ജബല്‍പൂര്‍: മോദിയുടെ മനം നിറയെ എംപി, എംപിയുടെ മനം നിറയെ മോദി…. മധ്യപ്രദേശിലാകെ പാടുകയാണ്…. ബിജെപിക്ക് വേണ്ടി തയാറാക്കിയ പ്രചാരണഗാനത്തിന്റെ ആദ്യ ഈരടികള്‍ ജനം മന്ത്രം പോലെ ഏറ്റെടുത്തിരിക്കുന്നു. മധ്യപ്രദേശിന്റെ സമ്പൂര്‍ണ വികസനത്തില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വേണം എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.
2018ല്‍ അടിതെറ്റിയ മഹാകോസല്‍ മേഖലയില്‍ ഇക്കുറി ബിജെപി പിടിമുറുക്കിയത് ഈ മുദ്രാവാക്യം ഉയര്‍ത്തിയ തരംഗത്തില്‍ കൂടിയാണ്. എല്ലായിടത്തും മോദിയുടെയുടെയും ചൗഹാന്റെയും ചിത്രങ്ങള്‍, ഓരോ വീട്ടിലും എംപി കെ മന്‍ മേം മോദി എന്ന മുദ്രാവാക്യം എഴുതിയിരിക്കുന്നു.
മധ്യപ്രദേശ് ഇന്ന് ബൂത്തിലേക്ക് പോകുമ്പോള്‍ നിരീക്ഷകരുടെ ശ്രദ്ധ ഈ മേഖലയിലാണ്. മഹാകോസലിലെ 38 മണ്ഡലങ്ങളില്‍ 24ലും കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസ്. 2018 ല്‍ നേരിയ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരെ സഹായിച്ചത് ഈ മേഖലയിലെ മുന്‍തൂക്കമാണ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാണ്.
മഹാകോസല്‍, ഗ്വാളിയോര്‍-ചമ്പല്‍, മധ്യഭാരത്, മാള്‍വ, വിന്ധ്, ബുന്ദേല്‍ഖണ്ഡ് എന്നീ ആറ് മേഖലകളടങ്ങിയ മഹാകോസലിലാണ് മധ്യപ്രദേശിന്റെ അധികാരത്തിന്റെ താക്കോല്‍. ജബല്‍പൂര്‍, ഛിന്ദ്‌വാര, കട്നി, സിയോനി, നര്‍സിങ്പൂര്‍, മണ്ഡ്ല, ദിന്‍ഡോരി, ബാലാഘട്ട് എന്നീ എട്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മഹാകോസല്‍ രണ്ട് പാര്‍ട്ടികളെ യും മാറി മാറി തുണയ്‌ക്കുന്ന സ്വഭാവമാണ് മുന്‍തെരഞ്ഞെടുപ്പുകളില്‍ പ്രകടമാക്കിയത്. 2013ല്‍ ഇതേ മേഖലയില്‍ ബിജെപിക്കായിരുന്നു മുന്നേറ്റം. 24ല്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 13 സീറ്റാണ് നേടാനായത്. പതിമൂന്ന് സംവരണ മണ്ഡലങ്ങളില്‍ പതിനൊന്നും കഴിഞ്ഞ തവണ നേടിയത് കോണ്‍ഗ്രസാണ്.
ഇക്കുറി വനവാസി മേഖലയിലാകെ ബിജെപി തരംഗമാണ്. ജനജാതീയ ഗൗരവ് ദിവസം, വനവാസി സമൂഹത്തിനായുള്ള ക്ഷേമപദ്ധതികള്‍, നക്‌സല്‍ ഭീഷണിയില്‍ നിന്നുള്ള മോചനം, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1250 രൂപ നല്കുന്ന ലാഡ്‌ലി ബഹ്‌ന പദ്ധതി തുടങ്ങിയവ തെരഞ്ഞെടുപ്പിന് ബിജെപിക്ക് അനുകൂലമാക്കുമെന്ന് ജബല്‍പൂര്‍ റാണി ദുര്‍ഗാവതി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. വിവേക് മിശ്ര ചൂണ്ടിക്കാട്ടുന്നു.
ഇവിടെ ചിന്ദ്‌വാരയില്‍ നിന്നാണ് കമല്‍നാഥ് ജനവിധി തേടുന്നത്.കളമറിഞ്ഞ് നീങ്ങിയ ബിജെപി ഇത്തവണ മേഖലയില്‍ വലിയ ചലനമാണുണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും റാലികള്‍ ജനങ്ങളില്‍ ആവേശമുണ്ടാക്കി.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേലിനെയും ഫഗന്‍ സിങ് കുലസ്തെയെയും സ്ഥാനാര്‍ത്ഥികളായി ഇറക്കിയാണ് കോണ്‍ഗ്രസ് സ്വപ്‌നം പൊളിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയത്.
ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയും (ജിജിപി) ബഹുജന്‍ സമാജ് പാര്‍ട്ടിയും ചില മണ്ഡലങ്ങളില്‍ ശക്തമാണ്. 2003 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിജിപിക്ക് ഈ മേഖലയില്‍ സീറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും പാര്‍ട്ടി പിളര്‍ന്നതോടെ ദുര്‍ബലമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: