പരമബോധത്തില്‍ നിന്നുള്ള പ്രഥമസ്പന്ദം പ്രപഞ്ചമായി പരിണമിച്ചു. ആ സ്പന്ദത്തെ വേദാന്തികള്‍ ശബ്ദബ്രഹ്മം എന്നു വിളിച്ചു. പ്രണവം (നവമായതിനും മുമ്പുള്ളത്) ഓംകാരമായി അറിഞ്ഞു. ഉല്പത്തിക്ക് ഹേതുവായ ഈ പ്രണവനാദത്തെ പ്രണവസ്വരൂപനെ ആദ്യമായി വണങ്ങുന്നു. ആ പരമസത്യത്തെ കാണിക്കുന്ന എല്ലാറ്റിനും വഴികാട്ടിയായ ഗുരുതത്ത്വത്തെ, മഹാഗുരുവിനെ വണങ്ങുന്നു.
ഗുരുമുഖത്തു നിന്നാണ് സത്യം മനസ്സിലാക്കുന്നത്. ശിവസ്വരൂപിയാണ് ഗുരു. ശിഷ്യന് സര്‍വസ്വവും ഗുരുവിന് സമര്‍പ്പിക്കുന്നതിലൂടെ നിത്യസത്യത്തെ മനസ്സിലാക്കണം. ഈശ്വരമാര്ഗത്തെ കാണിച്ചു തരാന്‍ കെല്പ്പുള്ളവന് മാത്രമാണ് ഗുരു. അതുകൊണ്ടു തന്നെ മണ്ഡലവ്രതാരംഭത്തില് മുദ്രധരിക്കുന്നത് പരിണതപ്രജ്ഞനായ ഗുരുവില്‍ നിന്നായിരിക്കണം.
ഭദ്രമായ് കാര്‍ത്തികമാസമൊന്നാം ദിനം
രുദ്രാക്ഷമാല കഴുത്തില്‍ ചാര്‍ത്തി
സ്വാമിശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതെ ശരണമില്ല
കാര്‍ത്തികമാസം എന്നുദ്ദേശിച്ചത് വൃശ്ചികമാസത്തെയാണ്. വാസ്തവത്തില്‍ കാര്‍ത്തികം ചാന്ദ്രമാസമാണ്. പൗര്‍ണമി കാര്‍ത്തികമാസത്തില്‍ വരുന്ന ദിവസം കാര്‍ത്തികത്തിലെ ‘പ്രഥമ’ തിഥിയാണ്. മലയാളത്തില്‍ വൃശ്ചികം തുടങ്ങുന്നു. അന്നാണ് വ്രതാരംഭവും.
മാലധാരണം (മുദ്രാവിധി)
തുളസീമാല, രുദ്രാക്ഷമാല, സ്ഫടികമാല എന്നിവ വ്രതധാരണത്തിനെടുക്കാം. ഗുരുദക്ഷിണ ചെയ്ത് ഗുരുവില്‍ നിന്നും മാല സ്വീകരിച്ച് ഗുരുപാദ നമസ്ക്കാരം ചെയ്തു വേണം മാല ധരിക്കാന്‍. മൂന്നു പ്രാവശ്യം ഗുരു ചൊല്ലിത്തരുന്ന ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന മന്ത്രം കൂപ്പുകൈയോടെ ചൊല്ലി മാല സ്വീകരിച്ചു, നമസ്ക്കരിച്ച്, ഗുരുദക്ഷിണ നല്കി ഗുരുപ്രീതി വരുത്തണം. മാലയിലുള്ള മണികള്‍ പരസ്പരം മുട്ടുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു.
പവിഴമാല, മുത്തുമാല, താമരക്കുരുമാല, ശംഖുമാല എന്നിവയും ധരിക്കുന്നവരുണ്ട്. ഉത്തമം രുദ്രാക്ഷമാല തന്നെയാണ്.
ആചാരവിധി
ബ്രഹ്മചര്യവ്രതം ഏറ്റവും പ്രധാനമാണ്. പായയില്‍ നിലത്ത് ശയിക്കണം. ശുദ്ധമായ അന്നം ഒരു നേരം ഭക്ഷിക്കണം. സത്യവും മിതവുമായി സംസാരിക്കണം. സകലചരാചരങ്ങളും ഭഗവാനാണെന്ന് സങ്കല്പിക്കണം. ശാന്തനും ബാഹ്യാന്തര ശുദ്ധിയുള്ളവനുമാകണം. രണ്ടു സന്ധ്യകളിലും സ്നാനം ചെയ്ത് ശരണം വിളിക്കണം. അയ്യപ്പന്മാരുടെ സംഘത്തില്‍ ചേരണം. ആഴി, പൂജ, വിളക്ക്, എന്നിവയില്‍ പങ്കാളിയാകണം. വീട്ടില്‍ ശാസ്തൃപൂജ നടത്തി, അന്നദാനം ചെയ്യണം.
നമാമി ധര്മശാസ്താരം
യോഗ പീഠസ്ഥിതം വിഭും
പ്രസന്നം നിര്‍മലം ശാന്തം
സത്യധര്മവ്രതം ഭജേ
എന്നാണ് ശാസ്താവിന്റെ വന്ദന ശ്ലോകം. സത്യധര്‍മത്തിന്റെ പ്രാധാന്യം ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതാണ്.
ഹൃദയശുദ്ധിയില്ലായ്മ, അഹങ്കാരം, അത്യാഗ്രഹം, അശൗചം, ധനത്തിനോടുള്ള അത്യാര്‍ത്തി, കലഹം, മദ്യപാനം, ശ്രദ്ധയില്ലായ്മ, സ്ത്രീസംഗം, ദുര്ജന സംസര്‍ഗം എന്നിവ അയ്യപ്പന്മാര് ഒഴിവാക്കണം.
ശബരിമല അയ്യപ്പന് ശാസ്താവിന്റെ അവതാരമാണ.് ശൈവ, വൈഷ്ണവ, തേജസ്സുകളുടെ സമ്മിളിതരൂപമാണ് ശാസ്താവ്. ദുഷ്ടനിഗ്രഹാര്ഥം സ്വയംഭൂവായ അയ്യപ്പ (ശാസ്താവ്) അവതാരം പമ്പാനദീതീരത്താണ് പന്തളരാജാവിനാല് ദര്‍ശിക്കപ്പെട്ടത്. അഗസ്ത്യോപദേശം അനുസരിച്ചാണ് അയ്യപ്പന് ശാസ്താവാണെന്ന് പന്തളത്തു തമ്പുരാന് മനസ്സിലാക്കുന്നത്. മഹിഷിയെന്ന ആസുരശക്തിയെ വധിച്ച് അവര്‍ക്ക് മോചനം നല്‍കാനായിരുന്നു അയ്യപ്പന്റെ ദിവ്യാവതാരം. മഹിഷിയെ വധിച്ചസ്ഥലമാണ് എരുമേലി. മഹിഷിയുടെ തടവറ അഴുതാമേട്ടിലാകുന്നു.
ശബരിമല തീര്ഥാടനവേളയിലെ വനയാത്രയില്‍ തീര്‍ഥാടകര്‍ വന്ദിക്കുന്ന ഏഴുകോട്ടകള്‍ ഉണ്ട്. ഒന്നാമത്തെ കോട്ട എരുമേലിയാണ്. അടുത്തത് കാളകെട്ടി. അവിടെ നാളികേര ബലിയും കര്‍പ്പൂരാരാധനയും വേണം. ഉടുമ്പാറമലയാണ് മൂന്നാമത്തേത്. ഇതാണ് കോട്ടയില്‍ ശാസ്താവിന്റെ സ്ഥാനം. നാലാമത്തെ കോട്ട കരിമല. കൊച്ചുകടുത്ത സ്വാമിയുടെ നിലപാടുതറയാണ് ഇത്. കരിമല ഭഗവതിയുടെ സാന്നിധ്യവും ഇവിടെയുണ്ട്. വനദുര്‍ഗയാണ് ആ അമ്മ. അഞ്ചാമത്തെ കോട്ട ശബരീപീഠം. ആറാമത്തേത് ശരംകുത്തിയാല്. അസ്ത്രഭൈരവന്‍ ഇവിടെ വാഴുന്നു. ഏഴാമത്തെ കോട്ട തൃപ്പടിയാണ്. അത് സഹസ്രാരപത്മത്തിന്റെ പ്രതീകമാകുന്നു. മറ്റ് ആറെണ്ണവും മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധം, ആജ്ഞാ തുടങ്ങിയ ഷഡാധാര ചക്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ആധ്യാത്മികസാധനയില്‍ ബോധത്തിന്റെ വിവിധ അവസ്ഥകള്‍ സംഭവിക്കുന്നത് ഈ കേന്ദ്രങ്ങളിലാണ്. മൂലാധാരത്തിലാണ് പ്രപഞ്ചബോധത്തിന്റെ പരിവര്ത്തിതാവസ്ഥകള് ദലങ്ങളിലൂടെ ഈ ചക്രവ്യവസ്ഥയില് (ആധാരവ്യവസ്ഥയില്‍) ബിംബിതമാണ്. യോഗ, താന്ത്രിക സാധനയില്‍ ഈ ആധാരങ്ങള്‍ പ്രാധാന്യം വഹിക്കുന്നു. യോഗിയും താന്ത്രികസാധകനുമായ മണികണ്ഠന് പരമപദം പ്രാപിച്ച സ്ഥലമാണ് ശബരിമല. ഉപാസകന് പൂര്ണബോധത്തെ പ്രാപിച്ചാല്‍ അവന് ഈശ്വരന് തന്നെയാണ്. ‘തത്വമസി’ യെന്നത് ഇവിടെ പ്രാവര്‍ത്തികമാകുന്നു. ഞാനും നീയും എന്ന അവസ്ഥയില്ല. നീ മാത്രം.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: