ശബരിമല: വൃശ്ചികപ്പുലരിയില്‍ ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് ഭക്തസഹസ്രങ്ങള്‍. പുലര്‍ച്ചെ 2.30ന് നടതുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി ആയിരങ്ങളാണ് വലിയ നടപ്പന്തലിലും തിരുമുറ്റത്ത് പതിനെട്ടാംപടിക്കു താഴെയുമായി ശരണാരവവുമായി കാത്തുനിന്നത്. വൃശ്ചികപ്പുലരിയില്‍ തന്ത്രി കണ്ഠര് മഹേഷ്‌മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നട തുറന്നു. തുടര്‍ന്ന് നിര്‍മ്മാല്യം, പതിവ് അഭിഷേകം. 3.30ഓടെ ഗണപതിഹോമം.
ശേഷം ഈ തീര്‍ത്ഥാടനകാലത്തെ ആദ്യനെയ്യഭിഷേകം. 11.30 വരെ നെയ്യഭിഷേകം തുടര്‍ന്നു. രാവിലെ ഏഴരയോടെ ഉഷഃപൂജ. ഉച്ചയ്‌ക്ക് 12ന് ഇരുപത്തിഅഞ്ച് കലശപൂജയും കളഭാഭിഷേകവും. ഉച്ചപൂജയ്‌ക്ക് ശേഷം ഒരു മണിക്ക് നട അടച്ചപ്പോഴും തീര്‍ത്ഥാടകപ്രവാഹം തുടര്‍ന്നു. വൈകിട്ട് നാലിന് നട തുറന്നു. ദീപാരാധനയ്‌ക്ക് ശേഷം പുഷ്പാഭിഷേകവും ഉണ്ടായിരുന്നു. രാത്രി അത്താഴപൂജ കഴിഞ്ഞ് 10.50ന് ഹരിവരാസനം പാടി നട അടച്ചപ്പോഴും തീര്‍ത്ഥാടനപാതകളില്‍ അയ്യപ്പഭക്തര്‍ സന്നിധാനത്തേക്ക് ശരണംവിളികളോടെ നീങ്ങുന്നുണ്ടായിരുന്നു. മാളികപ്പുറത്ത് മേല്‍ശാന്തി പി.ജി.മുരളി ക്ഷേത്രപൂജകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: