തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ചുള്ള നവകേരള സദസ്സ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പെന്ഷന് കുടിശികയും ജനകീയ ഹോട്ടല്‍ കുടിശികയും അടക്കം അനുവദിച്ചുതുടങ്ങി. നാലുമാസത്തെ ക്ഷേമപെന്ഷന് കുടിശികയില്‍ ജൂലൈമാസത്തേതു മാത്രമാണ് അനുവദിച്ചത്. കടുത്ത ധനപ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചതില്‍ നിന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ മലക്കം മറിഞ്ഞു. സംസ്ഥാനത്ത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രിയുടെ പുതിയ വിശദീകരണം.
നവകേരള സദസ്സില്‍ ക്ഷേമപെന്ഷന് കുടിശിക ചോദിച്ചുതുടങ്ങുമെന്ന ഭയം വന്നതോടെയാണ് ജനങ്ങളുമായി നേരിട്ടുള്ള പദ്ധതികളുടെ കുടിശിക ഇന്നലെ മുതല്‍ കൊടുത്തു തുടങ്ങിയത്. ക്ഷേമപെന്‍ഷനായി 667 കോടി ഇതിനായി അനുവദിച്ചു. നാലുമാസത്തെ കുടിശികയുള്ളപ്പോഴാണ് ഒരുമാസത്തേത് കൊടുത്തത്. അതിശക്ത പ്രതിഷേധം ഉയര്‍ന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ കുടിശികയിലെ ഒരുഭാഗവും അനുവദിച്ചു. 2022 ഡിസംബര്‍ മുതല്‍ 2023 ആഗസ്തുവരെയുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയില്‍ 33.6 കോടി രൂപമാത്രമാണ് അനുവദിച്ചത്. കര്‍ഷ ആത്മഹത്യയും നെല്ല് സംഭരണ തുക നല്‍കാത്തതും വിവാദമായതിനാല്‍ നെല്ലുസംഭരണത്തിനും 200 കോടി കൊടുത്തു.
അങ്കണവാടി ജിവനക്കാരില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ആയിരം രൂപ കൂട്ടുമെന്നാണ് വാഗ്ദാനം. പത്ത് വര്‍ഷത്തിനു താഴെയുള്ളവര്‍ക്ക് 500 രൂപയും ആശാ വര്‍ക്കര്‍മാര്‍ക്കും 1000 രൂപയും കൂട്ടും. പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ക്ഷേമ പെന്ഷന് കിട്ടാത്തതിനാല്‍ കോട്ടയത്ത് വയോജനങ്ങള്‍ പിച്ചയെടുത്തിരുന്നു. ജനകീയ ഹോട്ടല്‍ നടത്തിയ കുടംബശ്രീക്കാര് പ്രത്യക്ഷ സമരത്തിനും ഇറങ്ങി. കര്‍ഷക ആത്മഹത്യയും വര്‍ധിച്ചു. ഇതെല്ലാം നവകേള സദസ്സിന് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ വന്നതോടെയാണ് പണം അനുവദിച്ച് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: