ന്യൂദല്‍ഹി: നവയുഗ ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് നിര്‍മിതബുദ്ധി (എഐ) എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും അദേഹം പറഞ്ഞു.
വെള്ളിയാഴ്ച ബിജെപി ആസ്ഥാനത്ത് ദീപാവലി മിലന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഡിജിറ്റല്‍ മാധ്യമങ്ങളിലെ വ്യാജന്മാരുടെ അപകടങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യക്തികളെ വ്യാജമായി ചിത്രീകരിക്കുന്നത് പോലുള്ള ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
ഞാന്‍ അടുത്തിടെ ഒരു അടിച്ചുപൊളിപാട്ട് ആലപിക്കുന്ന ഒരു വീഡിയോ കണ്ടു. അത്തരത്തിലുള്ള മറ്റ് നിരവധി വീഡിയോകള്‍ ഓണ്‍ലൈനില്‍ ഉണ്ട്. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഡീപ്‌ഫേക്കിന്റെ ഭീഷണി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിക്കാന്‍ ഡീപ്‌ഫേക്കുകള്‍ ഉപയോഗിക്കുന്നു അല്ലെങ്കില്‍ അവയുടെ ഉപയോഗത്തിന് പിന്നില്‍ ദുരുദ്ദേശ്യമായിരിക്കാം. ആളുകളെ ഉപദ്രവിക്കാനും ഭയപ്പെടുത്താനും തരംതാഴ്‌ത്താനും തുരങ്കം വയ്‌ക്കാനും അവ ഉപയോഗിച്ച് വരുന്നുണ്ട്.
പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളും ആശയക്കുഴപ്പവും സൃഷ്ടിക്കാനും ഡീപ്‌ഫേക്കുകള്‍ക്ക് കഴിയും. ഡീപ്‌ഫേക്കുകള്‍ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശക്തമായ പിഴയുണ്ട്. ഒരു ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: