സംഗീതത്തിന്റെ ഏറ്റവും മഹത്തായ കഴിവുകളില്‍ ഒന്നായി കണക്കാക്കുന്നത് അത് സന്തോഷവും സമാധാനവും പകര്‍ന്നുതരുന്നു എന്നതാണ്. ആസ്വാദകരിലേക്ക് ഈ അനുഭൂതി പകര്‍ന്നു കിട്ടണമെങ്കില്‍ ഗായകനോ ഗായകിയോ താന്‍ ആവിഷ്ക്കരിക്കുന്ന സംഗീതംകൊണ്ട് സന്തുഷ്ടരാകണം എന്നത് അനുക്തസിദ്ധമാണല്ലോ. ചിത്രയെപ്പോലെ ചലച്ചിത്രഗാനങ്ങള്‍ പാടി ജനങ്ങളെ സന്തോഷിപ്പിക്കുന്നവരായാലും, ചെമ്പൈ സ്വാമിയെപോലെ കര്‍ണ്ണാടക സംഗീതമായാലും അവരുടെ അരങ്ങിലെ പ്രസന്നതയും അവതരണത്തിലെ ആനന്ദവുമാണ് പരിപാടികളുടെ വിജയത്തിന്റെ പ്രധാന ഘടകമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല.
ഇങ്ങനെ സന്തോഷത്തോടെ പാടി സംഗീതത്തെ അനുഭവവേദ്യമാക്കുന്ന പുതുതലമുറ വിദുഷിയാണ് ഡോ. ബൃന്ദ മാണിക്കവാസകം. സംഗീതം ആസ്വദിച്ചു പാടുന്ന, കര്‍ണ്ണാടക സംഗീതത്തെ ജനപ്രിയമാക്കാന്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്കുന്ന നിയുക്ത സംഗീതകലാനിധികളില് ഒരാളായ നെയ്വേലി സന്താനഗോപാലന്റെ ബാണിയുടെ ഭംഗി മുഴുവനും ബൃന്ദ ആവാഹിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഇക്കാര്യം ഭംഗിയായി വ്യക്തമാക്കുന്ന ഒരു കച്ചേരി ഡോ. ബൃന്ദ അടുത്തിടെ കോഴിക്കോട് സദ്ഗുരു സംഗീത സഭയില്‍ അവതരിപ്പിക്കുകയുണ്ടായി.
സംഗീതാസ്വാദനംകൊണ്ടും കോഴിക്കോട്ടെ പ്രശസ്തമായ ത്യാഗരാജ സംഗീതോത്സവം പോലെയുള്ള സംഗീതമേളകളുടെ സംഘാടകനായും ഏറെ ജനപ്രിയനായിരുന്ന ഡോ. രാമനാഥന്റെ അനുസ്മരണമായിട്ടായിരുന്നു ഈ സംഗീതകച്ചേരി സംഘടിപ്പിച്ചത്. ബേഗഡ, പൂര്വ്വി കല്ല്യാണി, ശങ്കാരാഭരണം തുടങ്ങി വ്യത്യസ്തമായ രാഗങ്ങളും കൃതികളും പാടി ബൃന്ദ ഈ അനുസ്മരണം സ്മരണീയമാക്കി.
ബേഗഡ രാഗത്തിലെ പ്രസിദ്ധ ത്യാഗരാജ കൃതിയായ അഭിമാനമെന്തെടു ആണ് ബൃന്ദ അവതരിപ്പിച്ചത്. സംഗീതത്തിന്റെ പരമമായ ലക്ഷ്യം ഭക്തിയുടെ സത്യസന്ധമായ ആവിഷ്ക്കാരമാണെന്ന ‘അഭിമാന’മാണ് ഈ കൃതിയിലെ പ്രമേയം. ചടുലമായ നിരവലിലൂടെയും താളാത്മകമായ സ്വരപ്രസ്താരത്തിലൂടെയും ബൃന്ദ ഈ കൃതി ആകര്‍ഷകമായി തന്നെ അവതരിപ്പിച്ചു.
കര്‍ണ്ണാടക സംഗീതത്തിലെ രാജന് എന്നുതന്നെ പറയാവുന്ന ശങ്കരാഭരണം രാഗത്തിലുള്ള പ്രസിദ്ധ ത്യാഗരാജ കൃതിയായ സ്വരരാഗ സുധ ആയിരുന്നു കച്ചേരിയിലെ പ്രധാന ഇനം. ഇതും സംഗീതത്തെ കുറിച്ചുള്ള രചന തന്നെയാണ് എന്നത് ഒരു തരത്തില്‍ അര്ത്ഥവത്തുതന്നെയാണ്.
വയലിന് സംഗീതത്തിന്റെ തലതൊട്ടപ്പന്മാരില് പ്രധാനനായിരുന്ന ലാല്‍ഗുഡി ജയരാമന്റെ ശിഷ്യ ശ്രേയ ദേവ്നാഥായിരുന്നു കച്ചേരിക്ക് വയലിന് വായിച്ചത്. ശങ്കരാഭരണത്തില്‍ ബൃന്ദ ചെറിയ ഖണ്ഡങ്ങളായി പാടിയ അതീവ ആകര്‍ഷകങ്ങളായ സ്രങ്ങള്‍ ശ്രേയ ശ്രദ്ധേയമായി തന്നെ പുനരവതരിപ്പിച്ചു.
പൂങ്കുളം സുബ്രഫ്മണ്യത്തിന്റെ ശിഷ്യനായ കുംഭകോണം സ്വാമിനാഥന് അതീവ ഹൃദ്യമായ തനിയാവര്‍ത്തനമാണ് അവതരിപ്പിച്ചത്. തിശ്രത്തിലേക്കുള്ള വിന്യാസവും അതില്‍ തന്നെ പല നടകളും അദ്ദേഹം വളരെ കൃത്യതയോടെയാണ് വായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: