കാലിഫോര്‍ണിയ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഏകാധിപതിയാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അപെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാന്‍ഫ്രാന്‍സിസ്കോയിലെത്തിയ ഷിയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ബൈഡന്റെ പരാമര്‍ശം. ഷി ജിന്‍പിങ് ഏകാധിപതിയാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് രാജ്യം ഭരിക്കുന്ന ആളെന്ന അര്‍ഥത്തില്‍ അദ്ദേഹം ഒരു ഏകാധിപതിയാണ്. യുഎസ് സര്‍ക്കാരുമായി തികച്ചും വിഭിന്നമാണ് ചൈനീസ് സര്‍ക്കാരെന്നും ബൈഡന് പറഞ്ഞു.
ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര അകല്‍ച്ച പരിഹരിക്കുന്നതില്‍ നേട്ടമുണ്ടാക്കാനായെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലൂം ബൈഡന് സമാന പരാമര്‍ശം നടത്തിയിരുന്നു.
ബൈഡന്റെ പരാമര്‍ശങ്ങള്‍ തെറ്റും നിരുത്തരവാദപരവും കുതന്ത്രവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മവോ നിങ് പറഞ്ഞു. അതേസമയം ബൈഡന്റെ പ്രസ്താവനയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ന്യായീകരിച്ചു. ബൈഡന് എപ്പോഴും നിഷ്കളങ്കമായിട്ടാണ് സംസാരിക്കാറ്. എല്ലാവര്‍ക്കുംവേണ്ടിയാണ് അദ്ദേഹം സംസാരിക്കാറ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തുടരുക തന്നെ ചെയ്യും. ചൈന ഇതിഷ്ടപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: