കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സ്കാരി ക്രൂര ബലാത്സംഗത്തിലൂടെ കൊലചെയ്യപ്പെട്ടപ്പോള്‍ സുരേഷ് ഗോപി ആ ഉത്തരേന്ത്യന്‍ കുടുംബത്തിന് കൈത്താങ്ങുമായി പാഞ്ഞെത്തിയിരുന്നു. അന്ന് സുരേഷ് ഗോപി ഒരു തുക അവര്‍ക്ക് നല‍്കി. പക്ഷെ ആ കുടുംബത്തിന്റെ അഭ്യുദയ കാംക്ഷികളായി പറ്റിക്കൂടി അഭ്യസ്തവിദ്യരല്ലാത്ത ആ ദമ്പതികളെ പറഞ്ഞ് പറ്റിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീനയും ഭര്‍ത്താവ് മുനീറും കൂടി തട്ടിയെടുത്തത്.
ഇക്കൂട്ടത്തില്‍ സുരേഷ് ഗോപി നല്‍കിയ തുകയും കെട്ടിടനിര്‍മ്മാണ ക്ഷേമനിധി തുകയും ഇവര്‍ക്ക് ഒരു വീട് കണ്ടെത്താനായി അന്‍വര്‍ സാദത്ത് എംഎല്‍എ നല്‍കിയ തുകയും ഉള്‍പ്പെടുന്നു. കുടുംബത്തില്‍ നിന്നും പണംതട്ടിയ മുനീര്‍ ആലുവയ്‌ക്കാകെ അപമാനമെന്ന് അഡ്വ. ജയശങ്കര്‍ തന്റെ ടിവി പരിപാടിയില്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. അഞ്ചു വയസ്സുകാരിയായ മകളുടെ ക്രൂരമായ മരണത്തില്‍ ഷോക്കേറ്റിരിക്കുമ്പോഴാണ് ഈ ഉത്തരേന്ത്യന്‍ കുടുംബത്തില്‍ നിന്നും മുനീറും ഭാര്യ ഹസീനയും ചേര്‍ന്ന് തുക തട്ടിയെടുത്തത്.
ഉത്തരേന്ത്യന്‍ കുടുംബത്തിന്റെ അഭ്യുദയ കാംക്ഷികളായി പറ്റിക്കൂടിയ ഭാര്യയും ഭര്‍ത്താവുമാണ് മുനീറും ഹസീനയുമെന്ന് അഡ്വ. ജയശങ്കര്‍ പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അഭ്യസ്തവിദ്യരല്ലാത്ത വടക്കേയിന്ത്യക്കാരനായ അച്ഛന്റെ എടിഎം കാര്‍ഡും പിന്‍ നമ്പറും വാങ്ങിയെടുത്താണ് മുനീര്‍ പണം തട്ടിയതെന്ന് പറയുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഇയാള്‍ക്ക് വീട് പണിയാനായി നല്‍കിയ 20,000 രൂപ കുടുംബത്തിന് നല്‍കാതെ മുനീര്‍ തട്ടിയെടുക്കുകയായിരുന്നു. ആഗസ്ത് അഞ്ച് മുതല്‍ 10 വരെയുള്ള തീയതികളില്‍ ദിവസേന 20,000 രൂപ വെച്ച് തട്ടിയെടുക്കുകയായിരുന്നു.
സുരേഷ് ഗോപിയെ വേട്ടയാടാന്‍ ഇറങ്ങിയ മാധ്യമക്കഴുകന്മാരില്‍ എത്ര പേര്‍ ഈ ദമ്പതികളെ വിചാരണ ചെയ്യാന്‍ ഇറങ്ങുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു. സുരേഷ് ഗോപീവേട്ടയ്‌ക്കിറങ്ങിയ പ്രധാന ടിവി ചാനലുകളും ന്യായം വിളമ്പുന്ന മാധ്യമപ്രവര്‍ത്തകരും ഇതേക്കുറിച്ച് മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: