കുമാരനല്ലൂര്‍ (കോട്ടയം): പ്രചോദനാത്മകമായ കാഴ്ചപ്പാടാണ് കേരള സമൂഹത്തിന് ആവശ്യമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കുമാരനല്ലൂര്‍ ദേവീവിലാസം വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വ അധ്യാപക-അനധ്യാപക-വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അടിവേരുകള്‍ മെനഞ്ഞെടുത്തത് സ്വാമി വിവേകാനന്ദനാണ്. നിഷേധാത്മകതയെ ഉള്‍ക്കൊള്ളാത്ത വ്യക്തിയായിരുന്നു വിവേകാനന്ദന് എന്നായിരുന്നു രവീന്ദ്രനാഥ ടഗോറിന്റെ അഭിപ്രായം. എക്കാലത്തും സര്‍ഗാത്മകതയ്ക്ക് ഒപ്പംനിന്ന നാടാണ് ഭാരതം. അന്യനാട് കീഴടക്കാനായി പടയോട്ടം നടത്തിയ ചരിത്രം ഭാരതത്തിനില്ല.
വെളിച്ചം ലോകത്തിന് പകര്‍ന്ന് നല്കാന് നമുക്ക് പ്രതിബദ്ധതയുണ്ട്. വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളെ നാടിന്റെ തദ്ദേശീയ തനിമയ്ക്ക് അനുസരിച്ച് രൂപപ്പെടുത്തുന്നതില്‍ കേരളത്തിലെ വിദ്യാലയങ്ങള്‍ വേണ്ടത്ര പങ്ക് വഹിക്കുന്നില്ല. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയപ്പോഴും ആരേയും പ്രതിക്കൂട്ടിലാക്കാന്‍ തയാറാവാത്ത മഹത്വ്യക്തികളായിരുന്നു ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ സി.എന്‍. ശങ്കരന് നമ്പൂതിരി അധ്യക്ഷനായി. തോമസ് ചാഴിക്കാടന് എംപി മുഖ്യാതിഥിയായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വിസി സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം നഗരസഭ കൗണ്‍സിലര്‍മാരായ കെ. ശങ്കരന്, അനില്‍കുമാര്‍ ടി.ആര്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സുധാകുമാരി കെ.എന്‍, പ്രിന്‍സിപ്പല്‍ അജീഷ് ആര്., ജൂബിലി കമ്മിറ്റി ചെയര്മാന് പി.എന്‍. ശശിധരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: