കാര്‍ഷിക സര്‍വകലാശാലയില്‍ ലേബര്‍ കമ്മീഷണറെ വരെ നോക്കുകുത്തിയാക്കി അരാജകവാദ സിദ്ധാന്തത്തില്‍ ആറാടുകയാണ് അധികൃതര്‍. കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്സ് സംഘിന്റെ പുന:സംഘടനകള്‍ക്ക് ശേഷവും അതിന്റെ കാര്യകര്‍ത്താക്കളെ സര്‍വ്വകലാശാലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും പങ്കെടുപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പലതവണ അധികൃതര്‍ക്ക് കത്തുകള്‍ നല്‍കിയിട്ടും അവഗണിക്കുകയാണ്.
ആയവയെല്ലാം അവഗണിച്ച് ഇന്ത്യന്‍ ട്രേഡ് യൂണിയന് ആക്ട് XVI 1926 പ്രകാരം രജിസ്റ്റര്‍ ചെയ്ത് ലേബര്‍ കമ്മീഷണറുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വര്‍ക്കേഴ്സ് സംഘിന്റെ കാര്യകര്‍ത്താക്കളെ ഔദ്യോഗിക ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും സംഘിന് അംഗീകാരമില്ലെന്ന പൊള്ളവാദം ഉയര്‍ത്തി പങ്കെടുപ്പിക്കാതെ കടുത്ത അവഗണന തുടരുകയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ആവശ്യമായ അംഗങ്ങളുടെ പിന്തുണ 60 ആണെന്ന് GA/J3/4170/97 Dt 30/09/1997 പ്രകാരമുള്ള ഉത്തരവില്‍ പറയുന്നു.
14/09/2023 ല്‍ തൊഴിലാളി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി സംഘടനക്ക് അംഗീകാരം ലഭിക്കാന്‍ ആവശ്യമായ അറുപതിലധികം വോട്ടുകള്‍ നേടിയിരുന്നു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ ലേഖകന്‍ ലേബര്‍ കമ്മീഷണര്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് ഉള്‍പ്പെടെ നല്കിയ വിവരാവകാശ അപേക്ഷകള്ക്കുളള മറുപടിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളി വിഭാഗവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന് ആക്ട് പ്രകാരം സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അങ്ങനെ പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഫാം വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു), ലേബര്‍ അസോസിയേഷന് (എഐടിയുസി), വര്‍ക്കേഴ്സ് ഫെഡറേഷന് (ഐഎന്‍ടിയുസി) ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ക്ക് സര്‍വ്വകലാശാല ഹിതപരിശോധന നടത്തിയോ അല്ലാതെയോ അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലെന്നും പ്രസ്തുത സംഘടനകള്‍ക്കൊന്നും സര്‍വ്വകലാശാല അംഗീകാരമോ പ്രവര്‍ത്തനാനുമതിയോ നല്‍കിയിട്ടില്ലെന്നുകൂടി വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും പ്രസ്തുത സംഘടനകളെ ചര്‍ച്ചകള്‍ക്ക് വിളിക്കാറുണ്ടെന്നും മറുപടി നല്കിയിരിക്കുന്നു. അത് അപ്പീല്‍ അധികാരിയും സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ട്രേഡ് യൂണിയന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും അവസാന റിട്ടേണ്‍ വരെ ഫയല്‍ ചെയ്ത് ലൈവ് ആയി പ്രവര്‍ത്തിക്കുകയും അംഗീകാരത്തിന് ആവശ്യമായ സംഖ്യ ജനാധിപത്യ രീതിയിലൂടെ നടന്ന തെരഞ്ഞെടുപ്പിലൂടെ സ്വായത്തമാക്കുകയും ചെയ്ത കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്സ് സംഘിനെ മാത്രം പലതവണ കത്ത് നല്‍കിയിട്ടും മറുപടി പോലും നല്‍കാതെ ദീര്‍ഘനാളായി അവഗണിക്കുകയും അവഹേളിക്കുകയുമാണ്. ഇവിടെ ഭരണത്തിന്റെ അധികാരത്തണലില്‍ തങ്ങള്‍ മാത്രം മതിയെന്നും ഭാരതത്തിന്റെ ഭരണഘടന അടിസ്ഥാനമാക്കിയുളള ജനാധിപത്യ സംവിധാനത്തിന്റെ യാതൊരാവശ്യവുമില്ലെന്നുള്ള അരാജകവാദ സിദ്ധാന്തം തലയ്ക്ക് പിടിച്ച് ആറാടുകയാണ് സര്‍വ്വകലാശാല അധികൃതര്‍.
ലേബര്‍ ആക്ട് പ്രകാരം കൃത്യമായി റിട്ടേണ്‍ സമര്‍പ്പിക്കാത്ത സംഘടനകള്‍ ലൈവായി കണക്കാക്കാന്‍ കഴിയില്ലെന്നിരിക്കെ ഭരണത്തിന്റെ മുഷ്ക്ക് ഉപയോഗപ്പെടുത്തി സംസ്ഥാന ലേബര്‍ കമ്മീഷനെ വരെ നോക്കുകുത്തിയാക്കി 2019 വരെ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാല ലേബര്‍ അസോസിയേഷനെ (എഐടിയുസി) ഇപ്പോഴും ഔദ്യോഗിക ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും പങ്കെടുപ്പിക്കുന്നുമുണ്ട് എന്നത് ഈ അരാജകവാദ സിദ്ധാന്തം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ്. ഇതിന് നേതൃത്വം നല്‍കുന്നത് സംസ്ഥാനത്തെ ഭരണത്തിനനുസരിച്ച് നിറം മാറുകയും വിചിത്രമായ ഉത്തരവുകളിലൂടെയും മറ്റുകാര്യങ്ങളിലൂടെയും നിറഞ്ഞുനില്ക്കുകയും നിറം മാറി സീനിയോറിറ്റി മറികടന്ന് നിയമനം നേടിയെന്ന് ആക്ഷേപം നേരിടുകയും ചെയ്യുന്ന സര്‍വ്വകലാശാലയിലെ ലേബര്‍ ഓഫീസര്‍ ആണ്. യാതൊരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ല. ഇദ്ദേഹവും സര്‍വ്വകലാശാല അധികൃതരും ചേര്‍ന്ന് വര്‍ക്കേഴ്സ് സംഘിനോട് കാട്ടുന്ന വിവേചനം ഭാരതത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നതിനും അവഹേളിക്കുന്നതിനും അതിലൂടെ സര്‍വ്വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണ്.
ഈ പ്രവര്‍ത്തിയെ ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന തൊഴിലാളി പ്രസ്ഥാനമായ വര്‍ക്കേഴ്സ് സംഘ് ശക്തമായി അപലപിക്കുകയാണ്. ഈ വിവേചനം ഉടന്‍ അവസാനിപ്പിക്കുകയും തൊഴിലാളി വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പങ്കെടുപ്പിച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്സ് സംഘിന് തുല്യനീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണം. അല്ലാത്തപക്ഷം വര്‍ക്കേഴ്സ് സംഘിനെ ഒഴിവാക്കിയെടുക്കുന്ന വിഷയങ്ങളില്‍ ഇനി മുതല്‍ സഹകരിക്കില്ല.
വര്‍ക്കേഴ്സ് സംഘിനെ ഒഴിവാക്കി നടത്തുന്ന ഏകപക്ഷീയ പ്രവര്‍ത്തനങ്ങളെ ഉപരോധിക്കുന്നതുള്പ്പടെയുളള അതിശക്തമായ നടപടികളുമായി പ്രക്ഷോഭരംഗത്തേക്ക് കടക്കാന്‍ നിര്‍ബന്ധിതമായിത്തീരും. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. സര്‍വ്വകലാശാലയുടെ ശോഭ കെടുത്തുന്ന ഈ നടപടി വകുപ്പ് മന്ത്രിയുടെ ഒത്താശയോടെയാണോ അരങ്ങേറുന്നതെന്ന് വ്യക്തമാക്കണം. ഈ അരാജകവാദ സിദ്ധാന്തത്തെ അനുകൂലിക്കുന്നുണ്ടോയെന്നും വ്യക്തമാക്കണം. ഈ അരാജകവാദ സിദ്ധാന്തത്തെ ചെറുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും എല്ലാ വിധ പിന്തുണയും വര്‍ക്കേഴ്സ് സംഘിന് നല്‍കുമെന്നും അതിനായ് ഒപ്പം ചേര്‍ന്നു പോരാടുമെന്നും അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡണ്ട് അജി വി. എന്‍. വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: