ആധുനിക കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള ആത്മീയ നേതാക്കളില്‍ ഒരാളായിരുന്നു ശ്രീ സത്യസായി ബാബ. സത്യസായി ബാബയുടെ മൂന്ന് ആശ്രമങ്ങളുണ്ട്. ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ പുട്ടപര്‍ത്തിയിലാണ് അദ്ദേഹത്തിന്റെ പ്രധാന ആശ്രമം. ബാംഗ്ലൂരിലും കൊടൈക്കനാലിലും അദ്ദേഹത്തിന്റെ മറ്റ് രണ്ട് ആശ്രമങ്ങളുണ്ട്. 1960 ജൂണ്‍ 25 ന് വൈറ്റ്ഫീല്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപം ബാബ സ്ഥാപിച്ചതാണ് ബാംഗ്ലൂര്‍ ആശ്രമം . ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റാണ് ഇത് നിയന്ത്രിക്കുന്നത്.
ഇവിടെയാണ് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് സ്ഥിതി ചെയ്യുന്നത്. കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, വാസ്കുലര്‍ സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി എന്നീ മേഖലകളില്‍ ചികിത്സ നല്കുന്ന ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. ഈ സ്ഥാപനത്തില്‍ നല്കുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ്.
വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ഒട്ടനവധി പേര് ഇവിടെ ചികിത്സയ്ക്കായി എത്തിച്ചേരാറുണ്ട്. ആശ്രമാന്തരീക്ഷം തന്നെ രോഗികളായി എത്തുന്നവര്‍ക്ക് ഏറെ മനഃശാന്തിയുണര്ത്തുന്നതാണ്.
ഇനിയും ഈ ധര്മ്മസ്ഥാപനത്തെക്കുറിച്ച് അറിയാത്തവരായി നിരവധി സാധുജനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവര്‍ക്ക് നിങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമാണ് ഈ സ്ഥാപനത്തെക്കുറിച്ചുള്ള അറിവ് പകരുക എന്നത്.
ഇനി ഇവിടെ ആദ്യമായി എത്തുന്നവര്‍ ഇതൊന്നു ശ്രദ്ധിക്കൂ…
1. കേരളത്തില്‍ നിന്ന് ബസില്‍ വരുന്നവര്‍ ബാംഗ്ലൂര്‍ മജെസ്റ്റിക് സ്റ്റോപ്പില്‍ ഇറങ്ങണം. അവിടെ നിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് ധാരാളം ബസുകളുണ്ട്. 335 എന്ന നമ്പറില്‍ തുടങ്ങുന്ന എല്ലാ ബസുകളും ഈ ഹോസ്പിറ്റല്‍ വഴി പോകും. ബസില്‍ കയറുന്നതിന് മുമ്പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കാന്‍ മടിക്കേണ്ട, അവര്‍ നിങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കും. ഭാഷ അറിയില്ലെന്ന് വിഷമിക്കേണ്ട. സത്യസായി ആശുപത്രി എന്ന് ചോദിച്ചാല്‍ മതി. 18 കിലോമീറ്റര്‍ ദൂരമേ ഉള്ളു ഇവിടെ എത്തിച്ചേരാന്‍.
2. നിങ്ങള്‍ ട്രെയിനിലാണ് വരുന്നതെങ്കില്‍, കെ ആര് പുരം (കൃഷ്ണ രാജപുരം) സ്റ്റേഷനില്‍ ഇറങ്ങുക (ചില ട്രെയിനുകള്‍ വൈറ്റ് ഫീല്‍ഡില്‍ നിര്‍ത്തും). കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങിയാല്‍, നിങ്ങള്‍ക്ക് അവിടെയുള്ള മെയിന്‍ റോഡില്‍ നിന്ന് ബസ് ലഭിക്കും.
3. മജസ്റ്റിക്കില്‍ ഇറങ്ങുന്നവര്‍ ഒരു കാരണവശാലും ഓട്ടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കരുത്. ഇവിടുന്ന് ധാരാളം ബസുകളുണ്ട്. അതിരാവിലെ തന്നെ അവിടെ ക്യൂ തുടങ്ങും, അതിനാല്‍ ഒരു ദിവസം മുമ്പ് വരുന്നതാണ് അഭികാമ്യം. ഹൃദ്രോഗത്തിനും ന്യൂറോ രോഗത്തിനും പ്രത്യേകം ലൈനുകള്‍ ഉണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കുക. കൗണ്ടര്‍ രാവിലെ 6 മണിക്ക് തുറക്കും.
5. രോഗിയുടെ മുന്‍കാല മെഡിക്കല്‍ ചരിത്രത്തിന്റെ പൂര്‍ണ്ണമായ രേഖകള്‍ (എക്സ്റേ, ഇസിജി, സ്കാന്‍ മുതലായവയുടെ ഫലങ്ങള്‍ ഉള്‍പ്പെടെ) കൈയില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗിയുടെയും ഒപ്പമുള്ള വ്യക്തിയുടെയും തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ്.
6. കൗണ്ടറിലുള്ള വ്യക്തി രോഗവിവരങ്ങള്‍ പഠിക്കുകയും അടിയന്തര ചികിത്സ ആവശ്യമാണെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അല്ലാത്തപക്ഷം പിന്നീടുള്ള തീയതി നല്‍കും. ആ തീയതിയില്‍ അവിടെ പോയി റിപ്പോര്‍ട്ട് ചെയ്താല്‍ മതി.
7. അവിടെ ചികിത്സയ്ക്ക് ശുപാര്‍ശ ആവശ്യമില്ല അല്ലെങ്കില്‍ അനുവദനീയമല്ല. ആരെങ്കിലും അങ്ങനെ പറഞ്ഞു നിങ്ങളെ സമീപിച്ചാല്‍ അത് കേള്‍ക്കരുത്. ഇത് സംബന്ധിച്ച കുറെ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അതിനാല്‍ ആശുപത്രി അധികൃതരുമായി മാത്രം ബന്ധപ്പെടുക.
8. ചികിത്സ, ഭക്ഷണം, മരുന്ന്, എല്ലാം തികച്ചും ഇവിടെ സൗജന്യമാണ്. തികച്ചും നിരാലംബരായ രോഗികള്‍ക്ക് ചികിത്സ നല്കുന്ന ഒരു സ്ഥാപനമാണ് ശ്രീ സായിബാബ ചാരിറ്റബിള്‍ ട്രസ്റ്റ്. കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികിത്സകളും ശസ്ത്രക്രിയകളും ഇവിടെ തികച്ചും സൗജന്യമാണ്.
9. ഇതൊരു ധര്‍മ്മ സ്ഥാപനമാണ്. അതിനാല്‍ അതിന്റെ പവിത്രതയോടും വൃത്തിയോടും കൂടി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓര്‍ക്കുക. ജാതി മത ഭേദമന്യേ എല്ലാവര്ക്കും ഇവിടെ ചികിത്സ ലഭിക്കും.
ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സിനെക്കുറിച്ചുള്ള ഈ അറിവുകള്‍ നിങ്ങള്‍ക്ക് നവമാധ്യമങ്ങള്‍ വഴി അറിഞ്ഞിട്ടുള്ളതാണെങ്കിലും ഇത്തരം അറിവുകള്‍ പങ്കുവയ്ക്കുന്നത് വഴി ഒട്ടേറെ സാധുജനങ്ങള്‍ക്ക് ഉപകാരപ്രദമായിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
വൈറ്റ്ഫീൽഡിലെ ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസ് രോഗികളുടെ പ്രയോജനത്തിനായി കാർഡിയോളജി, കാർഡിയാക് സർജറി, ന്യൂറോ സർജറി, ന്യൂറോളജി, ജനറൽ സ്പെഷ്യാലിറ്റികൾ എന്നിവയിൽ ടെലി കൺസൾട്ടേഷനുകൾ ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഹെൽപ്പ് ഡെസ്ക് നമ്പറായ +91-80-4710-4600-ലേക്ക് വിളിച്ച് രോഗികൾക്ക് അപ്പോയിന്റ്മെന്റ് എടുക്കാം.
നിങ്ങൾ ഹെൽപ്പ്ഡെസ്ക് നമ്പറിലേക്ക് വിളിക്കുമ്പോള്‍… ആശുപത്രിയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ പേരും ഫോൺ നമ്പറും ആശുപത്രി നമ്പറും നൽകുക. ലഭ്യമായ ഷെഡ്യൂൾ അനുസരിച്ച് ഞങ്ങളുടെ സ്റ്റാഫ് ഒരു അപ്പോയിന്റ്മെന്റ് നിശ്ചയിക്കുകയും കൺസൾട്ടേഷന്റെ തീയതിയും സമയവും നിങ്ങളെ അറിയിക്കുകയും ചെയ്യും.
SRI SATHYA SAI INSTITUTE OF HIGHER MEDICAL SCIENCES
EPIP AREA, WHITEFIELD,
BANGALORE 560 066,
KARNATAKA, INDIA.
080 2800 4600 – GEN.ENQUIRY
080 28004763 – COLLEGE OF NURSING
080 2800 4640 – ACADEMICS
080 2800 4641 – HR DEPT.
080 47104600 – *HELP DESK ONLY FOR PATIENT ENTRY*
പ്രതികരിക്കാൻ ഇവിടെ എഴുതുക: