കള്ളന് ചക്കേട്ടു
കണ്ടാ മിണ്ടണ്ട
കൊണ്ടെത്തിന്നോട്ടെ
അച്ഛനു കേള്‍ക്കണോ ഒരു തമാശ?
മക്കള്ക്കൊഴിവുള്ളൊരു ദിവസം. ഞങ്ങള്‍ ഡൈനിങ്ങ് ടേബിളിനു ചുറ്റുമിരുന്ന് സൊറ പറയുന്നു. ഞങ്ങളെന്നാല്, ഞാനും ശ്രീമതിയും പിന്നെ അരുണും അഖിലയും. മക്കളോടൊപ്പം നോര്‍ത്ത് കാലിഫോര്‍ണിയായിലെ മില്‍പ്പിറ്റാസ് എന്ന ടൗണ്‍ഷിപ്പില്‍ കാടാറുമാസ വാസത്തിനു വന്നിരിക്കയാണ് ഞങ്ങള്‍.
തമാശയാണോ മോളേ, കേള്‍ക്കട്ടെ
മോഷ്ടിക്കാന്‍ കയറിയ കള്ളന് വീട്ടുടമക്കെതിരെ കേസു കൊടുത്തു. കള്ളന് കോമ്പന്‍സേഷന്‍ കിട്ടണമെന്ന്!
എന്തിന്?
പാതിരാത്രി കള്ളന് മതിലുചാടി വീടിന്റെ കോമ്പൗണ്ടില്‍ കേറി. ശബ്ദം കേട്ട് ഉടമസ്ഥന് പുറത്തെ ലൈറ്റിട്ടു. കള്ളന് ഓടി. ഓടുന്ന ഓട്ടത്തില്‍ തട്ടിത്തടഞ്ഞ് സ്വിമ്മിങ്ങ് പൂളില്‍ വീണു. കള്ളന്റെ കാലൊടിഞ്ഞു. സ്വിമ്മിങ്ങ് പൂളില്‍നിന്ന് കേറാനോ രക്ഷപ്പെടാനോ പറ്റിയില്ല. അപ്പോഴേക്കും പോലീസു വന്നു. കള്ളനെ അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മതിലുചാടി വീടിന്റെ കോമ്പൗണ്ടില്‍ കടന്നതിന് കള്ളനെ കോടതിയില്‍ ഹാജരാക്കി.
എന്നിട്ട് കള്ളനെ ശിക്ഷിച്ചോ?
പിന്നല്ലാതെ. കള്ളന് ശിക്ഷ കിട്ടി. കള്ളന് വിട്ടില്ല. വീട്ടുടമസ്ഥനെതിരെ അയാളും കൊടുത്തു, ഒരു കേസ്, അതെന്തിനാ മോളെ?
സ്വിമ്മിങ്ങ് പൂളിന് ഫെന്സിങ്ങില്ലായിരുന്നു.അതുകൊണ്ടാത്രെ അയാള്‍ സ്വിമ്മിങ്ങ് പൂളില്‍ വീണതും അയാളുടെ കാലൊടിഞ്ഞതും. കോടതി എന്തു വിധിച്ചു?
കള്ളന് വീട്ടുടമസ്ഥന് കോമ്പന്‍സേഷന്‍ കൊടുക്കേണ്ടിവന്നു.
അതു ശരിയല്ലല്ലോ മോളെ. അയാള്‍ കള്ളനല്ലെ. രാത്രി കക്കാന്‍ കേറിയതല്ലെ?’
വീടിന്റെ കോമ്പൗണ്ടിനകത്തായാലും സ്വിമ്മിങ്ങ്പൂളിന് ചുറ്റും ഫെന്‍സിങ്ങ് വേണം. ഫെന്‍സിങ്ങ് ഇല്ലാത്തതുകൊണ്ട് ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ കോമ്പന്‍സേഷന്‍ കൊടുക്കേണ്ടിവരും.
കള്ളനായാലും?
എന്താ സംശയം!
ഇത് കഥയല്ലെ മോളെ ?
സാന്റാ ക്ലാരയില്‍ നടന്ന സംഭവമാണച്ഛാ
മില്‍പ്പിറ്റാസിലെ ഈ വീട്ടിലേക്കു മാറുന്നതിനുമുമ്പ് മക്കള്‍ സാന്റാക്ലാരയിലായിരുന്നു. അത്ര അകലെയല്ലാ സാന്റാക്ലാരാ. അരമണിക്കൂറിന്റെ ഡ്രൈവിങ്ങ്. (കാലിഫോര്ണിയാസ്റ്റേറ്റിലെ കൗണ്ടികളിലൊന്നിന്റെ ആസ്ഥാനമാണ് സാന്റാക്ലാരാസിറ്റി. നമ്മുടെ നാട്ടിലെ ജില്ലയാണ് ഇവിടത്തെ കൗണ്ടി.)
വൃക്ഷനിബിഡമായ, വിശാലമായ കോമ്പൗണ്ട്. കോമ്പൗണ്ടിന്റെ കിഴക്കും പടിഞ്ഞാറുമായി പത്ത് ഇരുനില ഫ്ലാറ്റുകള്‍. ഒരു ഫ്ലാറ്റില്‍ നാല് അപ്പാര്‍ട്ടുമെന്റുകള്‍. കോമ്പൗണ്ടില്‍ റെഡ് വുഡ്, ഓക്ക്, തുടങ്ങിയ വൃക്ഷങ്ങള്‍. മീനുകള്‍ നീന്തിക്കളിക്കുന്ന കൊച്ചുതടാകം. തടാകത്തിനു ചുറ്റും പുഷ്പിക്കുന്നതും അല്ലാത്തുമായ ചെടികള്‍ അലങ്കരിക്കുന്ന ഉദ്യാനം.
ഒരു ഫ്ലാറ്റില്‍ അമ്മച്ചി താമസിക്കുന്നു. അവരുടേതാണ് ഈ ഫ്ലാറ്റുകള്‍. അമ്മച്ചിയുടെ ഫഌറ്റുകളെ അരുണും അഖിലയും ഗൃഹാതുരതയോടെ ഓര്‍മ്മിക്കുന്നു.
എഴുപതിനോടടുത്തു പ്രായമുണ്ടുപോലും അമ്മച്ചിക്ക്. താമസം ഒറ്റയ്ക്ക്. രണ്ടുമക്കളുണ്ട്. കാഴ്ചയില്‍ മക്കള്‍ക്ക് അമ്മച്ചിയേക്കാള്‍ പ്രായമുണ്ടെന്ന് അഖില പറയുന്നു. വര്‍ഷത്തിലൊരിക്കല്‍, താങ്ക്സ് ഗിവിങ്ങ് ഡേ ദിവസം അവര്‍ അമ്മച്ചിയെ കാണാന്‍ വരും.
അമ്മച്ചി ഒറ്റക്കാണെന്നു പറഞ്ഞുകൂടാ. കൂട്ടിന് മൂന്നുനാലു പട്ടികളുണ്ട്. പിന്നെ ഒരു ബൈക്കും. പ്രായം അമ്മച്ചിയുടെ മനസ്സിനേയോ ശരീരത്തേയോ ബാധിച്ചിട്ടില്ലെന്ന് അഖില അസൂയപ്പെടുന്നു. സാന്റാക്ലാരാ നഗരത്തിലെ തിരക്കുള്ള റോഡുകളിലൂടെ ഈ ബൈക്ക് അമ്മച്ചി പറപ്പിച്ചുപോകാറുണ്ടെന്ന് അവള് ആണയിട്ടു പറയുന്നു. അമ്മച്ചിയെ കാണാനും പരിചയപ്പെടുത്താനും ഒരു ദിവസം അരുണും അഖിലയും ഞങ്ങളെ കൊണ്ടുപോയതായിരുന്നു. പക്ഷേ അമ്മച്ചിയെ കാണാന്‍ പറ്റിയില്ല. അവര്‍ ബൈക്കില്‍ പുറത്തെങ്ങോ പോയിരിക്കുന്നു.
അമ്മച്ചിവിശേഷങ്ങള് തല്ക്കാലം അവിടെ നില്ക്കട്ടെ. കള്ളന് വീട്ടുടമയ്ക്കെതിരെ കേസുകൊടുത്ത കഥയാണല്ലോ പറഞ്ഞുവന്നത്.
അമേരിക്കയിലെ നിയമവ്യവസ്ഥയേയും കോടതിസംവിധാനത്തേയും കൂടുതലറിഞ്ഞുതുടങ്ങിയപ്പോള് അഖില പറഞ്ഞതിലൊട്ടും അതിശയോക്തിയില്ലെന്ന് എനിക്കു ബോധ്യമായി.
Beware of Dog ചില വീടുകളുടെ മുമ്പില്‍ ഇങ്ങനെ എഴുതിവച്ചിട്ടുണ്ടാകും. വീട്ടുകാരന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട്ടിനകത്തേക്കോ കോമ്പൗണ്ടിലേക്കുപോലുമോ കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊരു താക്കീത്.
ഇങ്ങനെയൊരു ബോര്‍ഡ് വീട്ടിനുമുമ്പില്‍ വെച്ചിട്ടില്ല, നിങ്ങള്‍ ആ വീട്ടിന്റെ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നു, പട്ടിയെ അഴിച്ചുവിട്ടിരിക്കുന്നു, പട്ടി നിങ്ങളുടെ മാംസളവും മൃദുലവുമായ ശരീരഭാഗത്ത് ഒരു നല്ല കടിവെച്ചുതരുന്നു. എങ്കില്‍ നിങ്ങള്‍ക്ക് വീട്ടുടമയ്ക്കെതിരെ കേസുകൊടുക്കാം. തക്കതായ നഷ്ടപരിഹാരം കിട്ടിയിരിക്കും.
മക്കളുടെ അടുത്ത സുഹൃത്തുക്കളായ റഹ്ന-ലിയോ ദമ്പതികള്‍ വീടിന്റെ ഗേറ്റില്‍ ഒരു ബോര്‍ഡ് സ്ക്രൂചെയ്തു വെച്ചിട്ടുണ്ട് Beware of Dog.
പലതവണ അവരുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും പട്ടിയേയോ പട്ടിക്കൂടോ കണ്ടില്ല.
‘ലിയോ, നിങ്ങടെ പട്ടിയെവിടെ?’
‘അങ്കിളേ ഞങ്ങള്‍ക്കു പട്ടിയില്ല’
പിന്നെന്തിനാണ് ഈ Beware of Dog?
കള്ളനെ പേടിപ്പിക്കാനാണ് അങ്കിള്‍. ഐഡിയ കൊള്ളാം.
ഇരുട്ടത്ത് കള്ളന് ബോര്‍ഡു കണ്ടില്ലെങ്കിലോ?’
ലിയോക്ക് ഉത്തരമില്ല.
ഒരു സീറോവാട്ട് ബള്‍ബിട്ടാല്‍ മതിയാകും ലിയോ.’അതു കൊള്ളാമെന്ന് ലിയോ.
നിങ്ങള്‍ ഫുട്പാത്തിലൂടെ നടന്നുപോകുന്നു. ഫുട്പാത്തിലൊരിടത്ത് അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പ് നന്നാക്കാനോ, കുടിവെള്ളം കൊണ്ടുവരുന്ന പൈപ്പ് മാറ്റിയിടാനോ സ്ലാബ് നീക്കിയിട്ടിരിക്കുന്നു. വിടവില്‍ കാലു കുടുങ്ങി നിങ്ങള്‍ക്ക് മുറിവു പറ്റുന്നു, അല്ലെങ്കില്‍ കാലിന്റെ എല്ലൊടിയുന്നു. കോമ്പന്‍സേഷനുവേണ്ടി സിറ്റിക്കെതിരെ കേസു കൊടുക്കാം. കോമ്പന്‍സേഷന്‍ കിട്ടിയിരിക്കും പക്ഷേ, ‘സ്ലാബു തുറന്നിട്ടയിടം റിബ്ബണ്‍ കെട്ടിവളച്ചിട്ടില്ല, ഇവിടെ റിപ്പയര്‍ നടക്കുന്നു’ എന്ന് ബന്ധപ്പെട്ടവര്‍ എഴുതിവച്ചിട്ടില്ല എന്ന് കോടതിക്കു ബോധ്യപ്പെട്ടാല്‍ മാത്രം.
അമേരിക്കയിലെ നഗരങ്ങളിലായാലും ടൗണ്ഷിപ്പുകളിലായാലും കാല്‍നടക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഫുട്പാത്തിലൂടെ മാത്രം നടക്കുക. ഫുട്പാത്ത് നടന്നു പോകാന്‍ മാത്രമുള്ളതാണ്. (ഫുട്പാത്തുകളില്‍ റെഡിമെയ്ഡ്-ചെരിപ്പുകച്ചവടങ്ങള് ഇരമ്പുന്നതു കണ്ടുപരിചയിച്ച നമ്മള് ഇന്ത്യക്കാര്‍ക്ക് ഈ നിയമം അത്രയ്ക്കങ്ങു ബോധിക്കുന്നില്ല)
ഫുട്പാത്തില്നിന്നിറങ്ങി റോഡരികിലൂടെ നിങ്ങള്‍ നടന്നുപോകുന്നു, ഒരു വാഹനം നിങ്ങളെ ഇടിച്ചുതെറിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇന്‍ഷൂറന്‍സിന്റെ പരിരക്ഷയോ കോമ്പന്‍സേഷനോ കിട്ടിയെന്നു വരില്ല.
റോഡില്‍ ഒരു കുഴി രൂപപ്പെട്ടിരിക്കുന്നു, ഒരു ഇരുചക്രവാഹനം കുഴിയില്‍ ചാടുന്നു, നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുന്നു. യാത്രക്കാരനുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സിറ്റിക്കെതിരെ അയാള്‍ക്ക് കോടതിയില്‍ പോകാം. (സിറ്റികൊണ്ടുദ്ദേശിക്കുന്നത് നമ്മുടെ മുനിസിപ്പാലിറ്റിക്കു തുല്യമായ ഭരണസംവിധാനം).
കഷ്ടമാണ് അമേരിക്കയിലെ ഡോക്ടര്‍മാരുടെ കാര്യം. ഡോക്ടര്‍ക്കെതിരെ കോമ്പന്‍സേഷന്‍ കേസുകള്‍ എപ്പോഴും പ്രതീക്ഷിക്കാം. ഡോക്ടറുടെ അശ്രദ്ധകൊണ്ടുമാത്രമാകണമെന്നില്ലല്ലോ രോഗി മരിക്കുന്നത്. ചില മരുന്നുകള്‍, ചില മനുഷ്യരില്‍ മാരകമായേക്കാം. ഓപ്പറേഷന് വിജയിച്ചു, പക്ഷേ രോഗി മരിച്ചുപോയി എന്നും വരാം.
ഡോക്ടറുടെ പിഴവുകൊണ്ടാണ് രോഗിയുടെ സ്ഥിതി വഷളായതെന്നോ രോഗി മരിച്ചുപോയതെന്നോ കോടതിയില്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ ഡോക്ടര്‍ കനത്ത കോമ്പന്‍സേഷന്‍ നല്‍കേണ്ടിവരും.
മറ്റൊരു തമാശ, കൊടുക്കേണ്ടിവരാവുന്ന കോമ്പന്‍സേഷന്‍ കവര്‍ ചെയ്യാനായി ഡോക്ടര്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസിയെടുക്കാം. പക്ഷേ പ്രീമിയം കൂടും.
ഇങ്ങ് ഇന്ത്യയിലോ, ശരിയായ ചികിത്സ സമയത്തിനു ലഭിക്കാതെ എത്രയോപേര്‍ ഒരു ദിവസം മരിക്കുന്നു. എന്തെന്തു കാരണങ്ങള്കൊണ്ടാണെന്നറിയണമെങ്കില് ദിവസേന വീട്ടുനടയ്ക്കലെത്തുന്ന പത്രം മറിച്ചുനോക്കിയാല്‍ മതിയാവും. അതുമല്ലെങ്കില്‍ ടി,വി.യിലെ ന്യൂസ് ചാനല്‍ തുറന്നുവെക്കുക.
എത്രയെത്ര സംഭവങ്ങള്‍ ഈ കൊച്ചുകേരളത്തില്‍ !
അമേരിക്കയിലെ ഡോക്ടര്‍മാരോട് നമുക്കു സഹതപിക്കാം. എന്തെന്നാല്‍, ഓരോ പൗരന്റെ ജീവനും ആരോഗ്യവും വിലപ്പെട്ടതാണെന്ന് ആ നാടിന്റെ ഭരണചക്രം തിരിക്കുന്നവര്‍ എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു.
സാധാരണ പൗരന്റെ ജീവനാണ് നമ്മുടെ നാട്ടില്‍ ഏറ്റവും വിലക്കുറവുള്ളത്. വലിയ ഡിഗ്രികളുള്ള ഡോക്ടറായാലും മള്‍ട്ടിസൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലായാലും നിയമത്തേയും കോമ്പന്സേഷനേയും പേടിക്കുന്ന കാലം വരണം.
അന്നേ തീരൂ നമ്മള് ഇന്ത്യക്കാരുടെ ദുരിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: