കോട്ടയം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോട്ടയം കുറിച്ചി ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കണ്വന്ഷന് 17, 18 തീയതികളില്‍ ചങ്ങനാശ്ശേരി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കണ്വന്ഷന് സെന്ററില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷനാകും.
ഹോമിയോപ്പതി ഗവേഷണ സമ്പ്രദായങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രാക്ടീഷണര്‍മാര്‍, ബിരുദാനന്തര ബിരുദധാരികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ അറിയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഹോമിയോപ്പതിയിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ശാസ്ത്രീയ സംവാദങ്ങള്‍, വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, ബിരുദാനന്തര ബിരുദധാരികള്‍ക്കുള്ള പേപ്പര്‍ അവതരണ മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
ദക്ഷിണേന്ത്യയിലെ വിവിധ ഹോമിയോപ്പതി മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹോമിയോപ്പതി പ്രാക്ടീഷണര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ദല്‍ഹി സിസിആര്‍എച്ച് സയന്റിസ്റ്റ് ഡോ. ഷാജി, ദല്‍ഹി സിസിആര്‍എച്ച് സയന്റിസ്റ്റ് ഡോ. സുഹാന അസീസ്, കോട്ടയം എന്എച്ച്ആര്ഐഎംഎച്ച് ഡോ. ഭുവനേശ്വരി, ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: