പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വീസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഡിപ്പോയില്‍ നിന്നും തെക്കന്‍ മലയോര പഞ്ചായത്തുകളിലേക്കുള്ള സര്‍വീസുകളുടെ കുറവാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.
സമാന്തര സര്‍വീസുകള്‍ ഏറെക്കുറെയും നിര്‍ത്തലാക്കിയതാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. മുന്‍കാലങ്ങളില്‍ രാത്രി ഒന്‍പതു മണി വരെയെങ്കിലും ഈ റൂൂട്ടുകളില് പൊതുഗതാഗതം ഉണ്ടായിരുന്നു. വെള്ളറട ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകുന്നു.
ദൂരയാത്ര കഴിഞ്ഞ് രാത്രിയില്‍ പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും എത്തുന്നവര്‍ സ്വകാര്യവാഹനം വാടകയ്ക്കെടുത്ത് വീട്ടിലെത്തേണ്ട അവസ്ഥയാണ്. നെയ്യാറ്റിന്‍കര റൂട്ടിലാണ് ഏറെ യാത്രാക്ലേശം ഉണ്ടാകുന്നത്. പൊതുഗതാഗത വാഹനങ്ങള്‍ മുന്‍ കാലങ്ങളിലെപ്പോലെ സര്‍വീസ് നടത്താത്തതും യാത്രക്കാരെയും വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. കവലകളില്‍ മണിക്കൂറുകള്‍ ബസ് കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. രാത്രി 9നു ശേഷം ഗ്രാമീണ റൂട്ടുകളില്‍ ബസ് സര്‍വീസില്ലാത്തതിന് പരിഹാരവുമില്ല.
വെള്ളറട, പനച്ചമൂട്, നിലമാമൂട്, കാരക്കോണം, കുന്നത്തുകാല്‍ പ്രദേശത്തെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ യാത്രാക്ലേശം. കാരക്കോണം മഞ്ചവിളാകം റൂട്ടിലും കാരക്കോണം പെരുങ്കടവിള റൂട്ടിലും വണ്ടി കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും. രാവിലെ 8നും 9.30നും ഇടയിലും വൈകുന്നേരം 4നും 5.30നും ഇടയിലുള്ള തിരക്കേറിയ സമയത്ത് പോകുന്ന ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നും പരാതിയുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസില്‍ കയറാന്‍ കഴിയുന്നില്ലെന്നും വീടുകളില്‍ എത്തുവാന്‍ വൈകുന്നുവെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. കെഎസ്ആര്‍ടിസി ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്തണമെന്നും അല്ലാത്തപക്ഷം മുന്‍കാലങ്ങളിലെപ്പോലെ സമാന്തര സര്‍വീസുകാര്‍ക്ക് സര്‍വീസ് അനുമതി നല്‍കിയെങ്കിലും യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: