കായി വയോധികന്റെ ഒറ്റയാള്‍ പോരാട്ടം. 76 കാരന്റെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനു നേരെ മിഴിയടക്കുകയാണ് അധികൃതര്‍. ഓട്ടുപാറ സ്വദേശി കുണ്ടുപറമ്പില്‍ വീട്ടില്‍ യൂസഫാണ് അധികൃതരുടെ അവഗണനയില്‍ കണ്ണീര്‍ക്കയത്തിലായത്.
പരമ്പരാഗതമായി കൈവശം വെച്ച് വരുന്ന എല്ലാ രേഖകളുമുള്ള മൂന്ന് സെന്റ് സ്ഥലത്തിന്റെ നികുതി തുടര്‍ന്നും അടക്കാന്‍ അനുമതി തരണമെന്നും താമസിക്കുന്ന കൊച്ചു വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്നും ആവശ്യപ്പെട്ടു വര്‍ഷങ്ങളായി ഇദ്ദേഹം കയറിയിറങ്ങാത്ത ഓഫീസുകളില്ല. സ്വന്തം വീടിനും സ്ഥലത്തിനും ചുറ്റും കയറുകെട്ടി പ്രതിഷേധ പോസ്റ്ററും പതിച്ചു സമരം ചെയ്യുകയാണ് ഈ വയോധികന്‍. പതിറ്റാണ്ടുകളായി നികുതി അടച്ചു കൊണ്ടിരുന്ന തന്റെ ഭൂമി റീസര്‍വേ അപാകതകള്‍ മൂലം രേഖകളില്‍ നിന്ന് അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ നല്‍കാന്‍ വാര്‍ധക്യത്തിലും നടത്തിയദുരിതം വിവരിക്കുമ്പോള്‍ വയോധികന്റെ കണ്ണുകള്‍ നിറയുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന റീസര്‍വേയുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമനടപടികള്‍ മൂലം തന്റെ വീടും സ്ഥലവും ക്രയവിക്രയം ചെയ്യാനോ നികുതി അടയ്‌ക്കുന്നതിനോ കഴിയുന്നില്ലെന്ന് യൂസഫ് പറയുന്നു. സംസ്ഥാന പാതയോട് ചേര്‍ന്ന് ഓട്ടുപാറ പട്ടണ ഹൃദയത്തില്‍ താമസിക്കുന്ന വയോധികന്‍ വില്ലേജ് ഓഫിസര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള ഉന്നത അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലത്രെ.
വീടിലാത്തവര്‍ക്കു പോലും ഭവന നിര്‍മാണ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെടുന്ന അധികൃതര്‍ എന്തുകൊണ്ട് തനിക്കാകെയുള്ള മൂന്ന് സെന്റ് ഭൂമിയുടെ നികുതിയടച്ച് നല്‍കി നിയമക്കുരുക്കില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല എന്നാണ് യൂസഫിന്റെ ചോദ്യം. പരാതികള്‍ നല്‍കി മടുത്ത യൂസഫ് തലപ്പിള്ളി താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ പ്ല കാര്‍ഡുമായെത്തി നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിതിരുന്നു.
അന്ന് തഹസില്‍ദാറായിരുന്ന പി. യു. റഫീക് പ്രശ്‌നത്തില്‍ ഇടപെടുകയും, നിയമാനുസരണമുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതാണ് എന്നാല്‍ വാഗ്ദാനം നടപ്പിലായില്ലെന്നത് വസ്തുത. താലൂക്ക് സര്‍വ്വേയര്‍ നടത്തിയ റീ സര്‍വ്വേ ജില്ലാ സര്‍വ്വേയറും അംഗീകരിച്ചപ്പോഴും യൂസഫ് പിന്‍വാങ്ങിയില്ല. ഭൂമി പുറമ്പോക്കിലാണെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ തനിക്ക് പൂര്‍വ്വികമായി ലഭിച്ചതും. പതിറ്റാണ്ടുകളായി നികുതി അടച്ച് വരുന്നതുമായ ഭൂമി എങ്ങിനെ ഇല്ലാതാകുമെന്ന ചോദ്യവുമായി യൂസഫ് ജില്ലാ തല അദാലത്തില്‍ പങ്കെടുത്തു. കോടതിയേയും സമീപിച്ചു.
തന്റെ അയല്‍ വാസിക്കുണ്ടായിരുന്ന ഒരു സെന്റ് ഭൂമി നാലര സെന്റായി വര്‍ധിച്ചത് ചോദ്യം ചെയ്ത യുസഫിന് അനുകൂലമായി നിലകൊണ്ടു നീതിപീഠം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദ്ദേശാനുസരണം വീണ്ടും സര്‍വ്വേ നടന്നു. കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ യൂസഫിനെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് ഒരു നീതിയും ലഭിച്ചില്ലെന്നാണ് യൂസഫ് പറയുന്നത്.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പരാതി തീര്‍പ്പാക്കിയതായി ഇപ്പോഴത്തെ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയതെന്നും വയോധികന്‍ പറയുന്നു. തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ തന്നെ മനപൂര്‍വം ദ്രോഹിക്കുകയാണെന്നും സംഭവത്തിനെതിരെ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും വൈകിയാണെങ്കിലും നീതിപീഠം തനിക്കനുകൂലമായി നില കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞു ദിവസം സ്വന്തം സ്ഥലം യൂസഫ് കയറുകെട്ടി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ താനില്ലാത്ത സമയം നോക്കി അതെല്ലാം അജ്ഞാതര്‍ തകര്‍ത്തതായും സംഭവം തനിക്കെതിരെയുള്ള ബോധപൂര്‍വമായ അതിക്രമാണെന്നും യൂസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: