ന്യൂദൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ. വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്‌ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം ദൽഹി ഹൈക്കോടതിയെ അറിയിച്ചു. നിമിഷപ്രിയയെ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹർജി പരിഗണിച്ച ദൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം വധശിക്ഷ ശരിവച്ച കാര്യം അറിയിച്ചത്.
നവംബർ 13ന് യെമനിലെ സുപ്രീംകോടതിയിൽ വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ തള്ളിയെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ അപ്പീലുമായി കോടതിയെ സമീപിച്ചത്. വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്.
സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്‌ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. സനയിലെ ജയിലില്‍ കഴിയുകയാണ് പാലക്കാട് സ്വദേശിനി നിമിഷ പ്രിയ. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്.
യെമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിയ പീഡനത്തിന് ഇരയാക്കിയ ഇയാളിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയിൽ വാദിച്ചത്. ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേമകുമാരിയുടെ വാദം.
സുപ്രീംകോടതി അപ്പീൽ തള്ളിയ സാഹചര്യത്തത്തിൽ അടിയന്തരമായി യെമൻ സന്ദർശിക്കാൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന് പ്രേമ കുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് യെമൻ സന്ദർശിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഒരാഴ്ചയ്‌ക്കുള്ളിൽ തീരുമാനമെടുക്കാൻ ദൽഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
സ്വന്തം ഉത്തരവാദിത്വത്തിൽ നിമിഷപ്രിയയുടെ അമ്മ യെമനിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം വാക്കാൽ ദൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരൊക്കെ യെമനിലേക്ക് കൂടെ പോകണം എന്നതിന്റെ വിശാദംശം പ്രേമകുമാരി രണ്ട് ദിവസത്തിനകം കേന്ദ്രത്തിനെ അറിയിക്കാനും ദൽഹി ഹൈക്കോടതി നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക