കോഴിക്കോട് : യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരെന്ന് തിരിച്ചറിയാനാകാതെ കുറ്റിപ്പുറം മണ്ഡലം. മുഹമ്മദ് റാഷിദ് എന്നയാളാണ് കഴിഞ്ഞ ദിവസം ഈ മണ്ഡലത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ 40 വോട്ടുകള്‍ക്ക് ഇയാള്‍ ജയിച്ചെങ്കിലും വോട്ട് ചെയ്തവര്‍ക്കുപോലും ഇയാള്‍ ആരെന്ന് അറിയില്ല. അജ്ഞാതനായ വ്യക്തിക്കായി തെരച്ചിലിലാണ് അണികള്‍.
കോണ്‍ഗ്രസ് നേതാക്കളായ അധ്യക്ഷന്‍ വി.എസ്. ജോയ്, കെ.പി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കെ.സി. വേണുഗോപാല്‍ പക്ഷത്തെ സ്ഥാനാര്‍ഥിയായിരുന്നു റാഷിദ്. 274 വോട്ടുകളാണ് റാഷിദിന് ലഭിച്ചത്. രണ്ടാമതുള്ള പി. മുസ്തഫയെക്കാള്‍ 40 വോട്ട് കൂടുതല്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ഇത്തരത്തില്‍ ഒരാളുണ്ടോ എന്ന് വോട്ടുചെയ്തവര്‍ക്കറിയില്ല.
അതേസമയം അജ്ഞാതന്‍ വിജയിച്ചത് അട്ടിമറിയാണെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. റാഷിദ് എന്ന വ്യക്തി വ്യാജനാണെന്നും ഇയാളെ മത്സരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ മുസ്തഫ ആവശ്യപ്പെട്ടു. 35 വയസ്സില്‍ താഴെയുള്ള, യൂത്ത് കോണ്‍ഗ്രസ് അംഗത്വമുള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടുചെയ്യാനും അനുമതിയുണ്ടാവുക. തെരഞ്ഞെടുപ്പ് രേഖകളിലെല്ലാം റാഷിദ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് കാണിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക