ലണ്ടന്‍: ഭാരതത്തില്‍ നിന്ന് മോഷ്ടിച്ച് ലണ്ടനിലേക്ക് കടത്തിയ എട്ടാം നൂറ്റാണ്ടിലെ രണ്ട് വിഗ്രഹങ്ങള്‍ ബ്രിട്ടന് ഭാരതത്തിന് കൈമാറി. ലണ്ടനില്‍ സന്ദര്‍ശനം നടത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് വിഗ്രഹങ്ങള്‍ തിരിച്ചേല്‍പ്പിച്ചത്. ജയശങ്കറിന്റെ അഞ്ചുദിവസത്തെ യുകെ സന്ദര്‍ശനം ഇന്നലെ അവസാനിച്ചു.
യോഗിനി ചാമുണ്ഡ, യോഗിനി ഗോമുഖി എന്നിങ്ങനെയുള്ള രണ്ട് വിഗ്രഹങ്ങള്‍ നാല്പത് വര്‍ഷം മുന്‍പ്, 1970കളുടെ അവസാനത്തോടെയും 1980കളുടെ ആദ്യത്തോടെയുമാണ് ഉത്തര്‍പ്രദേശിലെ ലോഖാരിയിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇന്ത്യ പ്രൈഡ് പ്രോജക്ടിന്റെയും ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണലിന്റെയും സഹായത്തോടെ ലണ്ടനിലെ ഭാരത ഹൈക്കമ്മിഷനാണ് ഇവ വീണ്ടെടുത്തത്.
വിഗ്രഹങ്ങളുടെ ഭാരതത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ചടങ്ങില്‍ എസ്. ജയശങ്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക കൈമാറ്റങ്ങള്‍ നിയമപരവും സുതാര്യവും നിയമാധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചാം തവണയാണ് ഭാരതത്തിന് സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന അവശേഷിപ്പുകള്‍ തിരികെ നല്കാന് കഴിയുന്നതെന്ന് ലണ്ടനിലെ ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണലിലെ ക്രിസ് മരിനെല്ലോ പറഞ്ഞു. മിലാന്, ബ്രസല്‍സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് തവണ അമൂല്യ വസ്തുക്കള്‍ തിരികെ നല്‍കിയിട്ടുണ്ട്.
ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം 200 അമൂല്യ വസ്തുക്കളാണ് വിദേശത്ത് നിന്ന് തിരികെ കൊണ്ടുവന്നത്. 2022ലും ലണ്ടനില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്തിരുന്നു. അവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കൈമാറിയിരുന്നു.
1978ല്‍ തമിഴ്നാട്ടിലെ ഒരു വിഷ്ണു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ശ്രീരാമന്, സീത ദേവി, ലക്ഷ്മണന് എന്നിവരുടെ വിജയനഗര കാലത്തെ വിഗ്രഹങ്ങള്‍ 2020ല്‍ ബ്രിട്ടീഷ് പോലീസ് ലണ്ടനിലെ ഭാരത കോണ്‍സുലേറ്റിന് തിരികെ ഏല്പിച്ചിരുന്നു. 2019ല്‍, തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ കല്ലിടൈകുറിച്ചിയിലുള്ള ഒരു ക്ഷേത്രത്തില്‍ നിന്ന് 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജ വിഗ്രഹം ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: