ഔസേപ്പച്ചനുമായി ഒരു ദിവസം മുഴുവന്‍ സംഗീതത്തെക്കുറിച്ച് സംസാരിച്ചാല്‍, ഒന്നുകില്‍ അദ്ദേഹത്തിനു ശരിക്കും ബോറടിച്ചേക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ ജനപ്രിയമാകുന്നതിന്റെ രഹസ്യം അല്‍പ്പമെങ്കിലും നമുക്ക് മനസ്സിലായേക്കാം! രണ്ടാമത്തേതിനാണ് സാധ്യത കൂടുതലെങ്കിലും, ഔസേപ്പച്ചന്റെ ഇടത്തും വലത്തുമിരുന്ന് ആഴത്തില്‍ സംഗീതം പഠിച്ച എ. ആര്. റഹ്മാനെപ്പോലെയോ വിദ്യാസാഗറിനെപ്പോലെയോ നമ്മള് ആകുകയേയില്ല!
കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം…
ബാല്യകാല ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്ന ഈ തേനൂറും ഗാനം ആദ്യം കേട്ടത് എണ്‍പതുകളുടെ അവസാനത്തിലാണ്. അന്നുമുതലുള്ള മോഹമായിരുന്നു ഈ ഗീതത്തിനു സംഗീതം നല്കിയ പ്രതിഭയെ കണ്ടൊന്ന് സംവദിക്കണമെന്നത്. വിഭിന്നമായ കാരണങ്ങളാല്‍ നടക്കാതെപോയ ആ അഭിമുഖം ഇപ്പോഴാണ് സാധ്യമായത്.
പതിനാലു കോടി രൂപയും പതിനാലു പുരസ്കാരങ്ങളും വാരിക്കൂട്ടിയ ‘അയാളും ഞാനും തമ്മില്‍’ എല്ലാവരും മുന്നെത്തന്നെ കണ്ടു. ഇത്രയും ഊഷ്മളമായ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും മറ്റൊരു പടത്തിലും അടുത്ത കാലത്ത് വേറെ കേട്ടിട്ടില്ല! അന്നത്തെ പോലെ ഇന്നും ഔസേപ്പച്ചന് എന്ന സംഗീതജ്ഞന് ശ്രോതാക്കളെ സ്വരമാധുര്യംകൊണ്ട് കുളിരണിയിക്കുന്നല്ലോ എന്നോര്‍ത്തു.
ഈ സിനിമയിലെ ”അഴലിന്റെ ആഴങ്ങളില്‍ അവള് മാഞ്ഞുപോയ്, നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്…” എന്നു തുടങ്ങുന്ന ഗാനം പലരുടെയും ഒരു ദൗര്‍ബല്യമാണ്-കേള്‍ക്കാനും ഒറ്റക്കിരിക്കുമ്പോള്‍ മൂളാനും! വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ തുടക്കക്കാരനായ നിഖില്‍ മാത്യുവിനെക്കൊണ്ട് ഔസേപ്പച്ചന് ഇത്രയും മനംകവരുന്ന മട്ടില്‍ പാടിപ്പിച്ചെന്നോ!
‘അഴലിന്റെ ആഴങ്ങളില്‍’ ഓരോ പ്രാവശ്യം കേട്ടുതീരുമ്പോഴും വിരഹാര്ദ്രനൊമ്പരത്തിന്റെ ഏതോ തീരത്തുനിന്നു മനസ്സില്‍ എന്തെന്നില്ലാത്ത നൊസ്റ്റാള്‍ജിയ രൂപംകൊള്ളുന്നു.
ഔസേപ്പച്ചനുമായുള്ള സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ അത് അറിയിച്ചു.
ഹാ… ഹാ… വിജയുമായുള്ള അഭിമുഖം ഞാന്‍ മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോയതാണെന്ന് കരുതരുത്. തിരക്കിലായതുകൊണ്ടാണ്. ഈ കാത്തിരുപ്പ് ‘കണ്ണാംതുമ്പി’ മുതല്‍ തുടങ്ങിയതാണല്ലേ? നഷ്ടപരിഹാരമായി നമുക്കിന്നു മൊത്തം സംസാരിക്കാം, പോരേ…?
അത് ധാരാളം മതി. മുപ്പതു വര്‍ഷത്തെ കാത്തിരുപ്പ് വെറുതെയായില്ലല്ലോ!
തീര്‍ച്ചയായും നമുക്കൊരു സംഗീതയാത്ര ആരംഭിക്കാം.
ഔസേപ്പച്ചന്റെ മുഖത്ത് സ്വതവേ കാണാറുള്ള ഗൗരവഭാവത്തിന് പെട്ടെന്നൊരയവ് വന്നതുപോലെ തോന്നി.
‘കണ്ണാംതുമ്പി’ മുതല്‍ എന്നു പറയുമ്പോള്‍, ഞാനും ഇവിടെ ഉണ്ടെന്ന കാര്യം വിജയ് അറിഞ്ഞത് കാക്കോത്തിക്കാവിലെ ‘അപ്പൂപ്പന് താടി’ക്കു ശേഷം മാത്രമാണോ?
അല്ല സാര്‍. ഭരതന്റെ ‘കാതോട് കാതോരം’ (1985) മുതല്‍ മലയാളികള്‍ക്കു ഔസേപ്പച്ചനെ അറിയാം. സംഗീത സംവിധായകന് എന്ന നിലയില്‍ താങ്കളുടെ അരങ്ങേറ്റമായിരുന്നില്ലേ ആ സിനിമ!
അതെ.
കാതോട് കാതോരത്തില്‍ എന്നെ ഓര്‍ക്കാനുള്ള കാരണമെന്താണ്?
അതിലെ പാട്ടുകള്‍ക്ക് ശ്രോതാക്കള്‍ അതുവരെ കേള്‍ക്കാത്തൊരു ഈണമായിരുന്നു! എല്ലാം മധുര ഗാനങ്ങളായിരുന്നുവെങ്കിലും, ആ കൊച്ചു കൊച്ചു മാലാഖമാരെല്ലാം ഒരുമിച്ചുപാടുന്ന…
”ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്…
ഇന്നു നിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന് പാണികളില്‍ തൊട്ടു…
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം കാതിലാരോ ചൊല്ലി…”
സ്വര്‍ഗത്തിലെ സ്നേഹദൂത് ഭൂമിയിലെത്തുന്നു മാസ്മരികമായ ഈ ഗാനത്തിലൂടെ. ഒഎന്‍വി സാറിന്റെ ജീവനുള്ള വരികള്‍ക്ക് മരണമില്ലാതെയാക്കിയത് ഔസേപ്പച്ചന്റെ ഭാവനാപൂര്‍ണ്ണമായ സംഗീത രചനയാണ്. മനം കവരുന്ന ഗീതിക. ഇതിലൂടെ ഔസേപ്പച്ചന് എന്ന സംഗീത സംവിധായകന് പിറന്നു എന്നല്ല പറയേണ്ടത്, സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലെത്തിയെന്നാണ്!
താങ്കള്‍ വളരെ മനോഹരമായി സംസാരിക്കുന്നു. ക്ഷമിക്കണം, എന്നെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളുടെ ആഴങ്ങളും എനിക്കൊന്ന് അറിയേണ്ടേ? അതാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്.
നമ്മുടെ പിന്നണി സംഗീതത്തിന്റെ അടിസ്ഥാന ഘടകമാണ് ഹാര്‍മോണിയം. എന്നാല്‍, ഔസേപ്പച്ചന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതോപകരണം വയലിന് ആകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരിഷ്ടം?
സംഗീതജ്ഞന്റെ കര്‍ശനമായ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുന്നൊരു ഉപകരണമാണ് വയലിന്. സായിപ്പന്മാര് അതിന്റെ മികവ് കുറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംഗീതത്തില്‍ ഒരു വിട്ടുവീഴ്ചയും ഞാന്‍ ചെയ്യില്ല. മാത്രവുമല്ല, ശ്രോതാക്കളുടെ അജ്ഞത ഒരു സൗകര്യമായെടുക്കാന് എനിക്കു താല്‍പ്പര്യവുമില്ല. ആയതിനാല്‍ കൃത്യതയും സൂക്ഷ്മതയും വേണ്ടുവോളം പാലിക്കാന്‍ വയലിനിലാണ് എനിക്കു സാധിക്കുന്നത്.
മറ്റൊരു കാരണം കൂടിയുണ്ട്. ഞാന്‍ സംഗീതം പഠിക്കാന്‍ തുടങ്ങിയത് വയലിന് വായിച്ചാണ്. ജനിച്ചു വളര്‍ന്ന ഒല്ലൂരിലെ (തെക്കന്‍ തൃശ്ശൂര്‍) ഞങ്ങളുടെ ഇടവകയിലെ അച്ചന് എനിക്കൊരു വയലിന് സമ്മാനമായി തന്നു. അങ്ങനെ പള്ളിയിലെ മ്യൂസിക് ട്രൂപ്പില്‍ അംഗമായി. പിന്നീട് ഒല്ലൂരിലും തൃശ്ശൂരിലുമുള്ള പല ഗായക സംഘങ്ങളിലും വയലിനിസ്റ്റായി പ്രവര്‍ത്തിച്ചു. ചിന്തയിലൊക്കെ സംഗീതമായതിനാല്‍ വയലിനുമായി അങ്ങനെ മുന്നോട്ടു പോയി.
എങ്ങനെയാണ് സിനിമാലോകത്തെത്തുന്നത്?
പ്രശസ്ത സംഗീത സംവിധായകനായിരുന്ന ജോണ്സണ് തൃശ്ശൂരില്‍ ഒരു മികച്ച മ്യൂസിക് ട്രൂപ്പ് നടത്തിയിരുന്നു. ഈ ട്രൂപ്പില്‍ ഞാന്‍ വയലിനിസ്റ്റായി ചേര്‍ന്നു. ഓര്‍ക്കസ്ട്രാ ഡയറക്ടര്‍ എന്ന നിലയില്‍ ജോണ്സണ് എന്റെ വയലിനിലെ പെര്‍ഫോര്‍മന്‍സ് ശ്രദ്ധിക്കുമായിരുന്നു. ആയിടയ്ക്ക് അദ്ദേഹം മുഖാന്തിരം സംഗീത സംവിധായകന് ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെടുകയും ചെയ്തു. അദ്ദേഹം എന്നെ ചെന്നൈയിലേക്കു വിളിച്ചു. അങ്ങനെ ഞാന്‍ ദേവരാജന്‍ മാസ്റ്ററുടെ കീഴില്‍ വയലിനിസ്റ്റായി പ്രവര്‍ത്തിച്ചു തുടങ്ങി. ദേവരാജന്‍ മാസ്റ്റര്‍ സിനിമാരംഗത്ത് വളരെ തിരക്കേറിയൊരു സംഗീത സംവിധായകനായിരുന്നു. ഈ സമ്പര്‍ക്കത്തിലൂടെയാണ് സ്വന്തമായി സംഗീത സംവിധായകനാകാനുള്ള ആത്മവിശ്വാസം വളര്‍ന്നു വന്നത്.
സംസാരശേഷിയില്ലാത്ത തന്റെ ഒരു കഥാപാത്രത്തിന്റെ സകല വികാര വിചാരങ്ങളും ഒരു സംഗീത ഉപകരണം ഉപോഗിച്ചു പ്രകടിപ്പിക്കാന്‍ വയലിനില്‍ വിസ്മയം സൃഷ്ടിക്കുന്ന ഔസേപ്പച്ചനെ ചലചിത്ര സംവിധായകന് ഭരതന് ഏല്‍പ്പിച്ചത് സ്വാഭാവികം. നിലവാരമുള്ളൊരു മലയാളപടമെന്ന് കണ്ടവരെല്ലാവരും വിലയിരുത്തിയ ‘ആരവ’ത്തിന്റെ വിജയം (1978), അതിന്റെ സംവിധായകന്റേതു മാത്രമല്ല, ഔസേപ്പച്ചന്റെ കൂടിയാണെന്ന് പ്രേക്ഷകലോകം ശ്രദ്ധിച്ചിരുന്നു.
ഔസേപ്പച്ചന് സ്വതന്ത്രമായി സംഗീതം നല്കിയ ഭരതന്റെ ‘കാതോട് കാതോര’ത്തിനു മുന്നെത്തന്നെ, ഒരു സംഗീതപ്രതിഭയെ മലയാള സിനിമ കണ്ടെത്തിയിരുന്നുവെന്നു പറയുന്നതായിരിക്കാം കൂടുതല്‍ ശരി. സംസ്ഥാന പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഔസേപ്പച്ചനെ തേടിയെത്തിയത് ”ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിന് കഥ പറയാം…” എന്ന ഗാനത്തിലൂടെയാണ് (1987). ഒരുപക്ഷേ, വയലിന്റെ റേഞ്ച് എന്താണെന്ന് മലയാളികള്‍ മനസ്സിലാക്കിയതും ഈ ഗാനത്തിലൂടെത്തന്നെയാണ്.
”പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും
മേച്ചില്‍പ്പുറം തന്നിലും…
ആകാശക്കൂടാരക്കീഴിലെ
ആശാമരച്ചോട്ടിലും…
ഈപ്പാഴ്മുളം തണ്ടുപൊട്ടും വരെ,
ഈഗാനമില്ലാതെയാകും വരെ,
കുഞ്ഞാടുകള്‍ക്കെല്ലാം കൂട്ടായിരുന്നിടും
ഇടയന്റെ മനമാകുമീ പുല്ലാങ്കുഴല്‍ നാദമായ്…
ഉണ്ണികളേ ഒരു കഥപറയാം…”
ഈ മധുരഗാനം ആലപിച്ച് ദാസേട്ടന് നേടിയതൊരു മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം! ദാസേട്ടന്റെ ശബ്ദം കയറിയിറങ്ങുന്ന അതിലോലമായ സകല ശ്രുതി മന്ദിരങ്ങളിലും ഔസേപ്പച്ചന്റെ മാന്ത്രിക സംഗീത ഉപകരണവും വഴിയാംവണ്ണം എത്തിയിരുന്നു. പിന്നെ താമസമുണ്ടായില്ല, ഔസേപ്പച്ചന്റെ സംഗീതമെന്നാല്‍ അത് വയലിന് സൃഷ്ടിക്കുന്ന അത്ഭുതമാണെന്ന് ജനം തിരിച്ചറിഞ്ഞു. ശ്രോതാക്കളതിന് ‘ഔസേപ്പച്ചന് ടച്ച്’ എന്നു പേരിട്ടു.
അതെ, അങ്ങനെ പറയാം.
വന്ദനത്തിലെ അന്തിപ്പൊന്‍വെട്ടം…, ചിലമ്പിലെ താരും തളിരും…, ഹരികൃഷ്ണന്‍സിലെ സമയമിതപൂര്‍വ്വ സായാഹ്നം…, ആകാശദൂതിലെ രാപ്പാടീ കേഴുന്നുവോ…, ഉള്ളടക്കത്തിലെ അന്തിവെയില്‍ പൊന്നുതിരും… എന്നതു മുതല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവുമായെത്തിയ ‘ഒരേകട’ലും, അടുത്തിടെയിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യനിലെ ഗാനങ്ങള്‍വരെ വിലയിരുത്തിയാല്‍ ഒരുകാര്യം വ്യക്തം-നാടനായാലും ക്ലാസിക്കലായാലും മെലഡിയായാലും ശോകമായാലും ഗാനങ്ങള്‍ക്കൊരു വേറിട്ട സ്വത്വം നല്‍കുന്നത് മേല്‍പ്പറഞ്ഞ ആ ഔസേപ്പച്ചന് ടച്ച് തന്നെയാണ്.
ഫ്രീക്കി ചക്ര, ആക്രോശ്, ഖട്ട മീട്ട, ബംബംബോലേ മുതലായ ഹിന്ദി ചലച്ചിത്രങ്ങളുള്‍പ്പെടെ നൂറ്റിയിരുപത്തഞ്ച് പടങ്ങളിലായി അറുനൂറിലധികം മനോഹര ഗാനങ്ങള്‍ക്ക് ഈണം നല്കിയ ഔസേപ്പച്ചന്, ഈയിടെയിറങ്ങിയ സിനിമകളിലും ജനപ്രിയ സംഗീത സംവിധായകനായി തുടരാനുള്ള കാരണം, അന്നും ഇന്നും അദ്ദേഹം സൃഷ്ടിക്കുന്ന സ്വരമാധുരിയുടെ പൊതുഅടിത്തറ നിത്യഹരിതമായതുകൊണ്ടാണ്.
അങ്ങയെ സംഗീത സംവിധായകനെന്നു വിളിക്കുന്നില്ല; സംഗീതജ്ഞന് എന്നതാണ് കൂടുതല്‍ ഉചിതം! സംഗീത സപര്യയില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങള്‍ ഒന്നു പങ്കിടാമോ?
അങ്ങനെ പല മുഹൂര്‍ത്തങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ‘ഡാം 999’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഞാന്‍ ഈണം നല്കിയ മൂന്നു ഗാനങ്ങളും മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടപ്പോള്‍ എനിക്ക് വലിയ അഭിമാനം തോന്നി.
ആ സമയത്ത് ഞാന്‍ ഹോളിവുഡില്‍ ഉണ്ടായിരുന്നു. ഓസ്കര് നോമിനേഷന് ഡിസ്പ്ലെ ബോര്‍ഡില്‍ ലോകോത്തര സംഗീതജ്ഞന്മാരുടെ ഇടയില്‍ എന്റെ പേരു കണ്ടപ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയായിരുന്നു.
ആ ഓസ്കര് എങ്ങനെയാണ് നഷ്ടമായത്?
ചില വിദഗ്ദ്ധരുടെ നിര്‍ദ്ദേശ പ്രകാരം, നേച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ‘ഡാം 999’ സബ്മിറ്റ് ചെയ്തിരുന്നത്. ഈ വിഭാഗത്തില്‍ അധികം പടങ്ങള്‍ വരാന്‍ സാധ്യതയില്ലാത്തതിനാല്‍ വിജയം ഉറപ്പാണെന്നാണ് അവര്‍ പറഞ്ഞത്. ഇംഗ്ലീഷ് ഫിലിം ആയതിനാല്‍ ഓപ്പണ്‍ കാറ്റഗറിയില്‍ ആയിരുന്നല്ലോ.
അതെ. എന്നിട്ട്…?
മോഷന്‍ പിക്ചര്‍ അക്കാദമി അവസാന നിമിഷത്തില്‍ നേച്ചര്‍ ഫിലിം കാറ്റഗറി ക്യാന്‍സല്‍ ചെയ്തു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
മിനിമം മൂന്നു പടങ്ങളെങ്കിലും വേണമായിരുന്നു. ആകെ ‘ഡാം 999’ മാത്രമേ മത്സരത്തിനു എത്തിയിരുന്നുള്ളൂ. ഓര്‍ക്കാന്‍ കഴിയുന്നില്ല, ആ ഓസ്കര് കൈവിട്ടുപോയത്. വളരെ വിഷമം തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: