Categories: Kerala

കർഷകന്റെ ആത്മഹത്യ; വന്യമൃഗ ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ടി വന്നതിനാലെന്ന് കുടുംബം

Published by

കണ്ണൂർ: അയ്യൻകുന്നിലെ കർഷകന്റെ ആത്മഹത്യ വനമൃഗ ശല്യം രൂക്ഷമായതിനെ തുടർന്നെന്ന് കുടുംബം. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ബുധനാഴ്ച ഉച്ചയോടെയാണ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യൻ ആത്മഹത്യ ചെയ്തത്.

കാൻസർ രോഗി ആയിരുന്ന ഇദ്ദേഹം പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടതെന്ന് കുടുംബം പറയുന്നു. രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പോകേണ്ടി വന്ന കർഷകനാണ് സുബ്രമണ്യൻ.

കൃഷിയെല്ലാം കാട്ടാന നശിപ്പിച്ചു. വീടിന് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായതോടെയാണ് വാടക വീട്ടിലേക്ക് മാറേണ്ടി വന്നത്. രണ്ടര വർഷത്തോളമായി പ്രദേശവാസികൾ ഏർപ്പെടുത്തി നൽകിയ വാടക വീട്ടിലായിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ ഇവിടെ താമസിപ്പിച്ചത്. എന്നാൽ വീടിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി വീട് മാറുന്ന കാര്യം ഉടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ മറ്റൊരു വീട് അന്വേഷിക്കുന്നതിനിടെയാണ് ജീവിതം അവസാനിപ്പിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by