ബെംഗളൂരു: വിവാഹം കഴിക്കാന്‍ വധുവിനെ ലഭിക്കാതായതോടെ വീണ്ടും പദയാത്രയ്ക്കൊരുങ്ങി കര്‍ണാടകയിലെ യുവ കര്‍ഷകര്‍. പലവഴികള്‍ നോക്കിയിട്ടും പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും വിവാഹം ചെയ്യാന്‍ യുവതികളെ കിട്ടുന്നില്ലെന്ന
താണ് ഇവരുടെ പ്രശ്നം.
വിവാഹം നടക്കാന്‍ ദൈവത്തിന്റെ അനുഗ്രഹം തേടിയാണ് യുവാക്കള്‍ പദയാത്ര നടത്തുന്നത്. ഡിസംബറില്‍ മാണ്ഡ്യയിലെ ആദിചുഞ്ചാനിഗിരി മഠത്തിലേക്കാണ് യുവാക്കള്‍ പദയാത്ര നടത്തുക.
കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കാരണത്താല്‍ യുവാക്കളുടെ മറ്റൊരു സംഘം പദയാത്ര നടത്തിയിരുന്നു. ഗ്രാമീണഅന്തരീക്ഷത്തില് ജീവിക്കാന്‍ ഭൂരിപക്ഷം യുവതികള്‍ക്കും താല്പര്യമില്ല.മാത്രമല്ല, മക്കളെ കാര്‍ഷിക ചുറ്റുപാടിലേക്ക് വിവാഹം
ചെയ്ത് അയക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കും താത്പര്യമില്ല. ഇതാണ് ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്ക് വിവാഹത്തിനായി വധുവിനെ ലഭിക്കാത്തതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്.
30 വയസും അതിന് മുകളിലും പ്രായമുള്ളവരാണ് ഫെബ്രുവരിയില്‍ ചാമരാജനഗര്‍ ജില്ലയില്‍ നടന്ന പദയാത്രയില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ 25 വയസ് മുതലുള്ളവരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്.
വിവാഹം നടക്കാത്ത യുവകര്‍ഷകരുടെ കൂട്ടായ്മയായ അഖില കര്‍ണാടക ബ്രഹ്മചാരിഗല സംഘമാണ് പദയാത്ര നയിക്കുന്നത്. മഠത്തിലെ നിര്‍മലാനന്ദനാഥ സ്വാമിയെ സന്ദര്‍ശിച്ചെന്നും യാത്രയ്ക്ക് അദ്ദേഹം അനുമതി നല്‍കിയിട്ടുണ്ടെന്നും അഖില കര്‍ണാടക ബ്രഹ്മചാരിഗല സംഘയുടെ സ്ഥാപകന്‍ കെ.എം ശിവപ്രസാദ് അറിയിച്ചു.
യുവതികള്‍ വിവാഹത്തിന് തയ്യാറാവാത്ത പ്രശ്നത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ സ്ത്രീധനം ചോദിക്കുന്നില്ല. അവരെ രാജ്ഞികളെ പോലെ നോക്കും. എന്നിട്ടും തങ്ങളുടെ മക്കളെ ഞങ്ങള്‍ക്ക് വിവാഹം ചെയ്ത് തരാന്‍ ഒരു കുടുംബവും തയ്യാറാവുന്നില്ല. അതുകൊണ്ടു
തന്നെ ജനങ്ങളില്‍ ഈ പ്രശ്നത്തെക്കുറിച്ച് അവബോധം
സൃഷ്ടിക്കുകയാണ് ഈ പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പദയാത്രയുടെ സംഘാടകന്‍ സന്തോഷ് അഭിപ്രായപ്പെട്ടു.
അതേസമയം ചാമരാജനഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലുള്ള പ്രസിദ്ധ ക്ഷേത്രമായ മലേ മഹാദേശ്വര കുന്നിലേക്ക് വര്‍ഷംതോറും ആയിരക്കണക്കിന് ഭക്തര്‍ പദയാത്ര നടത്താറുണ്ട്. കാല്‍നടയായി ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. കൂട്ടമായി ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ തങ്ങളുടെ വിവാഹം മുടക്കങ്ങളില്ലാതെ നടക്കുമെന്നതാണ് യുവാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും.
ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള കാര്‍ത്തിക മാസത്തിലെ ദീപാവലിയോടനുബന്ധിച്ചാണ് മലേ മഹാദേശ്വര കുന്നിലേക്കുള്ള പദയാത്ര നടക്കാറുള്ളത്.ഇതില്‍ ചാമരാജനഗര്‍, മൈസൂര്‍, മാണ്ഡ്യ, ബെംഗളൂരു തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവാക്കളാണ് പദയാത്രയായി ക്ഷേത്രത്തിലെത്താറുള്ളത്. ഇതില്‍ തന്നെ കര്‍ഷകരും തൊഴിലാളികളുമായ യുവാക്കളാണ് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കണമെന്ന ആഗ്രഹവുമായി മല ചവിട്ടാറുള്ളത്. ഇതിനൊപ്പം നാട്ടിലെ വരള്‍ച്ച മാറി മഴയും സമൃദ്ധിയുമുണ്ടാവാനും ആയുര്‍ ആരോഗ്യത്തിനുമായെല്ലാം ഇവര്‍ പ്രാര്‍ത്ഥിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: