കിളിമാനൂര്‍/തിരുവനന്തപുരം: ജനം ടിവിയുടെ മെഗാ മ്യൂസിക്കല്‍ ഷോ, മ്യൂസിക്ക് ഇന്ത്യാ 2023നു തലസ്ഥാനനഗരിയില്‍ ഉജ്ജ്വല തുടക്കമായി. കിളിമാനൂര്‍ നഗരൂരില്‍ സംഘടിപ്പിച്ച സംഗീത വിരുന്ന് ആവേശത്തിരയിളക്കി. ശക്തമായ മഴയിലും സദസ് നിറഞ്ഞുകവിഞ്ഞു. യുവഗായകരായ വിവേകാനന്ദന്‍, മിഥുന്‍രാജ്, രേഷ്മ രാഘവേന്ദ്ര, ഭദ്ര എന്നിവരാണ് സംഗീതവിരുന്ന് ഹൃദ്യമാക്കിയത്.
ജനം ടിവി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സംഗീതവിരുന്ന് ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ നഗരൂരില്‍ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ മൂന്നു വേദികളിലും മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലുമായി അഞ്ചു സ്‌റ്റേജ് ഷോകളാണ് മ്യൂസിക്ക് ഇന്ത്യാ 2023 ആദ്യ സീസണില്‍ ജനം ടിവി അവതരിപ്പിക്കുന്നത്. ചടുലമായ സംഗീത വിസ്മയങ്ങളാണ് ഓരോ വേദികളിലും ഏറ്റവും പ്രശസ്തരായ ബാന്‍ഡുകള്‍ അവതരിപ്പിക്കുന്നത്.
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി സ്വാഗതസംഘം മുഖ്യരക്ഷാധികാരിയും സംഗീത സംവിധായകനും കിളിമാനൂര്‍ പാലസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ രാമവര്‍മ്മ തമ്പുരാന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. ജനം ടിവി ഡയറക്ടര്‍ നേപ മുരളി, സിഒഒ ഗിരീഷ് മേനോന്‍, സ്വാഗതസംഘം രക്ഷാധികാരി തോട്ടയ്‌ക്കാട് ശശി, ജനം ടിവി പ്രോഗ്രാം ഹെഡ് തിരൂര്‍ രവീന്ദ്രന്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സുജിത്ത് ഭവാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വരും നാളുകളില്‍ കൊച്ചിയില്‍ പിന്നണി ഗായിക കല്പന രാഘവേന്ദ്ര, നിഖില്‍ മാത്യു, ദിവ്യമേനോന്‍, ഭാഗ്യരാജ് എന്നിവരുടെ സംഗീത രാവും, കോഴിക്കോട് കുട്ടിത്താരങ്ങളായ ഋതുരാജ്, കീര്‍ത്തന, ശ്രീഹരി, ദേവ നാരായണന്‍, കൃഷ്ണ ദിയ തുടങ്ങിയവരുടെ ബാന്‍ഡ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ രൂപാ രേവതി ബാന്‍ഡ് എന്നിങ്ങനെയാണ് മ്യൂസിക്ക് ഇന്ത്യാ 2023 ആദ്യ സീസണിന്റെ താരനിര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: