Categories: Kerala

ആര്‍എസ്എസ് നിലപാടുകള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളവ: രത്തന്‍ ശര്‍ദ

Published by

കോഴിക്കോട്: സാമൂഹ്യ-സാംസ്‌കാരിക- രാഷ്‌ട്രധര്‍മ്മ വിഷയങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ നിലപാടുകള്‍ സ്വീകരിക്കുക മാത്രമല്ല പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ചിന്തകനും എഴുത്തുകാരനുമായ രത്തന്‍ ശാര്‍ദ പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ് നിലപാടുകളുടെ പ്രമേയങ്ങള്‍ രാഷ്‌ട്രീയമായി മാത്രമാണ് പലരും വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസരിയുടെ ആഭിമുഖ്യത്തിലുള്ള അമൃതശതം പ്രഭാഷണ പരമ്പരയില്‍ സംഘ പ്രമേയങ്ങള്‍: സാമൂഹിക സാംസ്‌കാരിക നിലപാടുകളുടെ ചരിത്ര രേഖകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല വിഷയങ്ങളിലും ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിക്കുന്ന പ്രമേയങ്ങള്‍ അക്കാലത്ത് മറ്റുപലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാവും. എന്നാല്‍ പില്‍ക്കാലത്ത് മറ്റു സംഘടനകളും സര്‍ക്കാരുകളും സംവിധാനങ്ങളും അതേ നിലപാടുകള്‍ സ്വീകരിച്ച് നടപ്പാക്കുന്നത് കാണാമെന്ന് ശര്‍ദ ഉദാഹരണ സഹിതം വിവരിച്ചു. ജമ്മുകശ്മീരിനെ മൂന്നാക്കി മാറ്റുന്ന പ്രമേയമാണ് ഏറ്റവും കൂടുതല്‍ സമയം, ദിവസങ്ങള്‍ ചര്‍ച്ച നടത്തി പാസാക്കിയത്. 1993ലായിരുന്ന് അത്. പതിറ്റാണ്ടുകഴിഞ്ഞപ്പോള്‍ രാജ്യം അത് അംഗീകരിച്ചു. സംവരണ വിഷയമാണ് മറ്റൊന്ന്. ദേശീയ വിഷയങ്ങളില്‍ 40 പ്രമേയം പാസാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഷയത്തില്‍ 22, ഹിന്ദുസാമൂഹ്യ വിഷയത്തില്‍ 15, സാമ്പത്തികത്തില്‍ 17, സംസ്‌കാരത്തില്‍ 14, ജമ്മു കശ്മീരില്‍ 25, വടക്കുകിഴക്കന്‍ വിഷയത്തില്‍ 17, പാക് വിഷയത്തില്‍ 15 എന്നിങ്ങനെ വിവിധ വിഷയത്തില്‍ പ്രമേയങ്ങളുണ്ട്. ഈ പ്രമേയങ്ങളൊന്നും തിരുത്തേണ്ടിവന്നിട്ടില്ല. പില്‍ക്കാലത്ത് സര്‍ക്കാരുകള്‍ ആ നിലപാടുകള്‍ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്.

അതത് കാലത്ത് മറ്റുള്ളവരില്‍നിന്ന് എതിര്‍പ്പുകള്‍ ഏറെയുണ്ടായ സംഘ നിലപാട് പിന്നീട് അംഗീകരിക്കപ്പെട്ടു. പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടിന് സംഘത്തിന് ഏറെപ്രവര്‍ത്തകരുടെ ജീവന്‍ നല്‍കേണ്ടിവന്നു. പക്ഷേ നിലപാട് മാറ്റിയില്ല. അതായിരുന്നു ശരിയെന്ന് വന്നു. പ്രമേയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് സംഘശൈലി.

സാമൂഹ്യ സമരസതയുടെ കാര്യത്തില്‍, ജാതി ഇല്ലാതാക്കുന്നതില്‍, രാജ്യസുരക്ഷയില്‍, ജനസംഖ്യാ സംതുലനവിഷയത്തില്‍, സംവരണക്കാര്യത്തില്‍ എല്ലാം പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആര്‍എസ്എസ് സ്വീകരിച്ച നിലപാടുകളാണ് ഇന്ന് രാജ്യം അംഗീകരിച്ച് പിന്തുടരുന്നതെന്ന് ആര്‍എസ്എസ് പ്രമേയങ്ങളുടെ ചരിത്ര പ്രാധാന്യത്തില്‍ ഗവേഷണ ബിരുദം നേടിയ ശര്‍ദ വിശദീകരിച്ചു.

ആര്‍എസ്എസ് പ്രമേയങ്ങള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയാണ്. സാമൂഹ്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ വിശദമായ പഠനത്തിനു വിധേയമാക്കിയാണ് ഈ പ്രമേയങ്ങള്‍ തയാറാക്കുന്നത്. സംഘത്തിന്റെ ദേശീയ തലത്തിലും പ്രാന്തീയ തലത്തിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രവര്‍ത്തകരും വിവിധക്ഷേത്ര സംഘടനകളുടെ പ്രധാന ഭാരവാഹികളുമാണ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ പങ്കെടുക്കാറുള്ളത്. ഇവിടെ അവതരിപ്പിക്കുന്ന പ്രമേയങ്ങളില്‍ വിശദ ചര്‍ച്ചകള്‍ നടക്കും, അദ്ദേഹം പറഞ്ഞു.

കോഴിക്കോട് പ്രസ്‌ക്ലബ് സെകട്ടറി പി.എസ്. രാകേഷ് അദ്ധ്യക്ഷനായി. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.എന്‍. ദേവദാസ് സന്നിഹിതനായിരുന്നു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും എന്‍ടിയു ജില്ലാ ജനറല്‍ സെക്രട്ടറി ബി. ബിജീഷ് നന്ദിയും പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക