Categories: Kerala

സംരക്ഷണം ആവശ്യപ്പെടുന്ന തലത്തില്‍ നിന്ന് സ്ത്രീകള്‍ സംരംഭകരായി ഉയരണം: മിനി ഹരികുമാര്‍

Published by

കോഴിക്കോട്: സ്ത്രീകള്‍ സംരക്ഷണം ആവശ്യപ്പെടുന്ന തലത്തില്‍ നിന്ന് സംരംഭകരായി ഉയര്‍ന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാര്‍ പറഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ സംഘടിപ്പിച്ച സ്ത്രീ ശക്തി സംഗമത്തിന്റെ ഉദ്ഘാടന സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് സമൂഹം. സ്ത്രീ പുരോഗമിക്കുകയെന്നാല്‍ പുരുഷനെപോലെയാകുകയെന്നതല്ല. പുരുഷനെ അനുകരിക്കുകയുമല്ല. പോലീസിന്റെ അകമ്പടിയില്‍ രാത്രി നടത്തം സംഘടിപ്പിച്ചാല്‍ ഉണ്ടാകുന്നതല്ല സ്ത്രീശാക്തീകരണം.

സ്ത്രീകള്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാഷ്‌ട്ര പുരോഗതിക്കായി അവരുടെ സജീവപങ്കാളിത്തം ഉറപ്പിക്കേണ്ടതുണ്ട്. ഭദ്രമായ കുടുംബത്തില്‍ നിന്നാണ് ഭദ്രമായ രാഷ്‌ട്രം ഉണ്ടാകുക.

കുടുംബം സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരവേദികളാകരുത്. സ്ത്രീക്കും പുരുഷനും ലോകത്തെല്ലാവര്‍ക്കും ഒരുപോലെയുള്ളത് സമയമാണ്. സമയം ശാസ്ത്രീയമായി വിനിയോഗിച്ച് ശക്തിയും ശേഷിയും ഇച്ഛാശക്തിയും ഉപയോഗിച്ച് സ്വയം ഉയരാന്‍ സ്ത്രീകള്‍ തയാറായാല്‍ ശാക്തീകരണം സ്വാഭാവികമായും ഉണ്ടാകും. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്തമാതൃക ഭാരതത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലുമുണ്ട് അവര്‍ പറഞ്ഞു.

കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം പദ്മശ്രീ പി. മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം അധ്യക്ഷ ഡോ. വീണ സാബു അധ്യക്ഷയായി. ബാലഗോകുലം സംസ്ഥാന സമിതി അംഗം സ്മിത വത്സലന്‍, കുടുംബ പ്രബോധന്‍ വിഭാഗ് കാര്യകാരി അംഗം നിഷ റാണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
രാഷ്‌ട്ര സേവിക സമിതി ദക്ഷിണക്ഷേത്രീയ സഹകാര്യ വാഹിക ലത രാജന്‍ സമാപന പ്രസംഗം നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക