ആഗമങ്ങള്‍ പ്രാഗ്‌വൈദികമായ അതായത് വേദകാലത്തിനു വളരെ മുമ്പുമുതലേ തുടര്‍ന്നു വരുന്ന പാരമ്പര്യാനുമോദിതങ്ങളായ ആശയങ്ങളേയും ആചാരങ്ങളേയും സൂചിപ്പിക്കുന്നു. പണ്ടേക്കുപണ്ടേ ഭാരതത്തിലെത്തി ഇവിടെ സ്ഥിരവാസം ഉറപ്പിച്ച വിവിധ മനുഷ്യസമൂഹങ്ങള്‍ വൈവിദ്ധ്യപൂര്‍ണ്ണവും അന്യോന്യവിരുദ്ധങ്ങ ളെന്നുപോലും പറയാവുന്നതുമായ സമ്പ്രദായങ്ങളും സാധനകളും ജീവിതരീതികളുമാണ് പിന്‍തുടര്‍ന്നിരുന്നത്. അവയെല്ലാം കാല ക്രമേണ യോജിച്ച് ഏകോപിതമായി ഭാരതീയ മനസ്സില്‍ വളരെ ആഴത്തില്‍ പതിച്ച് വേരൂന്നി.
മേല്‍പറഞ്ഞ പ്രകാരം ആവിര്‍ഭവിച്ച നാനാ ആചാരങ്ങളും അവയ്‌ക്ക് ആശ്രയഭൂതങ്ങളായ നിരവധി സങ്കല്പനങ്ങളും പില്‍ക്കാലത്തു ഗ്രന്ഥരൂപത്തില്‍ ലേഖനം ചെയ്യപ്പെടുകയുണ്ടായി. ആ ഗ്രന്ഥങ്ങളെയാണ് ആഗമങ്ങളെന്ന് പൊതുവേ പറഞ്ഞുവരാറുള്ളത്.
നിഗമങ്ങളോടൊപ്പം ഈ ആഗമങ്ങളും ഭാരതത്തിന്റെ ധര്‍മ്മ സംസ്‌കാരധാരയില്‍ ഒന്നാകെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതു കൊണ്ടുതന്നെ ഹിന്ദുധര്‍മ്മത്തിന് നിഗമാഗമധര്‍മ്മം എന്ന അമ്പര തമായ പേര്‍ പറഞ്ഞു പോരികയും ചെയ്യുന്നു.
വേദകാലം മുതല്‍ക്കാണ് നമ്മുടെ സംസ്‌കാരത്തിന്റെ ചരിത്രം ആരംഭിക്കുന്നതെന്നാണ് പൊതുവേ വിശ്വസിച്ചുവരുന്നത്. ആദ്യത്തെ ലിഖിതസാഹിത്യം (ഇന്നും ലഭ്യമായുള്ള ആദ്യ രചന) ഋഗ്വേദമായതുകൊണ്ടാണ് അങ്ങനെ കരുതിവരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഋഗ്വേദരചനയ്‌ക്കും വളരെക്കാലം മുന്‍പു മുതല്‍ തന്നെ ഭാരതീയ സംസ്‌കാരത്തിന്റെ ഉദയപ്രഭ ഇവിടുത്തെ ജനജീവിതമാകെ വ്യാപിച്ചുനിന്നിരുന്നു എന്നുള്ളത് നിസ്സംശയമാണ്. അത്യന്തം പ്രാക്തനമായ ആ കാലത്ത് ലിഖിതസാഹിത്യത്തിന്റെ സാക്ഷ്യമൊന്നും അവശേഷിപ്പിക്കാതെ തന്നെ അന്നത്തെ ഭാരതീയ ജനത തങ്ങളുടെ ജീവിതചര്യയില്‍ പല മൂല്യങ്ങളും ആചാരങ്ങളും ആവാഹിച്ചും സാക്ഷാത്കരിച്ചും പോന്നിരുന്നു. അവ തലമുറകളി ലൂടെ സ്വാംശീകരിച്ചു കടന്നുവന്ന ശേഷം വളരെക്കാലം കഴിഞ്ഞ് ലിഖിതരൂപം പ്രാപിച്ചതാണ് മിക്ക ആഗമ ഗ്രന്ഥങ്ങളും.
ഭക്തിയുടെ പ്രവേശം
ആഗമ വിഭാഗത്തില്‍ പലതരം വിഷയങ്ങളും ഉള്‍പ്പെടുമെ ങ്കിലും, മുഖ്യമായും നൈഗമിക സാഹിത്യത്തിന് ഏതാണ്ട് അന്യ മെന്നുതന്നെ പറയാവുന്ന ഭക്തിഭാവനയും അതിന്റെ സാധനാപരമായ അനുഷ്ഠാനങ്ങളുമാണ് ആഗമങ്ങളുടെ മുഖ്യ വിഷയം. നൈഗമിക സാഹിത്യത്തില്‍ അതായത് വേദങ്ങളിലും ബ്രാഹ്മണ ഗ്രന്ഥങ്ങളിലും യജ്ഞരൂപമായ കര്‍മ്മങ്ങളേയും അവയ്‌ക്ക് ഉപയോഗിക്കേണ്ട മന്ത്രങ്ങളേയും പറ്റിയാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. പ്രാചീനങ്ങളായ ഉപനിഷത്തുകളില്‍ പോലും ഈ കര്‍മ്മാനുഷ്ഠാനങ്ങളുടെ വ്യര്‍ത്ഥതയെ ചൂണ്ടിക്കാണിക്കുകയും ജഗത്കാരണമായ പരമാത്മാവിന്റെ അദ്വീതീയതയേയും അവികാര്യതയേയും നിരാ കാരതയേയും സൂചിപ്പിക്കുകയും മനുഷ്യജീവിതത്തിന്റെ പരമ ലക്ഷ്യം മോക്ഷപ്രാപ്തിയാണെന്നു നിര്‍ദ്ദേശിക്കുകയുമാണ് ഗുരു ശിഷ്യ സംവാദങ്ങളില്‍ കൂടെ നിര്‍വ്വഹിച്ചിട്ടുള്ളത്. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക