കൊച്ചി: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപയാണ് തട്ടിയെടുത്തത്. വിവാദമായെന്നറിഞ്ഞപ്പോൾ 70000 രൂപ തിരികെ നൽകിയെന്നും കുടുംബം പറയുന്നു.
ബാക്കി തുക ഡിസംബർ 20 നകം നൽകാമെന്ന് ആരോപണവിധേയൻ വെള്ളപേപ്പറിൽ എഴുതി നൽകിയതായും ആരോപണം ഉയരുന്നുണ്ട്. കുട്ടിയെ കാണാതായപ്പോൾ മുതൽ കുടുംബത്തിനൊപ്പം സഹായമായി നിന്ന വ്യക്തിയാണ് ആരോപണവിധേയൻ. വാടക വീട് അഡ്വാൻസിൽ തിരിമറി നടത്തിയത് കുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞയുടൻ പഞ്ചായത്ത് പ്രസിഡന്‍റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു.
വാടക വീട് എടുത്തു നൽകിയ അൻവർ സാദത്ത് എംഎൽഎയെയും ആരോപണവിധേയൻ പറ്റിച്ചിട്ടുണ്ട്. താൻ നൽകിയ പണം കുടുംബത്തിന് നൽകിയിട്ടില്ലെന്നും ഇയാൾ പാർട്ടി പ്രവർത്തകനല്ലെന്നും എംഎൽഎ പ്രതികരിച്ചു. ഇതിനെതിരെ പരാതി നൽകാൻ കുടുംബത്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: