തിരുവനന്തപുരം : ക്ഷേമ പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് പിന്നാലെ നാല് പെന്‍ഷനുകളുടെ തുക സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികേതര, അവശ കലാകാര പെന്ഷന് തുകകളാണ് ഉയര്‍ത്തിയത്. അവശ കലാകാര പെന്ഷന് നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാര്‍ക്ക് 1200 രൂപയും, വിശ്വകര്‍മ്മ പെന്ഷന് 1400 രൂപയുമാണ് ലഭിച്ചിരുന്നത്. ഇതെല്ലാം 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി. കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
അങ്കണവാടി, ആശ ജീവനക്കാരുടെ വേതനവും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെയാണ് വേതനം വര്‍ധിപ്പിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും നിലവിലുള്ള വേതനത്തില്‍
1000 രൂപവരെയാണ് വര്‍ധിപ്പിച്ചത്.
ഇത് കൂടാതെ മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ട്. 62,852 പേര്‍ക്കാണ് വേതന വര്‍ധന ലഭിക്കുന്നത്. ആശ വര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 26,125 പേര്‍ക്കാണ് നേട്ടം. ഇരു വര്‍ധനകളും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേമ പെന്ഷന് വിതരണം മുടങ്ങിയതും ഇതിനെ തുടര്‍ന്ന് ഇടുക്കിയിലെ രണ്ട് വയോധികര്‍ ജിവിക്കാനും മരുന്ന് വാങ്ങുന്നതിനുമായി ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് ദേശാഭിമാനിയും സിപിഎമ്മും ഭിക്ഷയാചിച്ച മറിയക്കുട്ടി എന്ന വൃദ്ധയ്ക്ക് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും അവര്‍ക്ക് ഭൂസ്വത്ത് ഉണ്ടെന്നും വാര്‍ത്ത നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മറിയക്കുട്ടി തന്റെ പേരില്‍ സ്വത്തുക്കള്‍ ഒന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടുകയും വ്യാജ പ്രചാരണം നടത്തിയവരുടെ വായടപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: