ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന മഹാപൊങ്കാല പരിപാടിയില്‍ പൊങ്കാല ഇടാന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ ഗീതാ രാമസ്വാമിയും എത്തും.
നവംബര്‍ 23 ന് രാവിലെ മീനാക്ഷി ക്ഷേത്ര പരിസരത്ത് നടക്കുന്ന പൊങ്കാലയില്‍ ആചാരനുസരണം പൊങ്കാല നിവേദിക്കാന്‍ 300 ഓളം അമ്മമാരാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന്. ഡോ ഗീതാ രാമസ്വാമിയും തിരുവിതാംകൂര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായ് തമ്പുരാട്ടിയും ചേര്‍ന്ന് നിലവിളക്ക് തെളിയിക്കും.
ആറ്റുകാല്‍ ക്ഷേത്രം തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് നേരിട്ട് കാര്‍മ്മികത്വം വഹിക്കുന്നതാണ് പ്രത്യേകത. തന്ത്രി പണ്ടാര അടുപ്പില്‍ തീ തെളിയിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് പണ്ടാര അടുപ്പില്‍നിന്ന് അഹ്നി പൂജാരിമാര്‍ അമ്മമാരുടെ അടുപ്പിലേയ്ക്ക് പകരും. മനസ്സില്‍ ഭക്തിയും നാവില്‍ നാമജപങ്ങളുമായി അമ്മമാര്‍ കലങ്ങളില്‍ പായിസം നിവേദിക്കും.
പഞ്ചഭൂതാത്മകമാണ് മനുഷ്യശരീരം. അതില്‍ ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ കാമം, ക്രോധം, ലോഭം, മതം, മത്സരം, മോഹം തുടങ്ങിയ വികാരങ്ങള്‍ ഈശ്വരചൈതന്യത്തെ മറച്ചുപിടിക്കുന്നു. കലം മനുഷ്യശരീരമാണ്. അതില്‍ അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു.
ഇതിലൂടെ ദുഷ്ടവികാരങ്ങള്‍ ആവിയായി മറഞ്ഞുപോയി ആന്തരിക ചൈതന്യം തെളിയുന്നു. ഇതാണ് പൊങ്കാല അര്‍പ്പിക്കുന്നിന്റെ പൊരുള്‍. പൊങ്കാല നിവേദ്യത്തിനുശേഷം സഹസ്രനാമ അര്‍ച്ചനയുടെ സമര്‍പ്പണവും നടക്കും. രണ്ടു വര്‍ഷമായി നടന്നു നവരുന്ന സഹസ്രനാമ അര്‍ച്ചന പരിപാടിയിയില്‍ ഒരു കോടി അര്‍ച്ചന പൂര്‍ത്തിയാക്കിയ അമ്മമാരാണ് പങ്കെടുക്കുക. തുടര്‍ന്ന് കുട്ടികളെ ഇവര്‍ എഴുത്തിനിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: