ന്യൂദല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച് വിമതര്‍. 20 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിമതരുടെ വെല്ലുവിളി നേരിടുന്നത്. സിറ്റിങ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസിനെതിരെ മത്സരരംഗത്തുള്ളത്. 13 മന്ത്രിമാരെ അവര്‍ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള പോരും വിമതസ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച 11ല്‍ 10പേരും വിജയിച്ചതാണ് ചരിത്രം. വിമതരെ പിന്തിരിപ്പിക്കാന് നീക്കം നടത്തിയെങ്കിലും ഫലിച്ചില്ല.
ഇതിനായി കേന്ദ്രനേതാക്കളെത്തന്നെ കോണ്‍ഗ്രസ് ഇറക്കിയെങ്കിലും അവര്‍ വഴങ്ങിയില്ല. ജയിച്ചാലും വിമതര്‍ പാര്‍ട്ടിയെ പിന്തുണക്കുമെന്ന ധാരണയില്‍ ഒരു വിഭാഗം നേതാക്കളും അവരെ പിന്തുണയ്ക്കുന്നതും തലവേദനയാണ്.
ബാര്‍മറിലെ ഷിയോ, രാജ്ഗഡ്-ലക്ഷ്മണ്‍ഗഡ്, ബസേരി, ഷാപുര, ശിവാന, ലുങ്കന്സാര്, ചൗരാസി, സദുല്ഷഹര്, മനോഹര്‍ താന, ഖിംസര്‍ എന്നീ മണ്ഡലങ്ങളില്‍ വിമതര്‍ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ഷിയോയില്‍ സിറ്റിങ് എംഎല്‍എ അമീന് ഖാനെ കോണ്‍ഗ്രസ് വീണ്ടും മത്സരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് ഫത്തേഹ്ഖാന്‍ തന്നെ സ്വതന്ത്രനായി മത്സരിക്കുന്നു. ബിജെപിക്ക് വോട്ട് ചെയ്താലും സ്വതന്ത്രന് ചെയ്യരുതെന്നാണ് അമീന് ഖാന്റെ പ്രചാരണം.
രാജ്ഗഡ്-ലക്ഷ്മണ്ഡില് നിലവിലെ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരിലാല്‍ മീണ കോണ്‍ഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്നു. സിറ്റിങ് എംഎല്‍എക്ക് പകരം മംഗേ ലാല്‍ മീണയെയാണ് പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എ ഖിലാഡി ലാല്‍ ബൈര്‍വ ബസേരി മണ്ഡലത്തില്‍ സ്വതന്ത്രനായി ജനവിധി തേടുന്നു.
കമല ബേനിവാളിന്റെ മകന് അലോക് ബേനിവാള്‍ ജയ്പൂര്‍ ജില്ലയിലെ ഷാപുര മണ്ഡലത്തില്‍ വിമതനായി മത്സരിക്കുന്നു. കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ച അലോക് ബേനിവാള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.
ബാര്‍മറിലെ ശിവാന മണ്ഡലത്തില്‍ മാനവേന്ദ്ര സിങിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ അടുപ്പക്കാരനായ സുനില്‍ പരിഹാര്‍ വിമതനായി രംഗത്തെത്തി. ലുങ്കറന്സറില് ഡോ. രാജേന്ദ്ര മൂണ്ടിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുന്മന്ത്രികൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരേന്ദ്ര ബേനിവാളാണ് വിമതനായി രംഗത്തെത്തിയത്.
ചൗരാസിയില്‍ നിന്നുള്ള മഹേന്ദ്ര ബര്ജോദ്, സദുല്ഷഹറില് നിന്നുള്ള ഓം ബിഷ്ണോയ്, മനോഹര്‍ താനയില്‍ നിന്നുള്ള കൈലാഷ് മീണ, ഖിംസറില്‍ നിന്നുള്ള ദുര്‍ഗ് സിങ് എന്നിവരും മത്സരരംഗത്തുള്ള മറ്റ് വിമത കോണ്‍ഗ്രസ് നേതാക്കളാണ്.
മുന്‍ മന്ത്രി രാം ഗോപാല്‍ ബൈര്‍വ, മുന്‍ എംഎല്‍എ അശോക തന്‍വര്‍, അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദധിച്ച് എന്നിവരുള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് തിരിച്ചടിയാകുമെന്നുറപ്പിച്ചിരിക്കെയാണ് വിമതരുടെ വെല്ലുവിളിയും കോണ്‍ഗ്രസിന് തലവേദനയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: