ഡെറാഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം.
തൊഴിലാളികളെ വേഗത്തില്‍ രക്ഷിക്കണമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല ഏറ്റെടുത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഞ്ച് ബദല്‍ മാര്‍ഗങ്ങള്‍ ഇതിനായി തയാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് ഏജന്‍സികള്‍ക്ക് വിവിധ ചുമതലകള്‍ നല്കി. ഒഎന്‍ജിസി, സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ്, റെയില്‍ വികാസ് നിഗം ലിമിറ്റഡ്, നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്, ടെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് എന്നിവയ്ക്കാണ് വിവിധ ചുമതലകള്‍ നല്‍കിയിരിക്കുന്നത്.
തുരങ്കത്തിനുള്ളിലെ തകര്‍ന്നുവീണ പാറക്കഷണങ്ങളും മണ്ണും വലിയ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് പുരോഗമിക്കുന്നു. പാറ തുരന്ന് കുഴലുകള്‍ സ്ഥാപിച്ച് തൊഴിലാളികള്‍ക്ക് പുറത്തുകടക്കാനുള്ള മാര്‍ഗം ഉണ്ടാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. സൈന്യത്തിന്റെ നിര്മാണവിഭാഗമായ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) ഡ്രില്ലിങ് മെഷീനുകള്‍ എത്തിക്കുന്നതിനുള്ള റോഡുകളുടെ പണിയിലാണ്. തുരങ്കത്തിലേക്ക് ലംബമായി മറ്റൊരു തുരങ്കം നിര്‍മിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഓഗര്‍ മെഷീന്റെ സഹായത്തോടെ 900 മില്ലിമീറ്റര്‍ പൈപ്പ് കടത്താനുള്ള ശ്രമവും ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ ഇത് 42 മീറ്റര്‍ പിന്നിട്ടു. ദേശീയപാതാ അതോറിറ്റിയും ഹൈവേ നിര്‍മാണ കമ്പനിയും ടണല്‍ നിര്‍മാണ വിദഗ്ധരും രക്ഷാപ്രവര്‍ത്തകരും യോജിച്ചുള്ള വലിയ ദൗത്യമാണ് ഉത്തരകാശിയില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: