പോരട്ട വീര്യമുണര്‍ത്തിയ ദേശ സ്‌നേഹികളാല്‍ സമ്പന്നമാണ് ഭാരതം. ബ്രിട്ടീഷ് ഭരണത്തിന്റെ പരിന്നിത ഫലമായി ചരിത്രം വിസ്മരിക്കപെട്ടു. ധീരന്മാരായ ആദിവാസി സമൂഹത്തെ മറന്നു തുടങ്ങിയ മുതുതലമുറയ്ക്ക് വെളിച്ചമായാണ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ആശയവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയത്. 25 വര്‍ഷത്തെ ഹൃസ്വ ജീവിതം കൊണ്ട് ബിര്‍സ മുണ്ട വീശാലമായ ആശയമാണ് ഭാരത സമൂഹത്തിനു നല്‍കിയത്.
1900 ജൂണ്‍ 9ന് ബിര്‍സമുണ്ട തന്റെ ഇരുപത്തിയഞ്ചാം വയസില്‍ റാഞ്ചി ജയിലില്‍വച്ച് മരിക്കുമ്പോള്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കേണ്ടി വന്ന ഒരു വനവാസി യോദ്ധാവിനെ ആയിരുന്നു. ഛത്രപതി ശിവാജി മഹാരാജാവ് എങ്ങനെയാണോ മുഗളന്മാരേ ചെറുത്തത് അത്രതന്നെ ശക്തമായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ബിര്‍സ മുണ്ടയുടെ പോരട്ടവും.
1894 ഒക്ടോബര്‍ 19 ന് നിലവില്‍ വന്ന ആദ്യത്തെ നാഷണല്‍ ഫോറസ്റ്റ് പോളിസി വനസമ്പത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധീനതയിലാക്കുകയായിരുന്നു. വനവാസികളുടെ ജീവിതം ദുസ്സഹമാക്കിയ, ഈ നിയമത്തിനെതിരെ ബിര്‍സ മുണ്ട ആഞ്ഞടിച്ചു. വനവാസികളുടെ സമ്പന്ന പൈതൃകം സംരക്ഷിക്കാനും പ്രകൃതിയെയും ഗോക്കളെയും പൂജിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ലാഛിത് ബര്‍ഫൂക്കന്റെയും, ശിവാജി മഹാരാജിന്റെയും, ഝാന്‍സി റാണിയുടെയും കഥകള്‍ക്കൊപ്പം ചേര്‍ത്തുവയ്‌ക്കാന്‍ സാധിക്കുന്ന 19ാം നൂറ്റാണ്ടിലെ വീര പുരുഷനായിരുന്നു ബിര്‍സ മുണ്ട. ഇന്നത്തെ ജാര്‍ഖണ്ഡിലെ ഉളിഹത്തു ഗ്രാമത്തില്‍, മുണ്ട ഗോത്ര കുടുംബത്തില്‍ 1875 നവംബര്‍ 15 ന് ബിര്‍സ ജനിച്ചു.
ബാല്യം കൊടിയ ദാരിദ്ര്യത്തിലാണ് തള്ളി നീക്കിയത്. പ്രകൃതി വിഭവങ്ങളെ ഉപജീവിച്ച് കാടിനുള്ളില്‍ കഴിഞ്ഞിരുന്ന ഗോത്ര സമൂഹങ്ങളുടെ സമാധാനപരമായ ജീവിതത്തിന് ഭംഗം വരുത്തിക്കൊണ്ട് മധ്യ പൂര്‍വ ഇന്ത്യയിലെ ഉള്‍വനങ്ങളിലേയ്‌ക്ക് ചൂഷകരായ ബ്രിട്ടീഷ് ഭരണാധികാരികള്‍ നുഴഞ്ഞു കയറി തുടങ്ങിയ സംഘര്‍ഷഭരിതമായ കാലമായിരുന്നു അത്.
ഗോത്ര സമൂഹത്തില്‍ അതു വരെ നിലനിന്നിരുന്ന ഖുന്ത്കട്ടി കാര്‍ഷിക സമ്പ്രദായം തകര്‍ത്തുകൊണ്ട് ഛോട്ടാ നാഗ്പൂര്‍ പ്രവിശ്യയില്‍ ബ്രിട്ടീഷുകാര്‍ സെമിന്‍ദാരി ജന്മിത്ത ഭരണം ആരംഭിച്ചു. ഗോത്രസമൂഹങ്ങളെ ചൂഷണം ചെയ്യുന്നതിനായി ബ്രിട്ടീഷുകാര്‍ പുറമെ നിന്ന് വട്ടിപ്പലിശക്കാരെയും കരാറുകാരെയും ജന്മിമാരെയും കൊണ്ടുവന്നു.
ബ്രിട്ടീഷ് ഭരണാധികാരികളുടെ പിന്തുണയോടെ നിര്‍ദ്ദയമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയും കാട്ടില്‍ താമസിച്ചിരുന്ന ആദിവാസികളുടെ മത സാംസ്‌കാരിക ആചാരങ്ങളെ അതു തടസപ്പെടുത്തുകയും വ്രണപ്പെടുത്തുകയും ചെയ്തു.
വളരെ ചെറുപ്പത്തിലേ സാഹസികതയും ധാര്‍മികപ്രവര്‍ത്തനങ്ങളും ബിര്‍സയുടെ സ്വഭാവമായിരുന്നു. പഠിക്കാന്‍ ജര്‍മ്മന്‍മിഷന്‍ നടത്തിയിരുന്ന സ്‌കൂളില്‍ ചേര്‍ന്ന ബിര്‍സയും മതംമാറ്റപ്പെട്ടു. 1887ല്‍ ഹൈസ്‌കൂള്‍ പഠനത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ബിര്‍സ സര്‍ദാര്‍ എന്ന സമുദായത്തിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അനന്ദപാണ്ഡെ എന്ന ഒരു വൈഷ്ണവ പ്രചാരകനുമായിട്ടുള്ള സമ്പര്‍ക്കം,
അദ്ദേഹത്തെ വൈഷ്ണവഭക്തനാക്കി. പിന്നീട് അദ്ദേഹം ധര്‍മ്മപ്രചാരണത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. തന്റെ പൂര്‍വ്വികരുടെ മതവിശ്വാസങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു അത്. മതപരിവര്‍ത്തന ശ്രമങ്ങളെ പ്രതിരോധിക്കാനും മതംമാറിപ്പോയവരെ തിരിച്ചെത്തിക്കാനും ബിര്‍സ പദ്ധതികള്‍ നടപ്പാക്കി.
മതകേന്ദ്രങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ അതേരീതിയില്‍ പ്രതിരോധിക്കുകയായിരുന്നു ഉണര്‍ന്നെഴുന്നേറ്റ വനവാസി നേതൃത്വം. വനവാസി വിഭാഗം മാത്രമല്ല തദ്ദേശീയ ജനത മുഴുവന്‍ ബിര്‍സയില്‍ രക്ഷകനെ കണ്ടെത്തി. അതോടെ അദ്ദേഹം ബിര്‍സ ഭഗവാന്‍ എന്നറിയപ്പെട്ടു. ശരണപഥികര്‍ എന്നും ബിര്‍സായത്തുകാര്‍ എന്നുമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയപ്പെട്ടത്.
വൈദേശികരാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത് നിരവധി ബിര്‍സ മുണ്ട പോരാട്ടങ്ങളാണ് ഇന്നത്തെ ഝാര്‍ഖഡ് സാക്ഷ്യം വഹിച്ചത്. 1899 ല്‍ തന്റെ അനുയായികളെയും ജനങ്ങളെയും ഡോബാരിക്കുന്നില്‍ വിളിച്ച് ചേര്‍ത്ത് ബ്രീട്ടീഷ് ഭരണം അവസാനിച്ചതായും സ്വയംഭരണം നിലവില്‍ വന്നതായും ബിര്‍സ പ്രഖ്യാപിച്ചു. റാഞ്ചിയിലും ബുന്‍ടിയിലും നിരവധി മിന്നലാക്രമണം നടന്നു.
1899 ല്‍ ഡോബാരിക്കുന്ന് ബ്രിട്ടീഷ് സൈന്യം വളഞ്ഞു. അക്രമണത്തില്‍ നിരവധി സമരനായകന്മാരും പോലീസുകാരും മരണപ്പെട്ടു. ഡോബാരിക്കുന്ന് ഇന്ന് ‘മരണത്തിന്റെ മല’ എന്ന് അറിയപ്പെടുന്നു.
1900 ല്‍ ഫെബ്രുവരി മൂന്നിന് ബിര്‍സ ഭഗവാന്‍ പിടിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടം അദേഹത്തെ ഭയന്നിരുന്നതിനാല്‍ ജൂണ്‍ മാസം ഒമ്പതിന് ജയിലില്‍ വച്ച് ബിര്‍സ മുണ്ടയെ വിഷം കൊടുത്തു കൊന്നു. കോളറ മൂലമാണ് മരണമെന്ന് പറഞ്ഞ് ശവശരീരം പോലും വിട്ടുകൊടുക്കാതിരിക്കാന്‍ അജ്ഞാത സ്ഥലത്ത് ശരീരം ദഹിപ്പിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്ത്വത്തില്‍ ഇന്ന് ഭാരതത്തില്‍ ഗോത്ര സമൂഹത്തിലെ വ്യക്തികള്‍ക്കും ചരിത്രപുരുഷന്മാര്‍ക്കും പരിഗണന ലഭിക്കുന്നു. ജനജാതീയ ഗൗരവ് ദിവസ് അതിനു ഉദാഹരണമാണ്. ഭഗവാന്‍ ബിര്‍സ മുണ്ടയെ പോലെ നിരവധി മഹാത്മാക്കള്‍ ജീവന്‍ ബലിദാന ചെയ്ത ഭൂമിയാണ് ഭാരതം. ചരിത്രവും സംസ്‌കാരവും ഇനിയും പഠിക്കുകയും അറിയുകയും ചെയ്യേണ്ടാതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: