തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് മിഷന്റെ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിൽ. ഭവനരഹിതർക്ക് വീട് നൽകേണ്ട തുക വകമാറ്റി ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി സർക്കാർ വിനിയോഗിക്കുകയാണ്. ഇത് സംബന്ധിച്ച് ലൈഫ് മിഷൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടി സാധൂകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ , ജില്ലാ മിഷന്റെ ചിലവുകൾ എന്നിവയ്‌ക്ക് പണം തികയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിലെ ഭവന നിർമ്മാണത്തിനായി അനുവദിച്ച തുകയിൽ നിന്നും 3, 676,753 രൂപ വകമാറ്റി ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി വിനിയോഗിച്ചത്. ട്രഷറി നിയന്ത്രണം മൂലം ഭരണചിലവുകൾക്ക് തുക ലഭിക്കാത്തതിനാൽ പണം വകമാറ്റിയെന്ന് ലൈഫ് മിഷൻ എക്‌സിക്യൂട്ടീവ് ഓഫീസർ സർക്കാരിനെ അറിയിച്ചിരുന്നു. ഈ നടപടി സാധൂകരിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്.
ഭവനരഹിതർക്ക് സുരക്ഷിതമായ വീട് ഉറപ്പ് നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജനും ലൈഫ് മിഷനും സംയുക്തമായാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ഭവനരഹിതർക്ക് നൽകുന്നതിനായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് കൂടി ഉൾപ്പെടുന്ന തുകയാണ് സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് മിഷൻ വകമാറ്റി ചിലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: