കോഴിക്കോട്: കേരളത്തിലെ പരമ്പരാഗത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ആഭരണ നിര്‍മാണത്തൊഴിലാളികളോട് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളീധരന്‍ ആവശ്യപ്പെട്ടു. ആഭരണ തൊഴിലാളി യൂണിയന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ പി എം വിശ്വകര്‍മ യോജന്‍ പദ്ധതി പ്രകാരം 13,000 കോടി രൂപ ആഭരണ നിര്‍മാണത്തൊഴിലാളികള്‍ അടക്കമുള്ള തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് മാറ്റിവച്ചെങ്കിലും കേരളത്തിലെ ഇടതു രാഷ്‌ട്രീയക്കളി കാരണം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ആനുകൂല്യത്തിനും രജിസ്‌ട്രേഷനും നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പി എം വിശ്വകര്‍മ്മ യോജന പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ നടപടിയുടെ ഭാഗമായി അംഗീകാരം നല്കാന്‍ നിലവിലുള്ള പഞ്ചായത്ത് തല ജില്ലാതല സ്‌ക്രീനിങ് കമ്മിറ്റിയില്‍ ബിഎംഎസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളെ ഉള്‍പ്പെടുത്തണമെന്നും പി. മുരളീധരന്‍ ആവശ്യപ്പെട്ടു.
ആഭരണ നിര്‍മാണ തൊഴിലാളി സംഘം സംസ്ഥാന പ്രസിഡന്റ് സി. ദേവു ഉണ്ണി അധ്യക്ഷയായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.പി. രാജേഷ്, സെക്രട്ടറി ടി.എം. പ്രശാന്ത്, അഖില്‍ ചന്ദ്രന്‍, പി. ബിന്ദു, പി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന തലത്തില്‍ കേരള പ്രദേശ് ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) എന്ന് നാമകരണം ചെയ്തു.
പുതിയ സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ്- സി. ദേവു ഉണ്ണി, വൈസ് പ്രസിഡന്റുമാര്‍- ഗുരുദാസ് കാസര്‍കോട്, അനില്‍ കുമാര്‍ പത്തനംതിട്ട, ഷണ്മുഖന്‍ പാലക്കാട്, ജനറല്‍ സെക്രട്ടറി- രാജേന്ദ്രന്‍ പാലക്കാട്, സെക്രട്ടറിമാര്‍- അരുണ്‍. എം.വി വയനാട്, ജയശങ്കര്‍ തൃശ്ശൂര്‍, ശോഭിത്ത് ബോള്‍ഗാട്ടി എറണാകുളം, ട്രഷറര്‍- ബിന്ദു. പി കോഴിക്കോട് എന്നിവരെ തിരഞ്ഞെടുത്തു. സമാപന സഭയില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ദിവാകരന്‍ സംസാരിച്ചു. സെല്‍വരാജ് സ്വാഗതവും രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: